ഗാബയില്‍ ഇംഗ്ലീഷ് മുന്‍നിരയെ ചാരമാക്കി ജോഷ് ഹേസല്‍വുഡിന്‍റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും പാറ്റ് കമ്മിന്‍സിന്‍റേയും പേസ് മാജിക്

ബ്രിസ്‌ബേന്‍: ഗാബയില്‍ ബന്ധവൈരികളുടെ ആദ്യ ആഷസ് ആവേശപ്പൂരത്തില്‍ (Australia vs England 1st Test) ഇംഗ്ലണ്ടിനെ തുടക്കത്തിലെ സമ്മര്‍ദത്തിലാക്കി ഓസ്‌ട്രേലിയ. ജോഷ് ഹേസല്‍വുഡ് (Josh Hazlewood), മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc), പാറ്റ് കമ്മിന്‍സ് (Pat Cummins) പേസ് ത്രയത്തിന്‍റെ മിന്നലാക്രമണത്തില്‍ ഇംഗ്ലണ്ടിന് 29 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്‌ടമായി. ഹേസല്‍വുഡ് രണ്ടും സ്റ്റാര്‍ക്കും കമ്മിന്‍സും ഒന്നും വീതവും വിക്കറ്റ് കീശയിലാക്കി. 

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ 26 ഓവറില്‍ 59-4 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓപ്പണര്‍ ഹസീബ് ഹമീദും(24), മധ്യനിര താരം ഓലി പോപ്പുമാണ്(14) ക്രീസില്‍. 

തല തകര്‍ന്ന് സന്ദര്‍ശകര്‍

സ്റ്റാര്‍ക്കിന്‍റെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ സ്വപ്‌ന തുടക്കം ഓസീസ് ഗാബ ടെസ്റ്റില്‍ നേടി. ഓപ്പണര്‍ റോറി ബേണ്‍സ് ഗോള്‍ഡണ്‍ ഡക്കാവുകയായിരുന്നു. പിന്നീടങ്ങോട്ട് ഓസീസ് ബൗളിംഗ് ആക്രമണം ഹേസല്‍വുഡ് ഏറ്റെടുത്തു. വണ്‍ ഡൗണ്‍ താരം ഡേവിഡ് മാലനെ(6) വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെയും നായകന്‍ ജോ റൂട്ടിനെ(0) ഡേവിഡ് വാര്‍ണറുടേയും കൈകളില്‍ ഭദ്രമാക്കി ഹേസല്‍വുഡ് ഇരട്ട പ്രഹരം നല്‍കി. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെയാവട്ടെ(5) നായകന്‍ പാറ്റ് കമ്മിന്‍സ്, മാര്‍നസ് ലബുഷെയ്‌ന്‍റെ കൈകളിലാക്കി. ഇതോടെ 29-4 എന്ന നിലയില്‍ തല തകര്‍ന്ന ഇംഗ്ലണ്ടിനെ കരകയറ്റാനുള്ള ശ്രമങ്ങളിലാണ് ഹസീബും പോപ്പും. 

ഗാബയില്‍ ടോസ് നേടിയ സന്ദര്‍ശകരായ ഇംഗ്ലണ്ട് ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കി. 

ഓസീസ്: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്. 

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മാലന്‍, ജോ റൂട്ട്(ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ജോസ് ബട്ട്‌ലര്‍(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്‌സ്, ഓലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്. 

BCCI : സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഹര്‍ഭജന്‍; പുതിയ ദൗത്യം അറിയാം