
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ നിലവിലെ ചാമ്പ്യന്‍മാരായ റയൽ മാഡ്രിഡിന് വിജയത്തുടർച്ച. ജർമൻ ക്ലബായ ആർബി ലെപ്സിഗിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയലിന്‍റെ ജയം. അവസാന പത്ത് മിനിട്ടിലാണ് റയലിന്‍റെ ഇരു ഗോളുകളും പിറന്നത്. റയലിനായി 80-ാം മിനിട്ടിൽ ഉറുഗ്വൻ താരം ഫെഡറിക്കോ വാൽവെര്‍ദെയും ഇഞ്ച്വറിടൈമിൽ മാർക്കോ അസെൻസിയോയുമാണ് ലെപ്സിഗിന്‍റെ വലകുലുക്കിയത്.
ലീഗിൽ പിഎസ്‌ജിക്കും തുടർച്ചയായ രണ്ടാം ജയം സ്വന്തമായി. മക്കാബി ഹൈഫയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്‌ജി തോൽപ്പിച്ചത്. ഇസ്രായേൽ ക്ലബായ മക്കാബി ഹൈഫയാണ് പിഎസ്ജിയെ ഞെട്ടിച്ച് കൊണ്ട് മത്സരത്തിന്‍റെ 24-ാം മിനിട്ടിൽ ആദ്യം വലകുലുക്കിയത്. 37-ാം മിനിട്ടിൽ ലിയോണല്‍ മെസിയിലൂടെ ഗോൾ മടക്കി പിഎസ്ജി സമനില കണ്ടെത്തി. പിന്നീട് കളത്തിൽ പിഎസ്ജിയുടെ ആധിപത്യമായിരുന്നു. മെസിക്ക് പുറമെ നെയ്മറും എംബാപ്പെയും പിഎസ്ജിക്കായി ഗോളുകൾ നേടി. റോണ്‍ചെറിയാണ് മക്കാബിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ജയം. ഡോർട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. 56-ാം മിനുറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ ഡോർട്ട്മുണ്ടാണ് ആദ്യ ഗോൾ നേടിയത്. ജോണ്‍ സ്റ്റോണ്‍സിലൂടെ 80-ാം മിനിട്ടിൽ സമനില ഗോൾ നേടിയ സിറ്റി 84-ാം മിനിട്ടിൽ ഡോർമുണ്ടിൽ നിന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് ടീമിലെത്തിയ എർലിങ് ഹാളണ്ടിലൂടെ വിജയ ഗോൾ നേടി.
അതേസമയം ചെൽസിക്ക് സമനിലയായി ഫലം. സാൽസ്ബർഗിനെതിരായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 48-ാം മിനിട്ടിൽ ചെൽസിക്കായി റഹീം സ്റ്റർലിങ് ഗോൾ നേടി. 75-ാം മിനിട്ടിൽ ഒക്കാഫോറാണ് സാൾസ്ബർഗിനായി സമനില ഗോൾ നേടിയത്.
മറ്റൊരു മത്സരത്തില്‍ യുവന്‍റസ് തോൽവി നേരിട്ടു. സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബെൻഫിക്കയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുവന്‍റസിന്‍റെ തോൽവി. മത്സരത്തിന്‍റെ നാലാം മിനിട്ടിൽ തന്നെ യുവന്‍റസ് മിലിക്കിലൂടെ ബെൻഫിക്കയുടെ വല കുലുക്കിയെങ്കിലും 43-ാം മിനിട്ടിൽ മാരിയോയിലൂടെ ബെൻഫിക്ക സമനില ഗോൾ നേടി. 55-ാം മിനിട്ടിൽ ഡേവിഡ് നെരസിലൂടെ ബെൻഫിക്ക് ജയം ഉറപ്പിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!