ചാമ്പ്യൻസ് ലീഗ്: ബാഴ്‌സയും യുവന്റസും ചെൽസിയും നോക്കൗട്ട് റൗണ്ടിൽ

By Web TeamFirst Published Nov 25, 2020, 8:29 AM IST
Highlights

ഇഞ്ചുറി ടൈമിൽ അന്റോയ്ൻ ഗ്രീസമാൻ ഗോൾപട്ടിക തികച്ചു. വിശ്രമം നൽകിയതിനാൽ ലിയോണല്‍ മെസിയും ഡി ജോംഗും കളിച്ചിരുന്നില്ല.
 

കീവ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയും യുവന്റസും ചെൽസിയും നോക്കൗട്ട് റൗണ്ടിൽ. യുവന്റസും ചെൽസിയും രക്ഷപ്പെട്ടത് ഇഞ്ചുറിടൈം ഗോളിലാണ്. നാല് ഗോൾ ജയവുമായി ബാഴ്സലോണ മുന്നേറിയപ്പോള്‍ നെയ്മറുടെ ഒറ്റഗോളിലാണ് പിഎസ്‌ജി വിജയിച്ചത്. 

ബാഴ്സലോണ യുക്രൈൻ ക്ലബ്ബായ ഡൈനാമോ കീവിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് നോക്കൗട്ട് റൗണ്ടിൽ കടന്നു. മാർട്ടിൻ ബ്രാത്ത്‌‌വെയ്റ്റിന്‍റെ ഇരട്ടഗോൾ മികവിലാണ് ബാഴ്സയുടെ ജയം. 57, 70 മിനിറ്റുകളിലായിരുന്നു ബ്രാത്ത്‍വെയ്റ്റിന്റെ ഗോളുകൾ. 52-ാം മിനിറ്റിൽ സെർജിനോ ഡെസ്റ്റാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. ഇഞ്ചുറി ടൈമിൽ അന്റോയ്ൻ ഗ്രീസമാൻ ഗോൾപട്ടിക തികച്ചു. വിശ്രമം നൽകിയതിനാൽ ലിയോണല്‍ മെസിയും ഡി ജോംഗും കളിച്ചിരുന്നില്ല.

ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ഹംഗറി ക്ലബ്ബായ ഫെറൻക്വാറോസിനെ തോൽപ്പിച്ച് യുവന്‍റസും നോക്കൗട്ട് യോഗ്യത ഉറപ്പാക്കി. ആദ്യം ഗോൾ വഴങ്ങിയ ശേഷമാണ് ഇറ്റാലിയൻ ക്ലബിന്റെ ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുവന്റസ് നോക്കൗട്ട് ഉറപ്പിച്ചത്. ഉസൂനിയിലൂടെ ഹങ്കേറിയൻ ക്ലബാണ് ആദ്യം ഗോൾ നേടിയത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനെ ഒപ്പമെത്തിച്ചു. 92-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയാണ് വിജയഗോൾ നേടിയത്. 

ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ റെന്നസിനെ തോൽപ്പിച്ച് ചെൽസിയും ഗ്രൂപ്പ് ഘട്ടം കടന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയം. ഒളിവിയർ ജിറൂഡ് ആണ് 91-ാം മിനുട്ടിൽ വിജയഗോൾ നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെൽസിയുടെ ജയം. കല്ലം ഹഡ്സനാണ് ആദ്യ ഗോൾ നേടിയത്. ചെൽസിക്കൊപ്പം ഗ്രൂപ്പിൽ നിന്ന് സെവിയ്യയും നോക്കൗട്ട് ഉറപ്പിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് തുർക്കിഷ് ക്ലബായ ഇസ്താംബുൾ ബസക്ഷയിറിനെ തോൽപ്പിച്ചു. ഒന്നിനെതിരെ നാലു ഗോളിനായിരുന്നു യുണൈറ്റഡിന്റെ ജയം. ബ്രൂണോ ഫെർണാണ്ടസ് 7, 19 മിനിറ്റുകളിൽ ഗോൾ നേടി. മാർക്കസ് റഷ്‌ഫോർഡ്, ഡാനിയേൽ ജയിംസ് എന്നിവരാണ് മറ്റ് സ്‌കോറർമാർ. ഗ്രൂപ്പിൽ 9 പോയിന്റ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കൗട്ട് യോഗ്യതയ്‌ക്ക് അരികെയെത്തി. 

മറ്റൊരു മത്സരത്തിൽ പിഎസ്ജി ലെയ്പ്സിഷിനെ തോൽപ്പിച്ചു. സൂപ്പർതാരം നെയ്മർ പെനാൽറ്റിയിലൂടെയാണ് കളിയിലെ ഏക ഗോൾ നേടിയത്. പരുക്കിൽ നിന്ന് മോചിനായ നെയ്മർ മൂന്നാഴ്‌ചയ്‌ക്ക് ശേഷമാണ് കളിക്കളത്തിൽ തിരിച്ചെത്തിയത്. പതിനൊന്നാം മിനിറ്റിലായിരുന്നു നെയ്മറുടെ ഗോൾ. കളിയിൽ 62% സമയവും പന്ത് കൈവശം വച്ചത് ലെയ്പ്സിഷ് ആണ്. 

ജെംഷഡ്‌പൂരിന് മേല്‍ വീശിയടിച്ച് ഇസ്‌മയും ഥാപ്പയും; ചെന്നൈയിന് ജയത്തുടക്കം

click me!