ടീം പൊളി; എന്നിട്ടും യൂറോ കപ്പില്‍ ബെല്‍ജിയത്തിന് തലവേദന

By Web TeamFirst Published Jun 12, 2021, 10:52 AM IST
Highlights

പ്രതിരോധത്തിലെ ദൗർബല്യങ്ങൾ മറികടക്കാൻ ശേഷിയുള്ള മധ്യനിരയാണ് ബെല്‍ജിയത്തിന്‍റെ കരുത്തുകളിലൊന്ന്. എന്നാല്‍ ഇത്തവണ യൂറോയുടെ തുടക്കത്തില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. 

സെന്റ് പീറ്റേഴ്‌സ്‌ബർഗ്: യൂറോ കപ്പില്‍ കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ബെൽജിയത്തിനെ വലയ്‌ക്കുന്നത് സൂപ്പർതാരങ്ങളുടെ പരിക്ക്. പ്രധാനതാരങ്ങളായ കെവിന്‍ ഡിബ്രൂയിനും ഏഡന്‍ ഹസാർഡും റഷ്യക്കെതിരെ കളിക്കില്ല.

ഗോളടിച്ചുകൂട്ടി മുന്നേറുന്ന ബെൽജിയത്തിന്റെ പ്രധാന സവിശേഷത സ്ഥിരതയാർന്ന പ്രകടനമാണ്. ഒന്നും രണ്ടുമൊന്നുമല്ല, എട്ടും ഒൻപതുമൊക്കെ ഗോളാണ് ബെൽജിയം എതിരാളികളുടെ വലയിൽ നിക്ഷേപിക്കുന്നത്. ഇതുകൊണ്ടാണ് ഫിഫ റാങ്കിംഗിൽ ബെൽജിയത്തിന്റെ ഒന്നാം റാങ്കിന് ഇളക്കംതട്ടാത്തതും. ഇത്തവണ യൂറോ കപ്പിനെത്തുമ്പോൾ ടീമിന്റെ എഞ്ചിനായ കെവിൻ ഡിബ്രൂയിനും എഡൻ ഹസാർഡും പരിക്കിന്റെ പിടിയിലാണ്. 

മധ്യനിരയിൽ കളി മെനയുന്ന ഡിബ്രൂയിന് ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയാണ് പരിക്കേറ്റത്. ശസ്‌ത്രക്രിയക്ക് വിധേയനായ ഡിബ്രൂയിൻ ടീമിനൊപ്പമുണ്ടെങ്കിലും എന്ന് കളത്തിലിറങ്ങുമെന്ന് വ്യക്തതയില്ല. സ്‌പാനിഷ് ക്ലബായ റയൽ മാഡ്രിഡിൽ എത്തിയത് മുതൽ പരിക്കുമായി മല്ലടിക്കുന്ന ഹസാര്‍ഡിന്റെ കാര്യവും സമാനമാണ്. തുടക്ക മത്സരങ്ങളിൽ ഇരുവരുടെയും അഭാവം എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചാവും ബെൽജിയത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുക. 

റഷ്യൻ ലോകകപ്പിൽ ബ്രസീലിന്റെ വഴിയടച്ചവരാണ് ബെൽജിയം. അന്നത്തെ ചുവന്ന ചെകുത്താൻമാരുടെ പ്രകടനം ഫുട്ബോൾ പ്രേമികൾ മറന്നിട്ടുണ്ടാവില്ല.

എതിരാളികളുടെ തന്ത്രങ്ങൾക്ക് ഒരു മുഴം നീട്ടിയെറിയുന്ന സ്‌പാനിഷ് കോച്ച് റോബർട്ടോ മാർട്ടിനസിൽ തുടങ്ങുന്നു ബെൽജിയത്തിന്റെ കരുത്ത്. ഗോൾപോസ്റ്റിന് മുന്നിൽ റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോത് കോർത്വ എന്നും എപ്പോഴും വിശ്വസ്തൻ. പ്രതിരോധത്തിലെ ദൗർബല്യങ്ങൾ മറികടക്കാൻ ശേഷിയുള്ള മധ്യനിര. മുന്നേറ്റത്തിൽ ഉന്നംപിഴയ്‌ക്കാത്ത റൊമേലു ലുക്കാക്കു. വെടിക്കോപ്പുകൾ ഏറെയുണ്ട് റോബ‍‍ർട്ടോ മാർട്ടിനസിന്റെ ആയുധപ്പുരയിൽ. ഇതുകൊണ്ടുതന്നെ ബെൽജിയത്തിന്റെ പോരാട്ടം വെംബ്ലി വരെ നീണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.

ലോക ഒന്നാം നമ്പർ ടീമെന്ന ബഹുമതിയുമായി യൂറോ കപ്പിനെത്തുന്ന ബെൽജിയം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഗ്രൂപ്പ് ബിയിൽ രാത്രി പന്ത്രണ്ടരക്ക് നടക്കുന്ന മത്സരത്തിൽ റഷ്യയാണ് എതിരാളികള്‍. സുവർണ തലമുറയാണെങ്കിലും കിരീടങ്ങളൊന്നും ബെല്‍ജിയത്തിന്‍റെ കയ്യിലൊതുങ്ങിയിട്ടില്ല. ലോക ഫുട്ബോളിലെ ഒന്നാം റാങ്കുകാരായി യൂറോ കപ്പിനെത്തുന്ന ബെൽജിയം നിരയ്‌ക്ക് ഇത് തിരുത്തേണ്ടതുണ്ട്. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോ കപ്പ്: ഒന്നാം റാങ്കിന്‍റെ വീറ് കാട്ടാന്‍ ബെല്‍ജിയം; എതിരാളികള്‍ റഷ്യ

ബെയ്‌ലിന്‍റെ വെയ്ൽസിന് കടുകട്ടി പോരാട്ടം; ഡെന്‍മാര്‍ക്കിന് ഫിന്‍ലന്‍ഡ് എതിരാളികള്‍

ഇമ്മൊബീലും ഇന്‍സിഗ്നെയും വല കുലുക്കി; ഇറ്റാലിയന്‍ മുന്നേറ്റത്തില്‍ തുര്‍ക്കി തകര്‍ന്നടിഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!