അവസാന കളിച്ച ആറ് മത്സരങ്ങളിലും സ്വിസ് നിര തോൽവിയറിഞ്ഞിട്ടില്ല. വെയ്ൽസിനോട് ഏഴ് തവണ നേർക്കുനേർ വന്നതിൽ അഞ്ച് തവണയും ജയിച്ചതിന്റെ ആത്മവിശ്വാസവും വേറെ. 

ബേകു: യൂറോ കപ്പിൽ ഇന്നത്തെ ആദ്യ മത്സരം ഗ്രൂപ്പ് എയിൽ വെയ്ൽസും സ്വിറ്റ്സർലൻഡും തമ്മില്‍. വൈകിട്ട് 6.30ന് മത്സരം തുടങ്ങും. രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ ഡെൻമാർക്ക് ഫിൻലൻഡിനെ നേരിടും. രാത്രി 9.30നാണ് കളി.

ബെയ്‌ല്‍ കാക്കുമോ വെയ്‌ല്‍സിനെ

ഗാരത് ബെയ്‌ലിന്‍റെ വെയ്ൽസ് 2016ൽ സെമി വരെ നീണ്ട പോരാട്ടവീര്യം വെറുതെയായിരുന്നില്ലെന്ന് തെളിയിക്കാൻ യൂറോ കപ്പിൽ ഇത്തവണത്തെ ആദ്യ മത്സരത്തിനിറങ്ങുന്നു. അസർബൈജാൻ തലസ്ഥാനമായ ബേകുവിൽ വെയ്ൽസിന്‍റെ എതിരാളികൾ ലോക പതിമൂന്നാം നമ്പർ ടീമായ സ്വിറ്റ്സർലൻഡാണ്. പങ്കെടുക്കുന്ന ടൂർണമെന്‍റുകളിലെല്ലാം മികവുകാട്ടി സാന്നിധ്യമറിയിക്കുന്ന സ്വിസ് നിരയുടെ വെല്ലുവിളി മറികടക്കുക ബെയ്‌ലിനും സംഘത്തിനും കടുകട്ടിയായേക്കും.

പ്രതിരോധത്തിൽ ഊന്നുന്ന റോബർട്ട് പേജിന്‍റെ തന്ത്രങ്ങളിലാണ് വെയ്ൽസിന്‍റെ പ്രതീക്ഷ. പന്ത് ഭൂരിഭാഗം സമയവും കാല്‍ക്കല്‍ വച്ച്, ബെയ്‌ലിനൊപ്പം ഡാനിയൽ ജെയിംസിനെയും മുന്നേറ്റത്തിലിറക്കി, അവസരം വരുമ്പോൾ ഗോൾ പോസ്റ്റിലേക്ക് കുതിക്കുന്നതാണ് ശൈലി. താരതമ്യേന ദുർബല പ്രതിരോധനിരയുളള സ്വിറ്റ്സർലൻഡിനോട് ഈ അടവ് തുണയ്‌ക്കുമെന്ന് വെയ്ൽസ് കരുതുന്നുണ്ട്. എന്നാൽ സാക്കയും ഷാഖിരിയും ഉൾപ്പെടെ ലോകവേദികളിൽ മികവ് കാട്ടിയ താരങ്ങളാണ് വ്ലാഡിമിർ പെറ്റ്കോവിക് പരിശീലിപ്പിക്കുന്ന സ്വിസ് സംഘത്തിന്‍റെ കരുത്ത്.

ചില്ലറക്കാരല്ല സ്വിസ് നിര 

അവസാന കളിച്ച ആറ് മത്സരങ്ങളിലും സ്വിസ് നിര തോൽവിയറിഞ്ഞിട്ടില്ല. വെയ്ൽസും സ്വിറ്റ്സർലൻഡും ഇതിന് മുൻപ് ഏഴ് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഒറ്റക്കളിയും ഇതുവരെ സമനിലയിൽ അവസാനിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സ്വിറ്റ്സർലൻഡ് അഞ്ച് കളിയിലും വെയ്ൽസ് രണ്ട് കളിയിലും ജയിച്ചു. എന്നാല്‍ ഇരുടീമും അവസാനം ഏറ്റുമുട്ടിയ 2011 ഒക്‌ടോബറിൽ വെയ്ൽസ് എതിരില്ലാത്ത രണ്ട് ഗോളിന് സ്വിറ്റ്സർലൻഡിനെ തോൽപിച്ചിരുന്നു.

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ നവാഗതരായ ഫിൻലൻഡിനെ നേരിടുമ്പോൾ കോപ്പൻഹേഗനിൽ കളിക്കുന്നതിന്റെ ആനുകൂല്യമുണ്ട് ഡെൻമാർക്കിന്. സ്വന്തം നാട്ടിൽ നേർക്കുനേർ വന്ന 21 കളികളിലും ഫിൻലൻഡിനോട് ഡെൻമാർക്ക് തോൽവിയറിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു ജയം പോലും സ്വന്തമായില്ലാത്ത ഫിൻലൻഡിനെതിരെ ജയവും വിലപ്പെട്ട മൂന്നു പോയിന്റും ഡെൻമാർക്കിന്‍റെ ലക്ഷ്യം.

ഡെന്‍മാര്‍ക്ക് ബഹുദൂരം മുന്നില്‍ 

ഡെൻമാർക്കും ഫിൻലൻഡും ഏറ്റുമുട്ടുന്ന അറുപതാമത്തെ മത്സരമാണിത്. കണക്കുകളിൽ ഡെൻമാർക്കിന് തന്നെയാണ് ആധിപത്യം. ഡെൻമാർ‍ക്ക് 38 കളിയിലും ഫിൻലൻഡ് 11 കളിയിലും ജയിച്ചു. പത്ത് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. പത്ത് വർഷം മുൻപാണ് ഇരുടീമും ഒടുവിൽ ഏറ്റുമുട്ടിയത്. ഡെൻമാർക്ക് 2011ലെ സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഫിൻലൻഡിനെ തോൽപിച്ചു.

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോ കപ്പ്: ഒന്നാം റാങ്കിന്‍റെ വീറ് കാട്ടാന്‍ ബെല്‍ജിയം; എതിരാളികള്‍ റഷ്യ

ഇമ്മൊബീലും ഇന്‍സിഗ്നെയും വല കുലുക്കി; ഇറ്റാലിയന്‍ മുന്നേറ്റത്തില്‍ തുര്‍ക്കി തകര്‍ന്നടിഞ്ഞു

യൂറോ കപ്പ്: ബെൽജിയത്തിന്റെ ആദ്യ മത്സരത്തിന് ഡിബ്രൂയിനില്ല

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona