യൂറോ കപ്പില്‍ ചാമ്പ്യന്‍മാര്‍ കളത്തിലേക്ക്; റെക്കോര്‍ഡുകളോടെ നയിക്കാന്‍ റൊണാള്‍ഡോ

By Web TeamFirst Published Jun 15, 2021, 11:19 AM IST
Highlights

പ്രതിഭാശക്തിയുള്ള ടീമിന്‍റെ നായകൻ കളത്തിലിറങ്ങുമ്പോൾ കാത്തിരിക്കുന്നത് ഒരുപിടി റെക്കോർഡുകള്‍ കൂടിയാണ്.

ബുഡാപെസ്റ്റ്: യൂറോയിലെ ഗ്ലാമർ കിരീടം നിലനി‌ർത്താനുള്ള മോഹങ്ങളുമായി പോർച്ചുഗൽ ഇന്നിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രം എന്നത്തേയും പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രതിഭാശക്തിയുള്ള ടീമിന്‍റെ നായകൻ കളത്തിലിറങ്ങുമ്പോൾ കാത്തിരിക്കുന്നത് ഒരുപിടി റെക്കോർഡുകള്‍ കൂടിയാണ്. രാത്രി 9.30ന് ഹങ്കറിക്ക് എതിരെയാണ് പോര്‍ച്ചുഗലിന്‍റെ മത്സരം 

മരണഗ്രൂപ്പിൽ പോർച്ചുഗലിന്‍റെ ജീവവായുവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കപ്പലടുക്കും കരയെല്ലാം കീഴടക്കിയ പോർച്ചുഗീസ് നാവികരുടെ പോരാട്ട വീര്യമാണ് റോണോ സഹതാരങ്ങൾക്ക് പകർന്നു നൽകുന്നത്. പറങ്കികൾ പടയായ് വന്ന് നാട് കീഴടക്കിയ കഥ മാത്രമല്ല ഊർജ്ജം. ഒറ്റയ്ക്ക് പോയി മണ്ണും വിണ്ണും മനസും കീഴടക്കിയ ക്രിസ്റ്റ്യാനോയുടെ ശൗര്യമാണ് അവരുടെ തലപ്പൊക്കം.

കളിക്കണക്കോ, അലമാരയിലെ കിരീടങ്ങളോ പുരസ്‌കാരങ്ങളോ എന്തുണ്ടായാലും ഫുട്ബോളിൽ മുപ്പതുകളിലൊരാൾ വയസനാകും. റൊണാൾഡോ ഒഴികെ.! പുൽനാമ്പുകളെയും ഇരമ്പിയാർക്കുന്ന കാണികളേയും ഒരുപോലെ കോരിത്തരിപ്പിക്കുന്ന പന്തുകളിച്ചന്തത്തിനും ശൗര്യത്തിനും റൊണാൾഡോയുടെ മെയ്യിലും മനസിലും യുവത്വമാണ്. അതുകൊണ്ടാണ് അന്താരാഷ്‌ട്ര മത്സരങ്ങളിൽ 104 ഗോളുമായി കുതിക്കുന്നത്, പോർച്ചുഗല്‍ യൂറോ നേടിയത്. യൂറോപ്പിലെ മൂന്ന് പ്രധാന ലീഗുകളിലും സിആര്‍7 ടോപ് സ്‌കോറർ ആയത്. 

റോണോയുടെ മികവിലാണ് കഴിഞ്ഞ തവണ പോർച്ചുഗൽ കലാശപ്പോരിലേക്ക് മാർച്ച് ചെയ്തത്. ഫൈനലിൽ പരുക്ക് പറ്റി കളംവിട്ടപ്പോൾ കണ്ണീർ വാർത്തു ഫുട്ബോൾ ലോകം. പക്ഷെ, സൈഡ് ബെഞ്ചിലെ ക്രിസ്റ്റ്യാനോയുടെ വിജയദാഹം ആരാധകർക്കും പകർന്ന ആവേശത്തിന് ഇന്നും ചോർച്ചയില്ല.

നേട്ടങ്ങള്‍ക്കരികെ നായകന്‍ 

ഹംഗറിക്കെതിരെ ഇറങ്ങുമ്പോൾ റോണോയുടെ നേട്ടപ്പട്ടിക വീണ്ടും വലുതാകും. യൂറോയുടെ അഞ്ച് പതിപ്പിൽ പന്തുതട്ടിയ ഏക ഫുട്ബോളര്‍ എന്ന നേട്ടം കീശയിലാകും. യൂറോ കപ്പിൽ 2004ൽ ഗ്രീസിനെതിരെയായിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. 36കാരൻ ഇതുവരെ കളിച്ചത് 56 യൂറോ മത്സരങ്ങൾ. മുന്നിലുള്ളത് 58 മത്സരം കളിച്ച ഇറ്റലിയുടെ ബഫൺ മാത്രം. ഇപ്പോൾ യൂറോയിൽ ഒമ്പത് ഗോളുമായി ഫ്രാൻസിന്‍റെ മിച്ചൽ പ്ലാറ്റിനിക്ക് ഒപ്പമാണ് ക്രിസ്റ്റ്യാനോ. ഇനിയുള്ള ഓരോ ഗോളും ചരിത്രമാണ്. യൂറോയിലും ലോക ഫുട്ബോളിലും. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോ കപ്പ്: മരണഗ്രൂപ്പിന്‍റെ പൂട്ട് ഇന്നഴിയും; ഹങ്കറിക്കെതിരെ പോര്‍ച്ചുഗല്‍, ഫ്രാന്‍സ്-ജര്‍മനി ക്ലാസിക്

കോപ്പ അമേരിക്ക: ബൊളീവയ്‌ക്കെതിരെ പരാഗ്വേക്ക് ആധികാരിക ജയം

കോപ്പ അമേരിക്ക: അവസരങ്ങള്‍ തുലച്ചു, ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില

പന്തടക്കത്തില്‍ മുന്നില്‍, ഗോള്‍ മാത്രമില്ല; സ്‌പെയ്‌നിന് സ്വീഡന്റെ പ്രതിരോധപ്പൂട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!