Asianet News MalayalamAsianet News Malayalam

യൂറോ കപ്പ്: മരണഗ്രൂപ്പിന്‍റെ പൂട്ട് ഇന്നഴിയും; ഹങ്കറിക്കെതിരെ പോര്‍ച്ചുഗല്‍, ഫ്രാന്‍സ്-ജര്‍മനി ക്ലാസിക് പോര്

പറഞ്ഞു പഴകിയൊരു മരണഗ്രൂപ്പല്ല ഇത്. ശരിക്കും, ഒന്നൊന്നര മരണ ഗ്രൂപ്പാണ്. നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് ഗ്രൂപ്പ് എഫിൽ പൊരുതാനിറങ്ങുന്നത് ചില്ലറക്കാരല്ല. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ. ലോക ചാമ്പ്യൻമാരായ ഫ്രാൻസ്. മുൻ ചാമ്പ്യൻമാരായ ജർമനി. 
 

UEFA EURO 2020 France v Germany classic match preview
Author
Munich, First Published Jun 15, 2021, 10:30 AM IST
  • Facebook
  • Twitter
  • Whatsapp

മ്യൂണിക്ക്: യൂറോ കപ്പിൽ മരണഗ്രൂപ്പിലെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ പോരാട്ടങ്ങളാണ്. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ ഹങ്കറി, പോര്‍ച്ചുഗലിനെയും പുലര്‍ച്ചെ 12.30ന് നടക്കുന്ന ക്ലാസിക് പോരില്‍ ഫ്രാന്‍സ്, ജര്‍മനിയേയും നേരിടും. 

പറഞ്ഞു പഴകിയൊരു മരണഗ്രൂപ്പല്ല ഇത്. ശരിക്കും, ഒന്നൊന്നര മരണ ഗ്രൂപ്പാണ്. നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് ഗ്രൂപ്പ് എഫിൽ പൊരുതാനിറങ്ങുന്നത് ചില്ലറക്കാരല്ല. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ, ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, മുൻ ചാമ്പ്യൻമാരായ ജർമനി. ഇവർക്കൊപ്പം ദൗർഭാഗ്യവാൻമാരായ ഹങ്കറിയും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടറിലേക്ക് മുന്നേറുക. ഇതുകൊണ്ടുതന്നെ പോർച്ചുഗൽ, ഫ്രാൻസ്, ജർമനി എന്നിവരിലൊരു ടീം ആദ്യറൗണ്ടിൽ തന്നെ മടങ്ങിയേക്കും. 

ഈ ദുരന്തം ഒഴിവാക്കാൻ ടീമുകൾ ആവനാഴിയിലെ ആയുധങ്ങളെല്ലാം പുറത്തെടുക്കുമെന്നുറപ്പ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ 2016ൽ കിരീടം നേടുമ്പോൾ ഉണ്ടായിരുന്നതിനേക്കൾ കരുത്തരാണിപ്പോൾ. ബെർനാർഡോ സിൽവ, റൂബൻ ഡിയാസ്, ബ്രൂണോ ഫെർണാണ്ടസ്, ഡിയഗോ ജോട്ട, ആന്ദ്രേ സിൽവ, റെനാറ്റോ സാഞ്ചസ്, യാവോ ഫെലിക്സ് തുടങ്ങിയവരെല്ലാം എന്തിനും പോന്നവർ. 

ഒന്നാംകിട താരങ്ങളുടെ ബാഹുല്യം കൊണ്ട് വീർപ്പുമുട്ടുന്ന ടീമാണ് ലോക ചാമ്പ്യൻമാരായ ഫ്രാൻസ്. ആരെകളിപ്പിക്കണമെന്നേ കോച്ച് ദിദിയർ ദെഷാമിന് തലപുകയ്‌ക്കേണ്ടതുള്ളൂ. കിലിയൻ എംബാപ്പേയ്‌ക്കും അന്റോയ്ൻ ഗ്രീസ്‌മാനുമൊപ്പം നീണ്ട ഇടവേളയ്ക്ക് ശേഷം കരീം ബെൻസേമ കൂടി തിരിച്ചെത്തുമ്പോൾ എതിരാളികളുടെ നെഞ്ചിടിപ്പ് കൂടും. മധ്യനിരയിൽ സമാനതകളില്ലാത്ത എൻഗോളെ കാന്റെയും പോൾ പോഗ്‌ബയും പ്രതിരോധത്തിൽ വരാനും പാവാദും ഗോൾ വലയത്തിന് മുന്നിൽ ഹ്യൂഗോ ലോറിസും കൂടി ചേരുമ്പോൾ ഫ്രാൻസ് കിരീടം നേടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 

യോക്വിം ലോയ്‌ക്ക് കീഴിൽ അവസാന ടൂർണമെന്റിനിറങ്ങുന്ന ജർമനി വെറ്ററൻ താരങ്ങളായ തോമസ് മുള്ളറേയും മാറ്റ് ഹമ്മൽസിനെയും തിരികെ വിളിച്ചാണ് ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. വിശ്വസ്ത ഗോൾകീപ്പർ മാനുവൽ നോയറിനൊപ്പം ടോണി ക്രൂസ്, ലിറോയ് സാനേ, സെർജി ഗ്നാബ്രി, കായ് ഹാവേർട്സ്, ഇൽകായ് ഗുൺഡോഗൻ, തിമോ വെർണർ, അന്റോണിയോ റൂഡിഗ‍ർ തുടങ്ങിയവരുമെത്തുമ്പോൾ ജർമനിയും സർവ്വസജ്ജർ. 

ഈ ടീമുകൾക്കിടയിൽ ഞെരുങ്ങാനായിരിക്കും പ്ലേഓഫിലൂടെയെത്തുന്ന ഹങ്കറിയുടെ വിധി. പഴയ പ്രതാപത്തിലേക്ക് എത്താനുള്ള സാധ്യതയുടെ നിഴൽപോലുമില്ലെങ്കിലും പുഷ്കാസിന്റെ പിൻമുറക്കാ‍ർക്ക് ചിലപ്പോൾ വമ്പൻമാരുടെ വഴിമുടക്കാൻ കഴിഞ്ഞേക്കും. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

കോപ്പ അമേരിക്ക: അവസരങ്ങള്‍ തുലച്ചു, ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില

പന്തടക്കത്തില്‍ മുന്നില്‍, ഗോള്‍ മാത്രമില്ല; സ്‌പെയ്‌നിന് സ്വീഡന്റെ പ്രതിരോധപ്പൂട്ട്

കോപ്പ അമേരിക്ക: ബൊളീവയ്‌ക്കെതിരെ പരാഗ്വേക്ക് ആധികാരിക ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios