ഇനി യൂറോ ആരവം; തുര്‍ക്കി- ഇറ്റലി കിക്കോഫ് രാത്രി

By Web TeamFirst Published Jun 11, 2021, 8:43 AM IST
Highlights

റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ യൂറോപ്പിന്റെ അഞ്ചുവർഷത്തെ കാത്തിരിപ്പിന് അവസാനമാവുന്നു. 

റോം: യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. ഇറ്റലി ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ നേരിടും. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക.

യൂറോപ്പിന്റെ അഞ്ച് വർഷത്തെ കാത്തിരിപ്പിന് റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ അവസാനമാവുന്നു. പഴയ പ്രതാപം വീണ്ടെടുക്കാൻ ഇറ്റലി ഇറങ്ങുമ്പോൾ തുർക്കിക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. അവസാന ഇരുപത്തിയേഴ് കളിയിൽ തോൽവി അറിഞ്ഞിട്ടില്ല റോബർട്ടോ മാൻചീനിയുടെ ഇറ്റലി. യുവത്വവരും പരിചയസമ്പത്തും നിറഞ്ഞതാണ് ഇറ്റാലിയൻ സംഘം. ജിയാൻ ലൂഗി ഡോണറുമ, ഫെഡറിക്കോ കിയേസ, കെല്ലിനി, ഇമ്മോബൈൽ തുടങ്ങിയവർ ഉഗ്രൻ ഫോമിൽ. മാൻചീനിക്ക് കീഴിൽ ഇറ്റലി എഴുപത് ഗോൾ നേടിയപ്പോൾ വഴങ്ങിയത് പതിനാലെണ്ണം മാത്രം. 

2002 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ തുർക്കി അവതരിപ്പിക്കുന്നത് യൂറോ കപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ ടീമിനെ. ശരാശരി പ്രായം 25. വിളളലില്ലാത്ത പ്രതിരോധമാണ് തുർക്കിയുടെ കരുത്ത്. ഇതുകൊണ്ടുതന്നെ അവസാന 26 കളിയിൽ തോൽവിയറിഞ്ഞത് മൂന്നിൽ മാത്രം. ഇറ്റലിയും തുർക്കിയും 21 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഒറ്റത്തോൽവി അറിയാത്ത ഇറ്റലി എട്ടിലും ജയിച്ചു. മൂന്ന് കളി സമനിലയിൽ. ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങുന്ന തുർക്കി അവസാനം ഇറ്റലിയെ നേരിട്ടത് 2006 നവംബറിലാണ്. അന്ന് ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. 

യൂറോ കപ്പില്‍ പതിനൊന്ന് വേദികളിൽ കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത് 24 ടീമുകളാണ്. 2020ൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് കൊവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. പോർച്ചുഗലാണ് നിലവിലെ ചാമ്പ്യൻമാർ. മരണഗ്രൂപ്പായ എഫിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസും മുൻ ചാമ്പ്യൻമാരായ ജർമനിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ഹങ്കറിയും നേ‍ർക്കുനേർ വരും.

ജൂൺ ഇരുപത്തിയാറിന് പ്രീക്വാർട്ടറും ജൂലൈ രണ്ടിന് ക്വാർട്ടർ ഫൈനലും ഏഴിനും എട്ടിനും സെമിഫൈനലും നടക്കും. വിഖ്യാത വെംബ്ലി സ്റ്റേഡിയത്തിൽ ജൂലൈ 11നാണ് ഫൈനല്‍.

യൂറോ കപ്പ് ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ: തുര്‍ക്കി, ഇറ്റലി, വെയ്‌ല്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്

ഗ്രൂപ്പ് ബി: ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ബെല്‍ജിയം, റഷ്യ 

ഗ്രൂപ്പ് സി: നെതര്‍ലന്‍ഡ്‌സ്, ഉക്രൈന്‍, ഓസ്‌ട്രിയ, നോര്‍ത്ത് മാസിഡോണിയ 

ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്‌കോട്‌ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്

ഗ്രൂപ്പ് ഇ: സ്‌പെയ്‌ന്‍, സ്വീഡന്‍, പോളണ്ട്, സ്ലൊവാക്യ

ഗ്രൂപ്പ് എഫ്: ഹംഗറി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി

യൂറോ കപ്പിന് മുമ്പ് പോപ്പിന്റെ അനു​ഗ്രഹം തേടി യുവേഫ

ബ്രൂണോയ്‌ക്ക് ഡബിള്‍, വമ്പന്‍ ജയവുമായി ഒരുങ്ങി പോര്‍ച്ചുഗല്‍; യൂറോ കപ്പിന് നാളെ കിക്കോഫ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!