നേഷൻസ് ലീഗില്‍ ഇന്ന് തീപാറും; വമ്പന്‍മാര്‍ നേര്‍ക്കുനേര്‍, പോർച്ചുഗല്‍-ഫ്രാന്‍സ് പോരാട്ടം രാത്രി

By Web TeamFirst Published Nov 14, 2020, 9:56 AM IST
Highlights

ക്രിസ്റ്റ്യാനോ റൊണാൾഡോയും യാവോ ഫെലിക്സും പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തുമ്പോൾ പ്രമുഖ താരങ്ങളുടെ പരുക്ക് ഫ്രാൻസിന് തിരിച്ചടിയാണ്

ലിസ്‌ബണ്‍: യുവേഫ നേഷൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ. ഫ്രാൻസ്, പോർച്ചുഗൽ, സ്‌പെ‌യ്ൻ, ജർമ്മനി ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. രാത്രി ഒന്നേകാലിനാണ് എല്ലാ കളിയും തുടങ്ങുക. 

യുവേഫ നേഷൻസ് ലീഗിൽ നോക്കൗട്ട് ഘട്ടത്തിൽ സ്ഥാനമുറപ്പിക്കാൻ ലോക ചാമ്പ്യൻമാരായ ഫ്രാൻസും യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലും ലിസ്‌ബണിൽ ഇന്ന് നേർക്കുനേ‍ർ. ഗ്രൂപ്പ് സിയിൽ ഫ്രാൻസിനും പോർച്ചുഗലിനും പത്ത് പോയിന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്ത്. സന്നാഹമത്സരത്തിൽ പോർച്ചുഗൽ അൻഡോറയ്ക്കെതിരെ ഗോൾവർഷിച്ച് എത്തുമ്പോൾ ഫ്രാൻസ് ഫിൻലൻഡിനോട് രണ്ടുഗോൾ തോൽവി ഏറ്റുവാങ്ങി. 

ക്രിസ്റ്റ്യാനോ റൊണാൾഡോയും യാവോ ഫെലിക്സും പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തുമ്പോൾ പ്രമുഖ താരങ്ങളുടെ പരുക്ക് ഫ്രാൻസിന് തിരിച്ചടിയാണ്. കിലിയൻ എംബാപ്പേയും ബെഞ്ചമിൻ പാവാദും ലൂക്കാസ് ഹെർണാണ്ടസും കളിക്കുമോയെന്ന് ഉറപ്പില്ല. കഴിഞ്ഞമാസം ഇരുടീമും പാരീസിൽ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ഇരുടീമും 26 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനെട്ടിലും ഫ്രാൻസിനായിരുന്നു ജയം. പോർച്ചുഗൽ ജയിച്ചത് ആറ് കളിയിൽ മാത്രം. രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. 

ലോകകപ്പ് യോഗ്യതാ മത്സരം: ഫിര്‍മിനോ ഗോളില്‍ ബ്രസീലിന് മൂന്നാം ജയം

ഗ്രൂപ്പ് ഡിയിലെ ഒന്നാസ്ഥാനക്കാരായ സ്‌പെയ്‌ന്, സ്വിറ്റ്സർലൻഡ് ആണ് എതിരാളികൾ. പരുക്കേറ്റ അൻസു ഫാറ്റി, തിയാഗോ അൽകന്റാര എന്നിവരില്ലാതെയാണ് സ്‌പെയ്ൻ ഇറങ്ങുക. സ്വിറ്റ്സർലൻഡിനെതിരെ ഇതുവരെ കളിച്ച 21 മത്സരങ്ങളിൽ രണ്ടുതവണ മാത്രമേ സ്പെയ്ൻ തോറ്റിട്ടുള്ളൂ. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ജർമ്മനി മൂന്നാം സ്ഥാനക്കാരായ ഉക്രെയ്‌നെ നേരിടും. ആറ് പോയിന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിലാണ് ‍ജർമ്മനി മുന്നിട്ടുനിൽക്കുന്നത്. മുൻപ് ഏഴ് തവണ ഏറ്റുമുട്ടിയപ്പോഴും ജർമ്മനിയെ തോൽപിക്കാൻ ഉക്രെയ്‌ന് കഴിഞ്ഞിട്ടില്ല.

ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ സ്വീഡനുമായി ഏറ്റുമുട്ടും. മൂന്ന് പോയിന്റ് മാത്രമുള്ള ക്രൊയേഷ്യ ഗ്രൂപ്പ് സിയിൽ മൂന്നും നാല് കളിയും തോറ്റ സ്വീഡൻ അവസാന സ്ഥാനത്തുമാണ്. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചിരുന്നു. ലൂക്ക മോഡ്രിച്, ഇവാൻ പെരിസിച്ച്, മത്തേയോ കൊവാസിച്ച് തുടങ്ങിയവരിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷ.

ലിവർപൂളിന് ആശങ്ക കനക്കുന്നു; സലായ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു

click me!