കെയ്‌റോ: പ്രമുഖ താരങ്ങളുടെ പരിക്കിന് പിന്നാലെ ലിവർപൂളിന് മറ്റൊരു തിരിച്ചടി. സൂപ്പർ താരം മുഹമ്മദ് സലായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷനാണ് സലാ കൊവിഡ് ബാധിതൻ ആണെന്ന് വെളിപ്പെടുത്തിയത്. ആഫ്രിക്കൻ നേഷൻസ് ലീഗിൽ കളിക്കാനായി ഈജിപ്ഷ്യൻ ടീമിനൊപ്പം ചേർന്നപ്പോൾ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. 

കൊവിഡ് ബാധിതനാവുന്ന അഞ്ചാമത്തെ ലിവ‍ർപൂൾ താരമാണ് മുഹമ്മദ് സലാ. തിയാഗോ, കെയ്റ്റ, ഷാകിരി, മാനെ എന്നിവര്‍ നേരത്തേ കൊവിഡ് ബാധിതരായിരുന്നു. വിൻജിൽ വാൻഡൈക്ക് ഉൾപ്പടെ ഏഴോളം താരങ്ങൾ നിലവിൽ പരുക്കിന്റെ പിടിയിലാണ്. ഇതോടെ ലിവർപൂളിന്റെ നില കൂടുതൽ പരുങ്ങലിലായി. പ്രീമിയര്‍ ലീഗ് സീസണില്‍ എട്ട് ഗോളുകള്‍ ഇതിനകം നേടിയിട്ടുണ്ട് സലാ.   

പ്രീമിയര്‍ ലീഗില്‍ നിലവില്‍ 17 പോയിന്‍റുമായി മൂന്നാം സ്ഥാനക്കാരാണ് ലിവര്‍പൂള്‍. കളിച്ച എട്ട് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് സമനിലയുമാണ് അവര്‍ക്കുള്ളത്. 18 പോയിന്‍റുമായി ലെസ്റ്റര്‍ സിറ്റിയും 17 പോയിന്‍റുമായി ടോട്ടനവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 23-ാം തീയതി ലെസ്റ്റര്‍ സിറ്റിക്ക് എതിരെയാണ് ലിവറിന്‍റെ അടുത്ത മത്സരം. ഇതിനു പിന്നാലെ 26-ാം തീയതി ചാമ്പ്യന്‍സ് ലീഗിലും ലിവര്‍പൂളിന് മത്സരമുണ്ട്. അറ്റലാന്‍റയാണ് എതിരാളികള്‍. 

ലോകകപ്പ് യോഗ്യതാ മത്സരം: ഫിര്‍മിനോ ഗോളില്‍ ബ്രസീലിന് മൂന്നാം ജയം