അതെങ്ങനെ പെനാല്‍റ്റി ആകും? ലോകകപ്പില്‍ ഖത്തര്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തില്‍ വാര്‍ വിവാദം

Published : Jun 14, 2026, 07:52 AM IST
breel embolo

Synopsis

2026 ഫിഫ ലോകകപ്പിൽ ഖത്തറും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരത്തിൽ വിവാദ വാർ തീരുമാനം. സ്വിറ്റ്സർലൻഡിന് അനുകൂലമായി നൽകിയ പെനാൽറ്റിക്ക് മുൻപ് താരം ഓഫ്‌സൈഡ് ആയിരുന്നു എന്ന ആരോപണവും, ഫിഫയുടെ സുതാര്യതയില്ലാത്ത നിലപാടുമാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

വാന്‍കൂവര്‍: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ നടന്ന സ്വിറ്റ്സര്‍ലന്‍ഡ് - ഖത്തര്‍ മത്സരത്തിന് പിന്നാലെ ടൂര്‍ണമെന്റിലെ ആദ്യ വന്‍ വാര്‍ വിവാദം പുകയുന്നു. ഇരു ടീമുകളും 1-1 ന് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി തീരുമാനമാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. മത്സരത്തില്‍ സ്വിസ് താരം ബ്രീല്‍ എംബോളോ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ്, ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്യപ്പെട്ട റെമോ ഫ്രൂളര്‍ ഓഫ്സൈഡ് പൊസിഷനിലായിരുന്നു എന്നാണ് റീപ്ലേകള്‍ വ്യക്തമാക്കുന്നത്.

നിയമപ്രകാരം ഓഫ്സൈഡ് ആണ് ആദ്യമെങ്കില്‍ പിന്നീട് പെനാല്‍റ്റി അനുവദിക്കാന്‍ പാടില്ല. എന്നാല്‍ ഈ തീരുമാനത്തില്‍ വാര്‍ ഇടപെടുകയോ പരിശോധന നടത്തുകയോ ചെയ്യാതിരുന്നതാണ് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി കൂടുതല്‍ കൃത്യതയാര്‍ന്ന 'സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ്' സാങ്കേതികവിദ്യ തങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഫിഫ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വിവാദ തീരുമാനത്തില്‍ അതിന്റെ ഡിജിറ്റല്‍ അനിമേഷന്‍ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഫിഫ തയ്യാറായിട്ടില്ല.

ഫിഫയുടേത് ഏകാധിപത്യ ശൈലി: ഗാരി നെവില്‍

ഫിഫയുടെ ഈ സുതാര്യതയില്ലാത്ത നിലപാടിനെതിരെ മുന്‍ ഇംഗ്ലണ്ട് താരവും പ്രമുഖ ഫുട്‌ബോള്‍ നിരീക്ഷകനുമായ ഗാരി നെവില്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ''ഇതൊരുതരം ഏകാധിപത്യമാണ്. തങ്ങളുടെ പക്കലുള്ള തെളിവുകള്‍ ആര്‍ക്കും കാണിക്കാതെ ആന്തരികമായി ഒളിച്ചുവെക്കുന്ന ഫിഫയുടെ ശൈലി തികച്ചും പരിഹാസ്യമാണ്. അത് ഓഫ്സൈഡ് അല്ലെങ്കില്‍ കൃത്യമായ ദൃശ്യങ്ങള്‍ കാണിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തൂ. എന്തുകൊണ്ടാണ് ഇതില്‍ സുതാര്യതയില്ലാത്തത്?' നെവില്‍ പ്രതികരിച്ചു.

ടൂര്‍ണമെന്റിലെ കാനഡ - ബോസ്‌നിയ മത്സരത്തില്‍ സമാനമായ സാഹചര്യത്തില്‍ ഫിഫ കൃത്യമായ അനിമേഷന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഖത്തറിനെതിരായ മത്സരത്തില്‍ സ്വിസ് താരത്തിന് അനുകൂലമായി വന്ന ഈ തീരുമാനത്തില്‍ ഫിഫ പുലര്‍ത്തുന്ന മൗനം നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു. ഈ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം തേടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഫിഫയെ സമീപിച്ചെങ്കിലും ഇതുവരെ സംഘടന വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പില്‍ വിനീഷ്യസിന്റെ മാന്ത്രിക ഗോള്‍; ഗാലറിയില്‍ ആവേശം വിതറി ട്രാവിസ് സ്‌കോട്ട് -വീഡിയോ
സായ്ബാരിയിലൂടെ മൊറോക്കോ, വിനിയുടെ മറുപടി; ബ്രസീലും മൊറോക്കോയും കൈ കൊടുത്ത് പിരിഞ്ഞു