അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഒക്ടോബര്‍ 3ന് ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ ഒരു സൗഹൃദ മത്സരം കളിച്ചേക്കുമെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2026 ലോകകപ്പിന് മുന്നോടിയായുള്ള ഫിഫ വിന്‍ഡോയുടെ ഭാഗമായാണ് ഈ മത്സരം.
കൊല്‍ക്കത്ത: അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ വെച്ചാകും മത്സരമെന്നാണ് ബ്രസീലിയന്‍ മാധ്യമമായ ജി ഇ ഗ്ലോബോ (GE Globo) റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക.
സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയുമായുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ നടക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് വേളയിലും കൊല്‍ക്കത്ത നഗരം ബ്രസീല്‍ ആരാധകരുടെ ആവേശത്താല്‍ മഞ്ഞയും പച്ചയും നിറഞ്ഞിരുന്നു. നഗരത്തിലുടനീളം ബ്രസീല്‍ പതാകകളും താരങ്ങളുടെ കട്ടൗട്ടുകളും ഉയര്‍ന്നത് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
1977ല്‍ പെലെ മോഹന്‍ ബഗാനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിച്ച ഓര്‍മ്മകള്‍ ഉള്‍പ്പെടെ കൊല്‍ക്കത്തയ്ക്ക് ബ്രസീല്‍ ഫുട്‌ബോളുമായി ദീര്‍ഘകാലത്തെ ബന്ധവുമുണ്ട്. ഔദ്യോഗിക സ്ഥിരീകരണവും കരാര്‍ സംബന്ധമായ അന്തിമ വിവരങ്ങളും ഇനിയും പുറത്തുവരാനുണ്ടെങ്കിലും, ഈ റിപ്പോര്‍ട്ട് സത്യമാവുകയാണെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ ഒരു രാത്രിക്കായിരിക്കും കൊല്‍ക്കത്ത സാക്ഷ്യം വഹിക്കുക.

