
പാരീസ്: ജപ്പാനിലെ ഹോട്ടൽ ജീവനക്കാർക്കെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ മാപ്പു പറഞ്ഞ് ഫ്രഞ്ച് ഫുട്ബോൾ താരങ്ങളായ അന്റോയ്ൻ ഗ്രീസ്മാനും ഉസ്മാന്‍ ഡെംബലെയും. ബാഴ്‌സലോണയുടെ താരങ്ങളായ ഇരുവരും വംശീയാധിക്ഷേപം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഇരു താരങ്ങളുടെയും മാപ്പു പറച്ചിൽ.
എന്നാൽ ഹോട്ടൽ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. 2019-2020ലെ ബാഴ്സലോണയുടെ പ്രീ സീസൺ ടൂറിന്റെ ഭാഗമായി ജപ്പാൻ സന്ദർശിച്ചപ്പോഴുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
തങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ ടിവി നന്നാക്കാനെത്തിയ ഏഷ്യന്‍ വംശജരെയാണ് ഇരുവരും അധിക്ഷേപിച്ചത്. വീഡിയോയില്‍ ഗ്രീസ്മാനെ മാത്രമാണ് കാണുന്നത്. വീഡിയോ റെക്കോഡ് ചെയ്യുന്ന ഡെംബലെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഏഷ്യക്കാരുടെ ഭാഷയേയും ശരീരത്തേയും ഡെംബലെ പരിഹസിച്ച് ചിരിക്കുന്നുണ്ട്.
ഈ യൂറോകപ്പിലെയും വിഡിയോയിലെയും ഗ്രീസ്മാന്റെ ഹെയര്‍സ്‌റ്റൈല്‍ നോക്കിയാണ് പലരും ഈ വീഡിയോ പഴയതാണെന്ന നിഗമനത്തിലെത്തിയത്. യൂറോ കപ്പില്‍ നിന്ന് പുറത്തായി ഒരാഴ്ച്ച പിന്നിടുന്നതിന് മുമ്പാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനെ പിടിച്ചു കുലുക്കി വംശീയാധിക്ഷേപ വിവാദം.
എന്നാൽ അത് സംഭവിച്ചത് ജപ്പാനിലായിരുന്നു എന്നതുകൊണ്ട് ഏഷ്യൻ വംശജർക്കെതിരായ അധിക്ഷേപമായി കണക്കാക്കരുതെന്നും ലോകത്ത് എവിടെയായിരുന്നാലും ഒരുപക്ഷെ താൻ അതേ രീതിയിലായിരിക്കും പ്രതികരിക്കുകയെന്നും ഡെംബലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അതുകൊണ്ടുതന്നെ അത് ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായ അധിക്ഷേപമായി ചിത്രീകരിക്കരുതെന്നും ഡെംബലെ വ്യക്തമാക്കി.
എല്ലാതരത്തിലുള്ള വിവേചനങ്ങൾക്കും എതിരാണെന്നും വീഡിയോ ദൃശ്യത്തിലെ പരമാർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ആത്മാർത്ഥമായി ക്ഷമചേദിക്കുന്നുവെന്ന് ഗ്രീസ്മാനും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!