
സാന്‍റിയാഗോ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ചിലിയെ മറികടന്ന് അര്‍ജന്‍റീന. എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീന ജയിച്ചു കയറിയത്. പതിനാറാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസ് ആണ് അര്‍ജന്‍റീനയുടെ വിജയഗോള്‍ നേടിയത്. അര്‍ജന്‍റീനയുടെ ആധിപത്യം കണ്ട ആദ്യപകുതിയില്‍ പതിനാറാം മിറ്റിലായിരുന്നു ആല്‍വരസിന്‍റെ വിജയഗോള്‍ പിറന്നത്. തിയാഗോ അല്‍മാഡ നീട്ടി നല്‍കിയ പന്തിലായിരുന്നു ആല്‍വാരസ് സ്കോര്‍ ചെയ്തത്.
57-ാം മിനിറ്റില്‍ പകരക്കാരനായി നായകന്‍ ലിയോണല്‍ മെസി അര്‍ജന്‍റീനക്കായി ഗ്രൗണ്ടിലിറങ്ങിയെങ്കിലും അര്‍ജന്‍റീനക്ക് ലീഡുയര്‍ത്താനായില്ല. രണ്ടാം പകുതിയില്‍ എമിലിയാനോ മാര്‍ട്ടിനെസിന്‍റെ രണ്ട് തകര്‍പ്പന്‍ സേവുകളും അര്‍ജന്‍റീനയുടെ വിജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 34 പോയന്‍റുമായി അര്‍ജന്‍റീന ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോര്‍ ബ്രസീലുമായി സമനില പിടിച്ചെങ്കിലും അര്‍ജന്‍റീനക്ക് 10 പോയന്‍റ് പുറകിലാണ്.
അര്‍ജന്‍റീന നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു. എന്നാല്‍ തോല്‍വിയോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാമെന്ന ചിലിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 10 പോയന്‍റുമായി പത്താം സ്ഥാനത്താണ് ചിലി ഇപ്പോള്‍. പ്ലേ ഓഫിലെങ്കിലും സ്ഥാനം ഉറപ്പാക്കണമെങ്കില്‍ ഏഴാം സ്ഥാനത്തെങ്കിലും എത്തണം. നിലവില്‍ ഏഴാം സ്ഥാനത്തുള്ള വെനസ്വേലയെക്കാള്‍ അഞ്ച് പോയന്‍റ് പുറകിലാണ് ചിലി.
ആഞ്ചലോട്ടിയുടെ അരങ്ങേറ്റം സമനിലയോടെ
ബ്രസീല്‍ പരീശിലകനായി കാര്‍ലോസ് ആഞ്ചലോട്ടിയുടെ അരങ്ങേറ്റം സമനിലയോടെയായിരുന്നു. ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബ്രസീല്‍ ഗോള്‍രഹിത സമനില വഴങ്ങി. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ നിറം മങ്ങിയപ്പോള്‍ ബ്രസീല്‍ ഗോളടിക്കാനാവാതെ വലഞ്ഞു. ലഭിച്ച സുവര്‍ണാവസരം കാസിമെറോ പാഴാക്കുക കൂടി ചെയ്തതോടെ മുന്‍ ലോക ചാമ്പ്യൻമാര്‍ സമനില കുരുക്ക് പൊട്ടിക്കാനാവാതെ ഗ്രൗണ്ട് വിട്ടു.
ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 15 മത്സരങ്ങളില്‍ ആറ് ജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമായി 22 പോയന്‍റുള്ള ബ്രസീല്‍ നാലാമതാണ്. ബ്രസീലിനെതിരെ ജയിച്ചിരുന്നെങ്കില്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കാമായിരുന്ന ഇക്വഡോര്‍ ആണ് 24 പോയന്‍റുമായി രണ്ടാം സ്ഥാനത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക