
കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരം സമനിലയാവുമെന്ന് ഉറപ്പിച്ചിരിക്കെയാണ് മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് (Sahal Abdul Samad) വിജയഗോള്‍ നേടുന്നത്. 1-1ല്‍ നില്‍ക്കെ ഇഞ്ചുറി സമയത്തായിരുന്നു സഹലിന്റെ ഗോള്‍. വിജയത്തോടെ ഇന്ത്യക്കും ഹോങ് കോംഗിനും ആറ് പോയിന്റ് വീതമായി. ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് വീണു.
മറ്റൊരു മലയാളി താരം ആഷിഖ് കുരുണിയന്റെ അസിസ്റ്റില്‍ നിന്നായിരുന്നു സഹലിന്റെ ഗോള്‍. വിജയഗോള്‍ നേടാനായതില്‍ അഭിമാനമുണ്ടെന്ന് മത്സരശേഷം സഹല്‍ പറഞ്ഞിരുന്നു. ''ഇന്ത്യയുടെ വിജയം എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വിജയഗോള്‍ നേടാനായതില്‍ ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. കൊല്‍ക്കത്തയിലെ കാണികള്‍ക്ക് മുന്നില്‍ ഗോള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഗോള്‍ വഴങ്ങിയിട്ടും ജയിക്കാനായത് ടീമിന്റെ ആത്മവിശ്വാസം കൂട്ടി.'' കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായ സഹല്‍ വ്യക്തമാക്കി. താരത്തിന്റെ ഗോളും ഇതിനിടെ വൈറലായി. ഗോള്‍ വീഡിയോ കാണാം...
സുനില്‍ ഛേത്രി ഫ്രീകിക്കില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ നേടിയിരുന്നത്. 86-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. പ്രതിരോധ മതിലിന് മുകളിലൂടെ ഉയര്‍ന്ന താഴ്ന്നിറങ്ങിയ പന്ത് ഗോള്‍ കീപ്പര്‍ക്ക് ഒരവസരവും നല്‍കിയില്ല. ഗോള്‍ വീഡിയോ കാണാം...
ആദ്യ പകുതിയില്‍ ഇന്ത്യ തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കി. സ്‌കോര്‍ബോര്‍ഡ് തുറക്കാന്‍ ഇന്ത്യക്ക് എണ്‍പത്തിയാറാം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു. ആഷിഖിന് വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് നായകന്‍ സുനില്‍ ഛേത്രി മനോഹരമായി ലക്ഷ്യത്തിലെത്തിച്ചു.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഛേത്രിയുടെ എണ്‍പത്തിമൂന്നാം ഗോള്‍. തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാന്റെ സമനിലഗോളെത്തി. സുബൈര്‍ അമിരിയിലൂടെ. കളി ഇഞ്ചുറിടൈമിലേക്ക് കടന്നപ്പോള്‍ മലയാളികൂട്ടുകെട്ടില്‍ ഇന്ത്യയുടെ വിജയഗോള്‍. ആഷിഖിന്റെ പാസില്‍ സഹലിന്റെ ഫിനിഷ്. കളിക്കിടെയുണ്ടായ ചൂടുംചൂരും കളികഴിഞ്ഞപ്പോള്‍ കയ്യാങ്കളിയായി.
രണ്ട് കളിയില്‍ ആറ് പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഹോങ്കോംഗാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കുന്ന ഇന്ത്യ- ഹോങ്കോംഗ് മത്സരം ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!