മെസിയും നെയ്മറും ഡി മരിയയുമില്ലാതെ ഇറങ്ങിയിട്ടും തകര്‍പ്പന്‍ ജയവുമായി പി എസ് ജി

By Web TeamFirst Published Sep 11, 2021, 10:33 PM IST
Highlights

ആദ്യ പകുതിയില്‍ ആന്ദര്‍ ഹെരേരയുടെ ഇരട്ട ഗോളില്‍ മുന്നിലായിരുന്ന പി എസ് ജി രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയും ഇദ്രിസ ഗ്യൂയെയയും നേടിയ ഗോളില്‍ വിജയം പൂര്‍ത്തിയാക്കി.

പാരീസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസ്സിയും നെയ്മറും ഏയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെ ഇറങ്ങിയിട്ടും പാരീസ് സെന്‍റ് ജെര്‍മന്(പിഎസ്‌ജി)ക്ക് തകര്‍പ്പന്‍ ജയം. ഹോം മത്സരത്തില്‍ ക്ലെര്‍മോണ്ട് ഫൂട്ടിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു പി എസ് ജി തുരത്തിയത്.

ആദ്യ പകുതിയില്‍ ആന്ദര്‍ ഹെരേരയുടെ ഇരട്ട ഗോളില്‍ മുന്നിലായിരുന്ന പി എസ് ജി രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയും ഇദ്രിസ ഗ്യൂയെയയും നേടിയ ഗോളില്‍ വിജയം പൂര്‍ത്തിയാക്കി. അര്‍ജന്‍റീനക്കും ബ്രസീലിനുമായി ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് തിരിച്ചെത്തിയ മെസ്സിയും ഡി മരിയയും നെയ്മറും ഇന്ന് പി എസ് ജിക്കായി കളത്തിലിറങ്ങില്ല. പി എസ് ജിയുടെ ഹോം മത്സരം കാണാന്‍ ഗ്യാലറിയില്‍ മെസിയെത്തിയിരുന്നു.

ജയത്തോടെ ആറ് മത്സരങ്ങളില്‍ ആറ് ജയവുമായി 18 പോയന്‍റുള്ള പി എസ് ജി ഒന്നാം സ്ഥാനത്ത് തുടരുന്നു. നാലു കളികളില്‍ പത്തുപോയന്‍റുള്ള ആംഗേഴ്സ് രണ്ടാം സ്ഥാനത്തും എട്ട് പോയന്‍റുള്ള ക്ലെര്‍മോണ്ട് മൂന്നാം സ്ഥാനത്തുമാണ്. 20ന് ലിയോണിനെതിരെയാണ് പി എസ് ജിയുടെ അടുത്ത മത്സരം. അതിന് മുമ്പ് വ്യാഴാഴ്ച ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ പി എസ് ജി ക്ലബ്ബ് ബ്രുഗെയെ നേരിടും. ഈ മത്സരത്തില്‍ മെസി കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!