
മിയാമി: ആവേശകരമായ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഫിഫ ലോകകപ്പ് നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് കടക്കുകയാണ്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന പുതുക്കിയ ഫോർമാറ്റിൽ ഗ്രൂപ്പ് ഘട്ടം പൂർത്തിയായതോടെ പ്രവചനാതീതമായ ഒരു നോക്കൗട്ട് ചിത്രമാണ് തെളിഞ്ഞിരിക്കുന്നത്. ഇനി പേരും പെരുമയുമൊന്നും ഒരു ടീമിനെയും രക്ഷിക്കില്ല. ഒരൊറ്റ മോശം രാത്രി മതിയാകും കിരീടമോഹങ്ങളുമായി വന്ന വമ്പന്മാർക്ക് പെട്ടി മടക്കാൻ.
അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ പനാമയെ തകർത്ത് ഇംഗ്ലണ്ടും, ജോർദാനെ വീഴ്ത്തി അർജന്‍റീനയും, ഘാനയെ മറികടന്ന് ക്രോയേഷ്യയും നോക്കൗട്ടിൽ ഇടംപിടിച്ചു. പോർച്ചുഗലിനെ സമനിലയിൽ തളച്ച കൊളംബിയയും ഗ്രൂപ്പ് ജേതാക്കളായി മുന്നേറി. ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നിവർ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. എന്നാൽ നോക്കൗട്ട് ബ്രാക്കറ്റ് പുറത്തുവന്നപ്പോൾ എല്ലാ വമ്പന്മാർക്കും ഒരുപോലെയല്ല കാര്യങ്ങൾ.
പ്രമുഖ ടീമുകളില്‍ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയാണ് നോക്കൗട്ട് ബ്രാക്കറ്റിൽ ഏറ്റവും സന്തോഷിക്കാൻ വകയുള്ളത്. വമ്പന്മാരുടെ കനത്ത ട്രാഫിക്കിൽ പെടാതെ ഏറ്റവും സുരക്ഷിതമായ റൂട്ടാണ് അർജന്‍റീനയ്ക്ക് ലഭിച്ചിരിക്കുന്നത്. ചരിത്ര കുതിപ്പ് നടത്തുന്ന കേപ് വെർദെയാണ് അർജന്‍റീനയുടെ അടുത്ത എതിരാളികൾ. പ്രീ-ക്വാർട്ടർ: കേപ് വെർദെയെ മറികടന്നാൽ ഓസ്‌ട്രേലിയ - ഈജിപ്ത് മത്സരത്തിലെ വിജയികളെയാണ് അർജന്‍റീന പ്രീ ക്വാര്‍ട്ടറില്‍ നേരിടേണ്ടിവരിക. പ്രീ ക്വാര്‍ട്ടര്‍ കടമ്പ കടന്നല്‍ ക്വാർട്ടർ ഫൈനലില്‍ കൊളംബിയ, ഘാന, സ്വിറ്റ്‌സർലൻഡ് അല്ലെങ്കിൽ അൽജീരിയ എന്നിവരിൽ ആരെങ്കിലുമായിരിക്കും അര്‍ജന്‍റീനയുടെ എതിരാളികൾ. ചുരുക്കത്തിൽ ക്വാര്‍ട്ടര്‍ വരെ അര്‍ജന്‍റീനക്ക വമ്പന്‍മാരയെൊന്നും നേരിടേണ്ടെന്ന് ചുരുക്കും. ബ്രസീലോ ഇംഗ്ലണ്ടോ മാത്രമാകും സെമിയിൽ അർജന്‍റീനയുടെ വഴിയിൽ വരിക.
എന്നാല്‍ അര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന സെമിയുണ്ടാകണമെങ്കില്‍ ബ്രസീലിന് കടമ്പകളേറെയുണ്ട് മുന്നില്‍. എഷ്യൻ വമ്പന്‍മാരായ ജപ്പാനാണ് റൗണ്ട് ഓഫ് 32-ൽ ബ്രസീലിന്‍റെ എതിരാളികൾ. ജപ്പാനെ മറികടന്നാൽ നോർവെയോ ഐവറി കോസ്റ്റോ ആകും പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിനെ കാത്തിരിക്കുന്നത്. ക്വാർട്ടറിലും കടുപ്പമേറിയ പോരാട്ടമാണ് കാനറികളെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടോ മെക്സിക്കോയോ ആവും ക്വാര്‍ട്ടറില്‍ ബ്രസീലിന്‍റെ എതിരാളികള്‍. ഇംഗ്ലണ്ടിനെയും മറികടന്നാലാകും അര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന സെമിക്ക് അരങ്ങൊരുങ്ങുക.
ലോകകപ്പില്‍ മുത്തമിടുക എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോഹം ഇത്തവണയെങ്കിലും സഫലമാവാണമെങ്കില്‍ ആദ്യ നോക്കൗട്ട് മത്സരം മുതൽ അതികഠിനമായ പാതയിലൂടെ വേണം പോർച്ചുഗലിന് സഞ്ചരിക്കാൻ. റൗണ്ട് ഓഫ് 32-ൽ പോർച്ചുഗലിന്‍റെ എതിരാളികൾ ലൂക്ക മോഡ്രിച്ചിന്‍റെ ക്രോയേഷ്യയാണ്. പഴയ ഫോമിലല്ലെങ്കിലും ഏത് വമ്പനെയും വീഴ്ത്താൻ കെൽപ്പുള്ളവരാണ് ക്രൊയേഷ്യ. ക്രോയേഷ്യയെ മറികടന്നാൽ പ്രീ ക്വാര്‍ട്ടറില്‍ പോർച്ചുഗലിനെ കാത്തിരിക്കുന്നത് അതിലും വലിയ കെണിയാണ്. ഓസ്ട്രിയയെ തോൽപ്പിച്ച് സ്പെയിൻ എത്തിയാൽ പ്രീ-ക്വാർട്ടറിൽ തന്നെ ഒരു 'പോർച്ചുഗൽ-സ്പെയിൻ' മഹാപോരാട്ടത്തിന് ലോകം സാക്ഷ്യം വഹിക്കും. ഒരു സെമി ഫൈനൽ നിലവാരമുള്ള മത്സരം പ്രീ-ക്വാർട്ടറിൽ തന്നെ നടക്കുന്നത് ഇരുടീമുകൾക്കും വൻ തിരിച്ചടിയാണ്. സ്പെയിനിനെ പ്രീ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാല്‍ ബല്‍ജിയമോ അമേരിക്കയോ ആകും പോര്‍ച്ചുഗലിന്‍റെ ക്വാര്‍ട്ടറിലെ എതിരാളികള്‍. ക്വാര്‍ട്ടര്‍ കടമ്പയും കടന്നാല്‍ സെമിയില്‍ കാത്തിരിക്കുന്നത് എംബാപ്പെയുടെ ഫ്രാന്‍സാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!