ഇന്ത്യ കാണാന്‍ പോകുന്നത് വിപണിയില്‍ അംബാനിയുടെ മറ്റൊരു വെടിക്കെട്ട്; പങ്കാളി ഗൂഗിള്‍.!

By Web TeamFirst Published Sep 23, 2020, 6:12 AM IST
Highlights

പുതിയ ഗാഡ്ജെറ്റ് ജനപ്രിയമാക്കുന്നതില്‍ റിലയന്‍സ് വിജയിക്കുകയാണെങ്കില്‍, അത് ജിയോ പ്ലാറ്റ്ഫോമുകള്‍ക്കുള്ള സാധ്യതകള്‍ ഉയര്‍ത്തുകയും ഇ-കൊമേഴ്സ്, സോഷ്യല്‍ മീഡിയ, ഗെയിമുകള്‍ എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള അംബാനിയുടെ ശ്രമങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യും. 

വോമി പോലെയുള്ള ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്കു വലിയ തിരിച്ചടിയാകാന്‍ റിലയന്‍സ് തയ്യാറെടുക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 200 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ കമ്പനി. ഇതിനായി ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രാദേശിക വിതരണക്കാരോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഫോണിന്റെ ഒരു പതിപ്പ് നിര്‍മ്മിക്കാന്‍ റിലയന്‍സ് ആഭ്യന്തര അസംബ്ലര്‍മാരുമായി ചര്‍ച്ച നടത്തുകയാണ്, ഏകദേശം 4,000 രൂപ ചെലവിലാണ് ഇത് പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. വിലകുറഞ്ഞ ഈ ഫോണുകള്‍ ജിയോയില്‍ നിന്ന് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ ഉപയോഗിച്ച് വിപണനം ചെയ്യാനാണ് പദ്ധതി.

വയര്‍ലെസ് സേവനങ്ങളില്‍ ചെയ്തതു പോലെ രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വ്യവസായത്തെ റീമേക്ക് ചെയ്യുകയാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്. പ്രാദേശിക അസംബ്ലര്‍മാരായ ഡിക്‌സണ്‍ ടെക്‌നോളജീസ് ഇന്ത്യ, ലാവ ഇന്റര്‍നാഷണല്‍, കാര്‍ബണ്‍ മൊബൈല്‍സ് എന്നിവയുമായി ചേര്‍ന്നാണ് ഫോണുകള്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ് ഒരുങ്ങുന്നത്.

''എന്‍ട്രി ലെവല്‍ ഫോണുകളില്‍ റിലയന്‍സിന് സ്വന്തമായി ഒരു വിപണനമേഖലയുണ്ട്. ഇവിടെ വിജയിക്കാന്‍ അവര്‍ക്കു തീര്‍ച്ചയായും കഴിയും,'' ബ്ലൂംബെര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക് അസോസിയേഷന്‍ ചെയര്‍മാന്‍ പങ്കജ് മോഹിന്ദ്രൂ പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ 150 ദശലക്ഷം മുതല്‍ 200 ദശലക്ഷം വരെ ഫോണുകള്‍ വില്‍ക്കുകയെന്ന റിലയന്‍സിന്റെ ലക്ഷ്യം പ്രാദേശിക ഫാക്ടറികള്‍ക്ക് വന്‍തോതില്‍ ഉത്തേജനം നല്‍കും. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക് അസോസിയേഷന്‍ ചെയര്‍മാന്റെ കണക്കനുസരിച്ച് മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 165 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് വിറ്റഴിച്ചത്. കൂടാതെ സ്മാര്‍ട്ട്ഫോണുകളില്‍ അഞ്ചിലൊന്ന് ഇന്ത്യയില്‍ വില്‍ക്കുന്നത് ഏകദേശം 7,000 രൂപയ്ക്കു മുകളിലാണെന്നതും റിയലന്‍സിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

റിലയന്‍സിന്റെ എതിരാളിയായ ഭാരതി എയര്‍ടെല്ലും സ്വന്തമായി 4 ജി ഉപകരണം നിര്‍മ്മിക്കുന്നതിനായി അസംബ്ലര്‍മാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഫോണ്‍ നിര്‍മ്മാണം ഔട്ട്സോഴ്സിംഗ് ചെയ്യുന്നതിനെക്കുറിച്ച് അംബാനി ആലോചിക്കുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നു ജൂലൈയില്‍ റിലയന്‍സ് ഗൂഗിളുമായി വിശാലമായ സഖ്യമുണ്ടാക്കി, അതില്‍ ആല്‍ഫബെറ്റ് ഇങ്ക് 4.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയും സാങ്കേതിക സംരംഭങ്ങളുമായി സഹകരിക്കുകയും ചെയ്യാന്‍ ധാരണയായി. ഈ പങ്കാളിത്തം ഇപ്പോഴും റെഗുലേറ്ററി അവലോകനത്തിലാണ്, അതിനാല്‍ റിലയന്‍സ് ഇപ്പോള്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ സംരംഭവുമായി മുന്നോട്ട് പോകുന്നു.

ജയ പ്ലാറ്റ്ഫോംസ് പ്രൈവറ്റ് ലിമിറ്റഡിനായി ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേറ്റുകളില്‍ നിന്ന് അംബാനി 20 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നേടിയിട്ടുണ്ട്. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും രഹസ്യമായി പ്രോട്ടോടൈപ്പുകളില്‍ ഇത് അസംബ്ലര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നാണ് സൂചന. മാത്രമല്ല ഒരു ഫോണ്‍ അതിവേഗം വിപണിയിലെത്തിക്കാന്‍ കഴയുന്നില്ലെങ്കില്‍ വരുന്ന നവംബറിലെ ദീപാവലി ഷോപ്പിംഗ് സീസണ്‍ നഷ്ടപ്പെടുമെന്ന് വിപണി കേന്ദ്രങ്ങള്‍ പറഞ്ഞു.

പുതിയ ഗാഡ്ജെറ്റ് ജനപ്രിയമാക്കുന്നതില്‍ റിലയന്‍സ് വിജയിക്കുകയാണെങ്കില്‍, അത് ജിയോ പ്ലാറ്റ്ഫോമുകള്‍ക്കുള്ള സാധ്യതകള്‍ ഉയര്‍ത്തുകയും ഇ-കൊമേഴ്സ്, സോഷ്യല്‍ മീഡിയ, ഗെയിമുകള്‍ എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള അംബാനിയുടെ ശ്രമങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യും. ജിയോയുടെ 400 ദശലക്ഷം ഉപയോക്താക്കളില്‍ പലരും ഇപ്പോള്‍ പുതിയ തലമുറ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. വോയിസിനും ഡാറ്റയ്ക്കുമായി പ്രതിമാസം രണ്ടു ഡോളര്‍ വീതം ചെലവഴിക്കുന്നു. പുതിയ ഉപകരണത്തിന്റെ വലിയ സാധ്യതയുള്ള വിപണിയായി ഇന്ത്യ മാറിയെങ്കിലും നേട്ടങ്ങള്‍ മുഴുവന്‍ കൊണ്ടു പോയതു ചൈനീസ് കമ്പനികളായിരുന്നു. ജിയോയുടെ വരവ് യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി പോലുള്ളവരുടെ വിപണി വിഹിതം ഇല്ലാതാകും.

റിലയന്‍സിന്റെ സ്വന്തം ആവശ്യകതകള്‍ക്ക് തുടക്കത്തില്‍ പ്രതിമാസം 5 ദശലക്ഷം ഗാഡ്ജെറ്റുകള്‍ ആവശ്യമുണ്ട്. എന്നാല്‍ നിലവില്‍ ഒരു ഇന്ത്യന്‍ കമ്പനിക്കും അത്തരത്തിലുള്ള നിര്‍മ്മാണ ശേഷി ഇല്ല, അതിനാല്‍ ഓര്‍ഡര്‍ ഒന്നിലധികം അസംബ്ലര്‍മാര്‍ക്കിടയില്‍ വിഭജിക്കപ്പെടാനാണ് സാധ്യത. രണ്ട് ആഭ്യന്തര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളെങ്കിലും റിലയന്‍സുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

ശരാശരി പ്രതിശീര്‍ഷ ജിഡിപി ഏകദേശം 2,000 ഡോളറുള്ള ഒരു രാജ്യത്ത് വാട്‌സാപ്പില്‍ നിന്ന് യൂട്യൂബിലേക്ക് ആപ്ലിക്കേഷനുകളുടെ ലൈറ്റ് പതിപ്പുകള്‍ ആക്‌സസ് ചെയ്യുന്നതിന് ഫോണുകള്‍ അനിവാര്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് 2020 മുതല്‍ രണ്ടാം പാദത്തില്‍ 100 മുതല്‍ 250 ഡോളര്‍ വരെ വിലയുള്ള ഫോണുകളുടെ വില്‍പ്പന നടന്നതെന്ന് പറയുന്നു. റിലയന്‍സിന്റെ നാലാം തലമുറ വയര്‍ലെസ് ഗാഡ്ജെറ്റുകള്‍ - 5 ജിയില്‍ താഴെയുള്ള ഒരു നിര - ഇപ്പോള്‍ ഇന്ത്യയുടെ വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്തുന്ന അടിസ്ഥാന അല്ലെങ്കില്‍ ഫീച്ചര്‍ ഫോണുകളുടെ 350 ദശലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിടുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു വ്യവസായ പരിപാടിയില്‍ സംസാരിക്കവെ അംബാനി പറഞ്ഞു, 2 ജി യുഗത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ നിന്നും മാറാന്‍ റിലയന്‍സ് അവരെ സഹായിക്കുന്നു. അങ്ങനെയെങ്കില്‍, 2021-ലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി ജിയോ മാറാനാണ് സാധ്യതയെന്നു മൊബൈല്‍ വിപണി കേന്ദ്രങ്ങള്‍ പറയുന്നു.  

click me!