ചൈനയിൽ ആപ്പിളിന് പുതിയ ആയുധം! സ്വന്തം എഐ മോഡലുമായി ആപ്പിളിന്‍റെ വമ്പൻ നീക്കം

Published : Aug 17, 2026, 04:07 PM IST
Apple Intelligence,  Apple, Apple AI, Apple Intelligence, Apple China, Apple AI China, iPhone China, China Smartphone Market, Alibaba, Alibaba Qwen, Huawei, Huawei AI, AI Technology, Artificial Intelligence, Large Language Model, LLM, Apple Intelligence China, iPhone AI, Apple News, iPhone News, Tech News, China Tech, Smartphone News, ആപ്പിൾ, ആപ്പിൾ എഐ, ആപ്പിൾ ഇന്റലിജൻസ്, ഐഫോൺ, ചൈനയിലെ ഐഫോൺ, ചൈന സ്മാർട്ട്ഫോൺ വിപണി, ആലിബാബ, ക്വെൻ എഐ, ഹുവാവേ, എഐ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഐ മോഡൽ, ടെക് വാർത്തകൾ

Synopsis

അമേരിക്കൻ ടെക്ക് ഭീമനായ ആപ്പിൾ, ചൈനീസ് വിപണിയിൽ സ്വാധീനം നിലനിർത്താൻ ആലിബാബയുടെ സഹകരണത്തോടെ പ്രത്യേക എഐ ലാർജ് ലാംഗ്വേജ് മോഡൽ വികസിപ്പിക്കുന്നു. പ്രാദേശിക ബ്രാൻഡുകളിൽ നിന്നുള്ള മത്സരം, കർശനമായ നിയന്ത്രണങ്ങൾ എന്നിവ മറികടന്ന് ഐഫോണിന്റെ മത്സരക്ഷമത വീണ്ടെടുക്കാനുള്ള തന്ത്രപരമായ നീക്കമാണിത്.

ലോകത്തെ പ്രധാന സ്‍മാർട്ട്ഫോൺ വിപണികളിലൊന്നായ ചൈനയിൽ സ്വാധീനം നിലനിർത്താൻ നിർണായക നീക്കവുമായി അമേരിക്കൻ ടെക്ക് ഭീമനായ ആപ്പിൾ. എഐ സാങ്കേതികവിദ്യയാണ് ഇതിനായി കമ്പനി പ്രധാന ആയുധമാക്കുന്നത്. ചൈനീസ് വിപണിക്കായി പ്രത്യേകമായി ഒരു ലാർജ് ലാംഗ്വേജ് മോഡൽ (എൽഎൽഎം) ആപ്പിൾ വികസിപ്പിച്ചതായാണ് റിപ്പോർട്ട്. ആലിബാബയുടെ സഹകരണത്തോടെയാണ് ചൈനയ്ക്കായി പ്രത്യേകമായി തയ്യാറാക്കിയ ലാർജ് ലാംഗ്വേജ് മോഡൽ വികസിപ്പിച്ചതെന്നാണ് റോയിട്ടേഴ്സിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ആപ്പിൾ ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചൈനയിലെ ഐഫോൺ ഉപയോക്താക്കൾക്കുള്ള എഐ അനുഭവത്തിൽ കൂടുതൽ നിയന്ത്രണം നേടുകയാണ് ആപ്പിളിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. ചൈനീസ് സാങ്കേതിക കമ്പനികളുടെ എഐ മാതൃകകളെ മാത്രം ആശ്രയിക്കാതെ സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയും ഉപയോഗിക്കാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ചൈനയിൽ എഐ നിർണായകമാകുന്നത് എന്തുകൊണ്ട്?

ആപ്പിളിന്റെ ചൈനയിലെ പ്രശ്‍നം എഐ സവിശേഷതകൾ വൈകിയെത്തിയത് മാത്രമല്ല. ഹുവാവേ ഉൾപ്പെടെയുള്ള ചൈനീസ് സ്‍മാർട്ട്ഫോൺ നിർമാതാക്കൾ അവരുടെ ഫോണുകളിൽ എഐ സഹായികളും മറ്റ് ബുദ്ധിപരമായ സംവിധാനങ്ങളും വേഗത്തിൽ അവതരിപ്പിക്കുകയാണ്. ഇതോടെ ഉപയോക്താക്കൾക്ക് ഐഫോണിന് പകരം പ്രാദേശിക ബ്രാൻഡുകൾ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളും വർധിച്ചു. അതേസമയം, ചൈനയിലെ നിയന്ത്രണങ്ങൾ കാരണം ഐഫോണിൽ ആപ്പിൾ ഇന്‍റലിജൻസ് അവതരിപ്പിക്കാൻ ആപ്പിളിന് കഴിയാതെ പോയിരുന്നു. അമേരിക്ക പോലുള്ള വിപണികളിൽ ഓപ്പൺഎഐയുടെ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ ആപ്പിളിന് സാധിക്കുന്നുണ്ട്. എന്നാൽ ചൈനയിൽ ചാറ്റ്ജിപിടി, ആന്ത്രോപിക്കിന്റെ ക്ലോഡ് തുടങ്ങിയ സേവനങ്ങൾക്ക് ലഭ്യതയില്ല. അതിനാൽ ചൈനീസ് ഉപയോക്താക്കൾക്കായി എഐ സേവനങ്ങൾ നൽകണമെങ്കിൽ പ്രാദേശിക സാങ്കേതിക കമ്പനികളുമായി സഹകരിക്കേണ്ട സാഹചര്യമാണുള്ളത്. ഇപ്പോൾ സ്വന്തമായി ഒരു എഐ മാതൃക വികസിപ്പിക്കുന്നതിലൂടെ ഈ ആശ്രിതത്വം കുറയ്ക്കാനാണ് ആപ്പിൾ ശ്രമിക്കുന്നത്.

ചൈനയ്ക്കായി പ്രത്യേക എഐ മോഡൽ

ചൈനീസ് വിപണിക്കായി പ്രത്യേകമായി വികസിപ്പിക്കുന്ന എഐ മോഡലിലൂടെ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും കണക്കിലെടുത്ത് ആപ്പിൾ ഇന്റലിജൻസ് സംവിധാനങ്ങൾ രൂപപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ മാതൃക ആപ്പിൾ ഇന്റലിജൻസിൽ എത്രത്തോളം ഉപയോഗിക്കുമെന്നത് വ്യക്തമല്ല. ആലിബാബയുടെ ക്വെൻ ഉൾപ്പെടെയുള്ള പ്രാദേശിക എഐ സാങ്കേതികവിദ്യകളെ എത്രത്തോളം ആശ്രയിക്കുമെന്നും വ്യക്തതയില്ല. എന്നാൽ സ്വന്തം എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ആപ്പിളിന് ചൈനയിലെ ഉപയോക്താക്കൾക്ക് നൽകുന്ന എഐ അനുഭവത്തിൽ കൂടുതൽ നിയന്ത്രണം നേടാൻ സഹായിക്കും.

ആലിബാബ ഇപ്പോഴും നിർണായക പങ്കാളി

സ്വന്തം എഐ മാതൃക വികസിപ്പിക്കുന്നുണ്ടെങ്കിലും ചൈനീസ് സാങ്കേതിക കമ്പനികളിൽനിന്ന് ആപ്പിൾ പൂർണമായും അകന്നിട്ടില്ല. ആലിബാബ ഇപ്പോഴും ആപ്പിളിന്റെ ചൈനീസ് എഐ തന്ത്രത്തിലെ പ്രധാന പങ്കാളിയാണ്. ചൈനീസ് പതിപ്പിലുള്ള ആപ്പിൾ ഇന്റലിജൻസിൽ ആലിബാബയുടെ ക്വെൻ മാതൃക ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ ബൈഡുവുമായും ആപ്പിൾ എഐ സാങ്കേതികവിദ്യയുടെ കാര്യത്തിൽ സഹകരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആപ്പിളും ആലിബാബയും തമ്മിലുള്ള സഹകരണം 2025 ഫെബ്രുവരിയിലാണ് പുറത്തുവന്നത്. ആലിബാബ ചെയർമാൻ ജോ സായ് ഇരു കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കുന്നതായി അന്ന് സ്ഥിരീകരിച്ചിരുന്നു. നിരവധി ചൈനീസ് കമ്പനികളെ പരിഗണിച്ച ശേഷമാണ് ആലിബാബയെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിയന്ത്രണങ്ങൾ വൈകിപ്പിച്ചു

ചൈനയിലെ നിയമപരമായ ആവശ്യകതകൾ പാലിക്കുന്നതിനായി എഐ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നതാണ് ആപ്പിൾ ഇന്റലിജൻസിന്റെ ചൈനീസ് അവതരണം വൈകാൻ പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ആപ്പിളിന്റെ ജനറേറ്റീവ് എഐ സേവനത്തിന് ചൈനയുടെ സൈബർസ്പേസ് അഡ്‍മിനിസ്ട്രേഷൻ രജിസ്ട്രേഷൻ നൽകിയതായാണ് വിവരം. ഇതോടെ ചൈനീസ് ഉപയോക്താക്കളിലേക്ക് ആപ്പിൾ ഇന്‍റലിജൻസ് എത്തിക്കുന്നതിലെ പ്രധാന തടസങ്ങളിലൊന്ന് നീങ്ങിയതായി വിലയിരുത്തപ്പെടുന്നു. ചൈനീസ് ഭാഷയിൽ ആപ്പിൾ നേരത്തെ ഒരു മാർഗനിർദേശവും പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതയുള്ള മാക് ഉപയോക്താക്കൾക്ക് ആലിബാബയുടെ ക്വെൻ മാതൃക സിരി, റൈറ്റിങ് ടൂൾസ് തുടങ്ങിയ സവിശേഷതകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളായിരുന്നു ഇതിൽ. എന്നാൽ പിന്നീട് ഈ മാർഗനിർദേശം ആപ്പിൾ നീക്കം ചെയ്തു. കാരണം വ്യക്തമാക്കിയിട്ടില്ല.

ഐഫോണിന് എഐ തിരിച്ചുവരവ് അനിവാര്യം

ചൈന ആപ്പിളിന് അത്രത്തോളം പ്രധാനപ്പെട്ട വിപണിയായതിനാൽ എഐയെ ഒരു അധിക സവിശേഷതയായി മാത്രം കാണാൻ കമ്പനിക്ക് കഴിയില്ല. പ്രാദേശിക സ്‍മാർട്ട്ഫോൺ നിർമാതാക്കളിൽനിന്നുള്ള കടുത്ത മത്സരവും ഐഫോണിൽ ആപ്പിൾ ഇന്റലിജൻസിന്റെ അഭാവവും കമ്പനിക്ക് വെല്ലുവിളിയാണ്. ചൈനയിൽ ആപ്പിൾ ഇന്റലിജൻസ് അവതരിപ്പിക്കാൻ കഴിഞ്ഞാൽ ഐഫോണിൽ പുതിയ സൗകര്യങ്ങൾ ചേർക്കുന്നതിലുപരി വിപണിയിൽ ഐഫോണിന്റെ മത്സരക്ഷമത വീണ്ടെടുക്കാനും ഇത് സഹായിച്ചേക്കും. പ്രാദേശിക വിപണിയെ മനസിലാക്കാനും നിയന്ത്രണങ്ങൾ മറികടക്കാനും ആലിബാബ പോലുള്ള പങ്കാളികളുടെ സഹായം തേടുന്നതിനൊപ്പം സ്വന്തം എഐ മാതൃക വികസിപ്പിച്ച് സാങ്കേതികവിദ്യയിൽ കൂടുതൽ നിയന്ത്രണം നേടുകയെന്നതാണ് ആപ്പിളിന്റെ തന്ത്രമെന്നാണ് വിലയിരുത്തൽ.

സാങ്കേതിക മേഖലയിലെ മറ്റൊരു നീക്കം

ആപ്പിളിന്‍റെ ചൈനീസ് എഐ നീക്കത്തിന് മറ്റൊരു പ്രധാനവശം കൂടിയുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതിക-വ്യാപാര തർക്കങ്ങൾ തുടരുന്നതിനിടെയാണ് ചൈനയിൽ സ്വന്തമായ എഐ സാങ്കേതികവിദ്യ വികസിപ്പിച്ച് അവതരിപ്പിക്കാൻ ആപ്പിൾ ശ്രമിക്കുന്നത്. ചൈനീസ് അധികൃതരിൽനിന്ന് ആവശ്യമായ അനുമതികൾ ലഭിച്ചാൽ രാജ്യത്ത് സ്വന്തം ഉടമസ്ഥതയിലുള്ള എഐ മാതൃക അവതരിപ്പിക്കാൻ അനുമതി ലഭിക്കുന്ന ആദ്യ വിദേശ കമ്പനികളിലൊന്നായി ആപ്പിൾ മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ചൈനയിലെ ആപ്പിളിന്‍റെ എഐ നീക്കം ഒരു പുതിയ ഐഫോൺ സവിശേഷത അവതരിപ്പിക്കുന്നതിലുപരി, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിപണികളിലൊന്നിൽ കമ്പനിയുടെ ഭാവി സ്വാധീനം നിലനിർത്താനുള്ള തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഐഫോൺ 18 പ്രോ വരുന്നു; ഐഫോൺ 17 പ്രോയിൽ നിന്ന് എന്തൊക്കെ മാറും?
ഐഫോൺ 18 പ്രോയ്ക്ക് വില കുതിക്കുമോ? ഇന്ത്യയിൽ 1.4 ലക്ഷം വരെ നൽകേണ്ടി വരും!