ഐഫോൺ ഡ്യുവോയ്ക്ക് സംഭവിച്ചതെന്ത്? ആപ്പിളിന്‍റെ പ്രതികരണം

Published : Nov 01, 2026, 12:23 PM IST
Apple iPhone Duo

Synopsis

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഐഫോൺ ഡ്യുവോയുടെ അകത്തെ സ്‌ക്രീനിൽ വിള്ളലുകൾ വീഴുന്നതായി പരാതി. പ്രശ്നം പരിഹരിക്കാൻ ആപ്പിൾ സർവീസ് സെന്ററുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വാറന്റി കഴിഞ്ഞാൽ സ്ക്രീൻ മാറ്റാൻ വലിയ തുക ചെലവാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഐഫോൺ ഡ്യുവോയുടെ അകത്തെ സ്‌ക്രീനിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നതായി പരാതി. പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്ന ഫോണുകൾ പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തുകയോ പകരം ഉപകരണം നൽകുകയോ ചെയ്യണമെന്ന് ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾക്കും അംഗീകൃത സർവീസ് സെന്ററുകൾക്കും നിർദേശം നൽകി. ആദ്യഘട്ടത്തിൽ ഫോൺ വാങ്ങിയ ചില ഉപഭോക്താക്കളിൽ നിന്നാണ് സ്‌ക്രീൻ തകരാറുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്നത്.

ഈ ആഴ്ച പുറത്തിറക്കിയ ആഭ്യന്തര മെമ്മോയിലൂടെയാണ് ആപ്പിൾ പുതിയ നിർദേശങ്ങൾ കൈമാറിയതെന്ന് ടെക്ക് വാർത്താ വെബ്‌സൈറ്റായ മാക്‌റൂമേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ ഡ്യുവോയുടെ വളരെ കുറച്ച് യൂണിറ്റുകളെ മാത്രമാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഡിസ്‌പ്ലേയിൽ തകരാർ അനുഭവപ്പെടുന്ന ഉപഭോക്താക്കൾ ആപ്പിൾകെയറുമായി ബന്ധപ്പെടണമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു.

എന്താണ് ഐഫോൺ ഡ്യുവോയുടെ സ്‌ക്രീൻ പൊട്ടാൻ കാരണം?

ഫോൺ ഉപഭോക്താക്കളുടെ കൈകളിലെത്തിയതിന് പിന്നാലെയാണ് അകത്തെ ഡിസ്‌പ്ലേയിൽ വിള്ളലുകളും പ്രകാശമുള്ള വരകളും പ്രത്യക്ഷപ്പെടുന്നതായി പരാതികൾ ഉയർന്നത്. പ്രധാനമായും ഫോണിന്റെ മധ്യഭാഗത്തുള്ള ഹിഞ്ചിന് സമീപമാണ് തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓസ്‌ട്രേലിയയിലെ ഒരു ഉപഭോക്താവിന്റെ ഫോൺ 20 തവണയിൽ താഴെ മാത്രം തുറക്കുകയും അടയ്ക്കുകയും ചെയ്തപ്പോഴേക്കും സ്‌ക്രീനിൽ വിള്ളൽ വീണതായി മാക്‌റൂമേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഫോണിന് പുറമേ ദൃശ്യമായ കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഉപഭോക്താവ് വ്യക്തമാക്കിയിരുന്നു.

ഹിഞ്ച് സംവിധാനത്തിലെ തകരാറാകാം കാരണമെന്ന് സൂചന

പ്രശ്‌നത്തിന്റെ യഥാർഥ കാരണം ആപ്പിൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, റിപ്പയർ വെബ്‌സൈറ്റായ ഐഫിക്‌സിറ്റ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഹിഞ്ച് സംവിധാനത്തിലെ തകരാറാകാം സ്‌ക്രീൻ പൊട്ടാൻ കാരണമെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഫോണിന്റെ ഹിഞ്ചിനുള്ളിലെ മധ്യഭാഗത്തുള്ള സപ്പോർട്ട് ബാർ ഫോൺ മടക്കുമ്പോൾ കൃത്യമായി ഉള്ളിലേക്ക് നീങ്ങാത്തതാണ് പ്രശ്‌നമെന്നാണ് ഐഫിക്‌സിറ്റിന്റെ വിലയിരുത്തൽ. ഇത് ഡിസ്‌പ്ലേയുടെ ഒരു പ്രത്യേക ഭാഗത്ത് അമിത സമ്മർദമുണ്ടാക്കുകയും പിന്നീട് വിള്ളലിന് കാരണമാകുകയും ചെയ്യാമെന്നാണ് നിഗമനം. ഹിഞ്ചിന്റെ ഘടന മനസിലാക്കുന്നതിനായി വിവിധ പരിശോധനാ ദൃശ്യങ്ങൾ, പേറ്റന്റുകൾ, സി.ടി. സ്കാനുകൾ എന്നിവ ഉപയോഗിച്ചാണ് ഐഫിക്‌സിറ്റ് ത്രിമാന മാതൃക തയ്യാറാക്കിയത്. എന്നാൽ, ഈ കണ്ടെത്തൽ സാധ്യത മാത്രമാണെന്നും ആപ്പിൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്‌ക്രീൻ റിപ്പയറിന് ചെലവേറും; 999 ഡോളർ നൽകേണ്ടിവരും

ഐഫോൺ ഡ്യുവോയുടെ അകത്തെ ഡിസ്‌പ്ലേ മാറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഐഫിക്‌സിറ്റ് ചൂണ്ടിക്കാട്ടി. ഇതുവരെ പരിശോധിച്ച ഫോൾഡബിൾ ഫോണുകളിൽ ഏറ്റവും എളുപ്പത്തിൽ അറ്റകുറ്റപ്പണി നടത്താൻ കഴിയുന്ന ഉപകരണങ്ങളിലൊന്നായി ഐഫോൺ ഡ്യുവോയെ വിശേഷിപ്പിച്ചെങ്കിലും റിപ്പയറബിലിറ്റി സ്‌കോറായി 10ൽ 5 മാത്രമാണ് താൽക്കാലികമായി നൽകിയത്. വാറന്റി കാലാവധി കഴിഞ്ഞാൽ അമേരിക്കയിൽ സ്‌ക്രീൻ മാറ്റുന്നതിന് 999 ഡോളർ (ഏകദേശം 94,817 രൂപ) ചെലവാകുമെന്നും റിപ്പോർട്ടിലുണ്ട്.

തിരിച്ചുവിളിക്കൽ നടപടിയില്ല; ഉപഭോക്താക്കൾ ചെയ്യേണ്ടത്

അതേസമയം, സ്‌ക്രീൻ തകരാറുമായി ബന്ധപ്പെട്ട് ആപ്പിൾ ഇതുവരെ ഔദ്യോഗിക തിരിച്ചുവിളിക്കൽ നടപടിയോ പ്രത്യേക റിപ്പയർ പദ്ധതിയോ പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള പരിശോധനാ, അറ്റകുറ്റപ്പണി നടപടികൾ തന്നെ തുടരാനാണ് സർവീസ് സെന്ററുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. സ്‌ക്രീനിൽ വിള്ളലുകളോ അസാധാരണമായ പ്രകാശവരകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾ ആപ്പിൾകെയറുമായോ അംഗീകൃത സർവീസ് സെന്ററുകളുമായോ ബന്ധപ്പെടണം. പരിശോധനയ്ക്ക് ശേഷം കമ്പനിയുടെ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് അറ്റകുറ്റപ്പണി നടത്തുകയോ പകരം ഫോൺ നൽകുകയോ ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

ഐഫോൺ 18ൽ വരാനിരിക്കുന്ന ആറ് വമ്പൻ മാറ്റങ്ങൾ എന്തൊക്കെ?
വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ ഐഫോൺ ഡുവോയ്ക്ക് പണി കിട്ടി! സ്‌ക്രീൻ പൊട്ടുന്നു, പകരം ഫോൺ നൽകുമെന്ന് ആപ്പിൾ