സസ്‌പെന്‍സ് നിറച്ച് ആപ്പിള്‍! ഐഫോണ്‍ എസ്ഇ 4 ലോഞ്ച് ഇന്ന്, അവതരണം ഇന്ത്യയില്‍ എങ്ങനെ തത്സമയം കാണാം

Published : Feb 19, 2025, 09:13 AM ISTUpdated : Feb 19, 2025, 10:02 AM IST
സസ്‌പെന്‍സ് നിറച്ച് ആപ്പിള്‍! ഐഫോണ്‍ എസ്ഇ 4 ലോഞ്ച് ഇന്ന്, അവതരണം ഇന്ത്യയില്‍ എങ്ങനെ തത്സമയം കാണാം

Synopsis

2025ലെ ആദ്യ ആപ്പിള്‍ ലോഞ്ച് ഇന്ന്; ആകാംക്ഷയുണര്‍ത്തി ഐഫോണ്‍ എസ്ഇ 4, അവതരണം ഇന്ത്യയില്‍ എങ്ങനെ തത്സമയം കാണാം

കാലിഫോര്‍ണിയ: ടെക് ഭീമന്‍മാരായ ആപ്പിള്‍ കാത്തുകാത്തുവച്ചിരുന്ന ലോഞ്ച് ദിനമാണിന്ന്. ആപ്പിള്‍ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തുന്നു എന്ന ഒറ്റവരി ട്വീറ്റിലൂടെ സിഇഒ ടിം കുക്ക് കരുതിവച്ചിരിക്കുന്ന അത്ഭുതം, നാലാം തലമുറ ഐഫോണ്‍ എസ്ഇ (Apple iPhone SE 4) ആണ് എന്നാണ് ടെക് ലോകത്തിന്‍റെ പ്രതീക്ഷ. ഇന്ന് രാത്രി (ഫെബ്രുവരി 19) ഇന്ത്യന്‍ സമയം 11.30നാണ് ആപ്പിളിന്‍റെ ലോഞ്ച് ഇവന്‍റ് ആരംഭിക്കുക. 10.30-ഓടെ ആപ്പിളിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അവതരണം സംബന്ധിച്ച് അപ്‌ഡേറ്റുകള്‍ പ്രതീക്ഷിക്കാം. 

ആപ്പിള്‍ ലോഞ്ച്: സ്ഥലം, സമയം, ലൈവ് സ്ട്രീമിങ്

ആപ്പിളിന്‍റെ 2025ലെ ആദ്യ ലോഞ്ചാണ് ഇന്ന് നടക്കുന്നത്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കാണ് പ്രകാശന വേദി. ആപ്പിള്‍ സിഇഒ ടിം കുക്കും കമ്പനിയുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും പരിപാടിയില്‍ പങ്കെടുക്കും. ഇതാദ്യമായാണ് ഫെബ്രുവരി മാസം ആപ്പിളൊരു പ്രധാനപ്പെട്ട പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്. കമ്പനിയുടെ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എസ്ഇ 4 ഇന്ന് പ്രകാശനം ചെയ്യപ്പെടും എന്നാണ് ബ്ലൂംബെര്‍ഗും ഫോബ്സും അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ക്ക് ക്ഷണമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നതിനാല്‍, ഓണ്‍ലൈനായാകും ഐഫോണ്‍ എസ്ഇ 4 ആപ്പിള്‍ അവതരിപ്പിക്കുക. ഇന്ത്യന്‍ സമയം രാത്രി 11.30ന് ആരംഭിക്കുന്ന ആപ്പിള്‍ ലോഞ്ച്, ആപ്പിള്‍ ഡോട് കോമും ആപ്പിളിന്‍റെ യൂട്യൂബ് ചാനലും ആപ്പിള്‍ ടിവി ആപ്പും, എക്സിലെയും ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും ആപ്പിളിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും വഴി തത്സമയം കാണാം. 

Read more: അവസാന നിമിഷം പേര് മാറുമോ? ഐഫോൺ എസ്ഇ 4ന് മറ്റൊരു കൗതുകം കൂടി

പ്രീമിയം ലുക്കിലൊരു എസ്ഇ 

മൂന്നാം തലമുറ എസ്ഇ സ്മാര്‍ട്ട്ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ വമ്പന്‍ അപ്‌ഡേറ്റുകളാണ് ഐഫോണ്‍ എസ്ഇ 4ല്‍ വരികയെന്നാണ് സൂചന. ഐഫോണ്‍ 14ന് സമാനമായ ഡിസൈനില്‍ വരുന്ന എസ്ഇ 4ല്‍ ഒലെഡ് ഡിസ്‌പ്ലെയും, ആപ്പിളിന്‍റെ സ്വന്തം 5ജി മോഡവും, ഐഫോണ്‍ 16 സീരീസിന് കരുത്തുപകരുന്ന മികവുറ്റ എ18 ചിപ്പും, 8 ജിബി റാമും, ഫേസ് ഐഡിയും പ്രതീക്ഷിക്കാം. 48 മെഗാപിക്‌സലിന്‍റെ സിംഗിള്‍ റീയര്‍ ക്യാമറയും 12 എംപിയുടെ സെല്‍ഫി ക്യാമറയും, ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളും വരുന്ന ഫോണ്‍ പ്രീമിയം മൊബൈലിനോട് കിടപിടിക്കുന്നതായിരിക്കും. ഇന്ത്യയില്‍ ഐഫോണ്‍ എസ്ഇ 4ന് 45,000ത്തിനും 50,000ത്തിനും ഇടയിലായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Read more: ആകാംക്ഷ കൊടുമുടി കയറുന്നു; ഐഫോണ്‍ എസ്ഇ 4 എന്ന് മുതല്‍ ബുക്ക് ചെയ്യാം, എപ്പോള്‍ വാങ്ങാം? വിവരങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി