രാജ്യാന്തര മാധ്യമമായ ഫോബ്‌സാണ് ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എസ്ഇ 4-ന്‍റെ ലോഞ്ച് തിയതി, പ്രീ-ഓര്‍ഡര്‍ ആരംഭിക്കുന്ന സമയം, വില്‍പന ആരംഭിക്കുന്ന തിയതി എന്നിവ പുറത്തുവിട്ടിരിക്കുന്നത് 

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ നാലാം തലമുറ എസ്ഇ സ്മാര്‍ട്ട്‌ഫോണ്‍ (Apple iPhone SE 4) വരാന്‍ രണ്ട് ദിവസം കൂടിയേയുള്ളൂ. ഫെബ്രുവരി 19ന് ആപ്പിള്‍ കുടുംബത്തിലെ പുതിയ അംഗത്തെ അവതരിപ്പിക്കും എന്നായിരുന്നു ആപ്പിള്‍ സിഇഒ ടിം കുക്ക് ഫെബ്രുവരി 13ന് നടത്തിയ പ്രഖ്യാപനം. ഈ ലോഞ്ച് ഐഫോണ്‍ എസ്ഇ 4ന്‍റെതാണ് എന്ന് ആപ്പിള്‍ സ്ഥിരീകരിച്ചില്ലെങ്കിലും, ആപ്പിള്‍ കുടുംബത്തിലേക്ക് അടുത്തതായി വരാനിരിക്കുന്ന അംഗം ഐഫോണ്‍ എസ്ഇ 4 തന്നെയെന്ന് ഫോബ്സ് ഉറപ്പിക്കുന്നു. 

ഫോബ്സിന്‍റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ 

ഫെബ്രുവരി 19നാണ് ആപ്പിള്‍ ഐഫോണ്‍ എസ്ഇ 4 പുറത്തിറക്കുക എന്നാണ് രാജ്യാന്തര മാധ്യമമായ ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം ബ്ലൂംബെര്‍ഗും ഉറപ്പിക്കുന്നു. അനാച്ഛാദന ചടങ്ങിനായി ഇതുവരെ മാധ്യമങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ല എന്നതിനാല്‍ ന്യൂജെന്‍ എസ്ഇ 4-ന്‍റെ അവതരണം വലിയ പൊതു പരിപാടിയായിരിക്കില്ല, പകരം ആപ്പിള്‍ ന്യൂസ് വെബ്‌സൈറ്റ്, ആപ്പിള്‍ ഡോട് കോം/ന്യൂസ് റൂം എന്നിവ വഴി വാര്‍ത്താക്കുറിപ്പിലൂടെ പുതിയ ഐഫോണ്‍ കമ്പനി അവതരിപ്പിക്കാനാണ് സാധ്യത. പുതിയ ഉല്‍പന്നത്തെ കുറിച്ച് വിശദമായി വിവരിക്കുന്ന ഒരു വീഡിയോ ആപ്പിള്‍ അവതരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ ആപ്പിളിന്‍റെ പ്രധാന വെബ്‌സൈറ്റിലും കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും വീഡിയോ അവതരണമുണ്ടാകും. ഫെബ്രുവരി 19ന് ഇന്ത്യന്‍ സമയം വൈകിട്ടായിരിക്കും ഐഫോണ്‍ എസ്ഇ 4 ആപ്പിള്‍ പുറത്തിറക്കാനുള്ള സാധ്യത. 

Read more: ആപ്പിളിന്‍റെ കൃത്യം ചേരുവ! കുറഞ്ഞ വില, കൂടുതല്‍ ഫീച്ചറുകള്‍; ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ഐഫോണ്‍ എസ്ഇ 4

എപ്പോള്‍ മുതലാണ് ഐഫോണ്‍ എസ്ഇ 4ന്‍റെ പ്രീ-ഓര്‍ഡര്‍ ആരംഭിക്കുകയെന്നും വില്‍പന തുടങ്ങുന്നതെന്നും ഫോബ്സ് റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്. 21-ാം തിയതി ഇന്ത്യന്‍ സമയം വൈകിട്ടാണ് ഐഫോണ്‍ എസ്ഇ 4 പ്രീ-ഓര്‍ഡര്‍ തുടങ്ങുക എന്നാണ് സൂചന. വില്‍പനയാവട്ടെ ഫെബ്രുവരി 28നാണ് തുടങ്ങുക എന്നാണ് നിലവിലെ സൂചന. എന്തായാലും ഐഫോണ്‍ എസ്ഇ 4 ലോഞ്ച് സംബന്ധിച്ച് ആപ്പിളിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ വരുമെന്ന് പ്രതീക്ഷിക്കാം. 

Read more: അവസാന നിമിഷം പേര് മാറുമോ? ഐഫോൺ എസ്ഇ 4ന് മറ്റൊരു കൗതുകം കൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം