
ബെയ്‍ജിങ്: വൺപ്ലസ് ഈ വർഷം (2026) നിരവധി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സ്മാർട്ട്ഫോണുകൾ, ഓഡിയോ ഡിവൈസുകൾ, കൂടാതെ ഒരു പ്രീമിയം ടാബ്‍ലെറ്റ് ഉൾപ്പെടുന്ന വിപുലമായ ഉൽപ്പന്ന നിര പുറത്തിറക്കാൻ വണ്‍പ്ലസ് പദ്ധതിയിടുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മിഡ്-റേഞ്ച് മുതൽ ഫ്ലാഗ്ഷിപ്പ് ശ്രേണിവരെ, അതുപോലെ തന്നെ ബജറ്റ് വിഭാഗവും ഉൾപ്പെടുത്തി വിവിധ വില നിരക്കുകൾ ലക്ഷ്യമിടുന്ന തരത്തിലാണ് ഈ ലോഞ്ചുകൾ ഉണ്ടാകുക എന്നാണ് സൂചന. ആദ്യഘട്ട പ്രഖ്യാപനങ്ങൾ അടുത്ത മാസം തന്നെ ആരംഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
കമ്പനിയുടെ വരാനിരിക്കുന്ന ഉൽപ്പന്ന പട്ടികയിൽ വൺപ്ലസ് നോർഡ് 6, ഒരു പുതിയ പ്രീമിയം ടാബ്‍ലെറ്റ്, അടുത്ത തലമുറ ബഡ്‍സ് പ്രോ ഇയർബഡ്‍സ്, വൺപ്ലസ് 15എസ്, കൂടാതെ ഒരു പുതിയ ബജറ്റ് സ്മാർട്ട്ഫോൺ എന്നിവ ഉൾപ്പെട്ടേക്കാം എന്ന് പ്രശസ്‍ത ടെക് ലീക്കർ യോഗേഷ് ബ്രാർ എക്സിൽ പങ്കുവച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. മാർച്ച് അവസാനം മുതൽ ഏപ്രിൽ ആരംഭം വരെ ആദ്യഘട്ട ലോഞ്ചുകൾ നടക്കാനിടയുണ്ടെന്നാണ് സൂചന. മുമ്പും സമാനമായ സമയരേഖയെക്കുറിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു.
വൺപ്ലസ് നോർഡ് 6 ഇതിനകം തന്നെ വിവിധ സർട്ടിഫിക്കേഷൻ സൈറ്റുകളിലും ബെഞ്ച്മാർക്ക് പ്ലാറ്റ്‌ഫോമുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്‍നാപ്ഡ്രാഗൺ 8s ജെൻ 4 പ്രോസസർ, 12GB റാം, ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയോടെയായിരിക്കും ഇത് എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. 50 മെഗാപിക്‌സൽ പ്രധാന ക്യാമറയും 80W വയേർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഫോണിൽ ഉണ്ടായേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, മുമ്പ് റദ്ദാക്കിയതായി കരുതപ്പെട്ടിരുന്ന വൺപ്ലസ് 15എസ് വീണ്ടും ലോഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയതായാണ് പുതിയ വിവരം. ക്യാമറ ഹാർഡ്‌വെയറിൽ ചില മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും, ഫോൺ വികസന ഘട്ടത്തിൽ ആണെന്നാണ് സൂചന. വൺപ്ലസ് 15 ടിയുടെ റീബ്രാൻഡഡ് പതിപ്പായിട്ടായിരിക്കും ഇത് എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. 6.31 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് എന്നിവ ഉൾപ്പെടുന്ന സവിശേഷതകൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, വൺപ്ലസ് ബഡ്‍സ് പ്രോ 4 അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സവിശേഷതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇത് വൺപ്ലസ് ബഡ്‍സ് പ്രോ 3യുടെ പിൻഗാമിയായിരിക്കും. 2025 ഓഗസ്റ്റിൽ പുറത്തിറങ്ങിയ ബഡ്‍സ് പ്രോ 3 മികച്ച പ്രതികരണമാണ് നേടിയെടുത്തത്.
വൺപ്ലസ് ബഡ്‍സ് 4 2025 ജൂലൈയിൽ ഇന്ത്യയിൽ 5,999 രൂപയ്ക്ക് പുറത്തിറങ്ങിയിരുന്നു. ഡ്യുവൽ ഡ്രൈവർ സംവിധാനവും ഹൈ-റെസ് വൈറലെസ് ഓഡിയോ പിന്തുണയും 55 ഡിബി വരെ അഡാപ്റ്റീവ് എഎൻസിസംവിധാനവും ഉൾക്കൊള്ളുന്ന ഈ ഇയർഫോണുകൾ ചാർജിംഗ് കേസിനൊപ്പം 45 മണിക്കൂർ വരെ പ്ലേബാക്ക് സമയം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. റിയൽ-ടൈം എഐ ട്രാൻസ്‍ലേഷന്‍ പിന്തുണയും ഇതിൽ ഉണ്ട്.