നിങ്ങളുടെ കമ്പ്യൂട്ടറിലെ റാം വെറുതെയാണോ? ആൾട്ട്മാൻ പറയുന്നു

Published : Nov 02, 2026, 02:50 PM IST
OpenAI CEO Sam Altman

Synopsis

ആഗോളതലത്തിൽ റാം ക്ഷാമം രൂക്ഷമാകുന്നതിനിടെ പേഴ്സണൽ കമ്പ്യൂട്ടറുകളിലെ റാം ഉപയോഗത്തെ ചോദ്യം ചെയ്ത് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ. കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന റാം എഐ ഡാറ്റാ സെന്ററുകളിൽ പ്രയോജനപ്പെടുത്തുന്നതാണ് കൂടുതൽ നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ആഗോളതലത്തിൽ റാം (റാൻഡം ആക്സസ് മെമ്മറി) ക്ഷാമം രൂക്ഷമാകുന്നതിനിടെ വിചിത്രമായ അഭിപ്രായവുമായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ. പേഴ്സണൽ കമ്പ്യൂട്ടറുകളിൽ വലിയ അളവിൽ റാം ഉപയോഗിക്കാതെ സൂക്ഷിക്കുന്നതിനേക്കാൾ അത് എഐ ഡാറ്റാ സെന്ററുകളിൽ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലോകത്ത് ലഭ്യമായ പരിമിതമായ മെമ്മറി വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കണമെന്നാണ് ആൾട്ട്മാന്റെ നിലപാട്.

പിസികളിലെ റാം ഉപയോഗത്തെ ചോദ്യം ചെയ്ത് ആൾട്ട്മാൻ

ചീക്കി പിന്റ് പോഡ്‍കാസ്റ്റിൽ സംസാരിക്കുന്നതിനിടെയാണ് ആൾട്ട്മാൻ ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം കമ്പ്യൂട്ടറുകളിൽ തന്നെ എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്ന രീതിയായ ലോക്കൽ ഇൻഫറൻസിന്റെ വർധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഓപ്പൺ സോഴ്‌സ് എഐ മോഡലുകൾ വ്യാപകമായതോടെ പേഴ്സണൽ കമ്പ്യൂട്ടറുകളിൽ തന്നെ എഐ പ്രവർത്തിപ്പിക്കാമെന്ന താൽപര്യം വർധിച്ചിട്ടുണ്ട്. എന്നാൽ ആഗോളതലത്തിൽ മെമ്മറി ക്ഷാമം നിലനിൽക്കുമ്പോൾ ഈ രീതി അനുയോജ്യമല്ലെന്നാണ് ആൾട്ട്മാന്റെ വാദം. ലോകത്ത് ലഭ്യമായ പരിമിതമായ ഡിആർഎഎം മെമ്മറിയുടെ വലിയൊരു ഭാഗം വ്യക്തിഗത കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കുകയും അതിൽ അഞ്ച് ശതമാനം മാത്രം ഉപയോഗിക്കുകയും ചെയ്യുന്നത് വിഭവങ്ങളുടെ ശരിയായ വിനിയോഗമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എഐ ഡാറ്റാ സെന്ററുകൾക്ക് കൂടുതൽ റാം ആവശ്യമാണ്

പേഴ്സണൽ കമ്പ്യൂട്ടറുകളിൽ 16 ജിബി, 32 ജിബി എന്നിങ്ങനെ വലിയ അളവിൽ റാം ഉണ്ടെങ്കിലും ദിവസം മുഴുവൻ അതിന്റെ പൂർണശേഷി ഉപയോഗിക്കപ്പെടണമെന്നില്ല. എന്നാൽ ക്ലൗഡ് ഡാറ്റാ സെന്ററുകളിൽ മെമ്മറി ഒന്നിച്ച് ശേഖരിച്ച് ആവശ്യാനുസരണം വിവിധ ഉപയോക്താക്കൾക്കും പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കാനാകും. മെമ്മറി ലഭ്യത പരിമിതമായ സാഹചര്യത്തിൽ ക്ലൗഡ് സംവിധാനങ്ങളിലെ ഉപയോഗം പരമാവധി കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും ആൾട്ട്മാൻ പറഞ്ഞു.

എഐ മേഖലയിലെ വൻതോതിലുള്ള നിക്ഷേപവും മെമ്മറി ആവശ്യകത വർധിപ്പിക്കുന്നുണ്ട്. സ്റ്റാർഗേറ്റ് പദ്ധതിയുടെ ഭാഗമായി നൂതന മെമ്മറി ഉൽപ്പാദനം വിപുലീകരിക്കാൻ 2025 ഒക്ടോബറിൽ സാംസങ്, എസ്‌കെ ഹൈനിക്സ് എന്നീ കമ്പനികളുമായി ഓപ്പൺഎഐ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. പ്രതിമാസം ഒമ്പതുലക്ഷം ഡിആർഎഎം വേഫർ ഉൽപ്പാദന ശേഷി ലക്ഷ്യമിടുന്നതായും കമ്പനികൾ അറിയിച്ചിരുന്നു.

സ്‍മാർട്ട്‌ഫോൺ വിലയിലും പ്രതിഫലിച്ചേക്കാം

മെമ്മറി ക്ഷാമം ഉപഭോക്തൃ ഇലക്ട്രോണിക്സ് വിപണിയെയും ബാധിക്കുന്നുണ്ട്. 2026ന്റെ നാലാം പാദത്തിൽ പരമ്പരാഗത ഡിആർഎഎം വിലയിൽ 10 മുതൽ 15 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് ട്രെൻഡ്‌ഫോഴ്സിന്റെ പ്രവചനം. ആഗോള സ്‍മാർട്ട്‌ഫോൺ കയറ്റുമതിയിൽ ഈ വർഷം 16.7 ശതമാനം ഇടിവുണ്ടാകാമെന്നും ശരാശരി വിൽപ്പനവില 27.6 ശതമാനം ഉയർന്ന് 581 ഡോളറിലെത്താമെന്നും ഐഡിസിയും വിലയിരുത്തുന്നു.

ലോക്കൽ എഐ ഉപയോഗത്തിനും ഗുണങ്ങളുണ്ട്

അതേസമയം, വ്യക്തിഗത കമ്പ്യൂട്ടറുകളിൽ എഐ പ്രവർത്തിപ്പിക്കുന്നതിനും നിരവധി നേട്ടങ്ങളുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും ഇന്റർനെറ്റ് കണക്ഷനില്ലാതെ എഐ സേവനങ്ങൾ ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും. സ്വന്തം വിവരങ്ങളുടെ നിയന്ത്രണവും ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ, പിസികളിൽ ഉപയോഗിക്കുന്ന റാം നേരിട്ട് എടുത്ത് എഐ സെർവറുകളിലേക്ക് മാറ്റാനാകില്ല. വ്യത്യസ്‍ത ആവശ്യങ്ങൾക്ക് വ്യത്യസ്‍ത തരം മെമ്മറിയാണ് വേണ്ടത്. അതിനാൽ ആൾട്ട്മാന്റെ അഭിപ്രായം മെമ്മറി വിനിയോഗത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറക്കുമ്പോഴും വ്യക്തിഗത കമ്പ്യൂട്ടറുകളിലെ റാം ഉപയോഗം അവസാനിപ്പിക്കണമെന്ന പ്രായോഗിക നിർദേശമായി ഇതിനെ കാണാൻ സാധിക്കില്ല.

PREV
Read more Articles on
click me!

Recommended Stories

സ്‍മാർട്ട്‌ഫോൺ വില വീണ്ടും കുതിക്കുന്നു; ഈ മാറ്റം അറിഞ്ഞോ?
ഐഫോൺ ഡ്യുവോയ്ക്ക് സംഭവിച്ചതെന്ത്? ആപ്പിളിന്‍റെ പ്രതികരണം