
കാലിഫോര്‍ണിയ: ടെക് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി ഗൂഗിളും സാംസങ്ങും ചേർന്ന് വികസിപ്പിച്ചെടുത്ത പുതിയ സ്മാർട്ട് ഗ്ലാസുകൾ. അമേരിക്കയിൽ നടന്ന ഗൂഗിൾ I/O 2026 സമ്മേളനത്തിലാണ് ഇരു കമ്പനികളും ഈ പുതിയ സ്‌മാർട്ട് ഗ്ലാസ് പരമ്പര ഔദ്യോഗികമായി അവതരിപ്പിച്ചത്. ദക്ഷിണ കൊറിയൻ ആഡംബര കണ്ണട ബ്രാൻഡായ ജെന്‍റിൽ മോൺസ്റ്ററും അമേരിക്കൻ കണ്ണട കമ്പനിയായ വാർബി പാർക്കറും ചേർന്നാണ് ഈ ഗ്ലാസുകളുടെ ഡിസൈൻ നിർമിച്ചിരിക്കുന്നത്.
പുതിയ സ്മാർട്ട് ഗ്ലാസുകൾ ഗൂഗിളിന്‍റെ ജെമിനി എഐ അസിസ്റ്റന്‍റിനെയും ആൻഡ്രോയ്‌ഡ് XR പ്ലാറ്റ്‌ഫോമിന്‍റെയും പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. ഉപയോക്താക്കളുമായി സ്വകാര്യമായി സംസാരിക്കാനും നിർദേശങ്ങൾ നൽകാനും കഴിവുള്ള ഈ ഗ്ലാസുകൾ, ഭാവിയിലെ വെയറബിൾ ടെക്നോളജിയിലേക്ക് വലിയ ചുവടുവെയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.
ഗ്ലാസുകൾ രണ്ട് വ്യത്യസ്‍ത ഡിസൈനുകളിലായിരിക്കും എത്തുക. ജെന്‍റിൽ മോൺസ്റ്റർ പതിപ്പ് കൂടുതൽ ഫാഷൻ കേന്ദ്രീകൃതവും പ്രീമിയം ലുക്കുമായിരിക്കും. അതേസമയം, വാർബി പാർക്കർ പതിപ്പ് സാധാരണ കണ്ണടകളോട് സാമ്യമുള്ള ക്ലാസിക് രൂപകൽപ്പനയിലാണ് എത്തുന്നത്. സാധാരണ ഉപയോക്താക്കളെയും ഫാഷൻ പ്രേമികളെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഇത് പൂർണമായ ഓഗ്മെന്‍റഡ് റിയാലിറ്റി ഗ്ലാസുകൾ അല്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. ലെൻസിനുള്ളിൽ സ്ക്രീൻ സംവിധാനങ്ങളില്ലാത്ത “ഓഡിയോ സ്‌മാർട്ട് ഗ്ലാസ്” രൂപത്തിലാണ് ഇവ എത്തുന്നത്. ശബ്‍ദ അടിസ്ഥാനത്തിലുള്ള എഐ അനുഭവമാണ് പ്രധാന സവിശേഷത. ഉപയോക്താക്കൾക്ക് വഴികാട്ടൽ സേവനം, തത്സമയ ഭാഷാ വിവർത്തനം, സമീപ സ്ഥലങ്ങളുടെ വിവരശേഖരണം, സന്ദേശ നോട്ടിഫിക്കേഷനുകൾ എന്നിവ ഗ്ലാസിലൂടെ തന്നെ ലഭ്യമാകും. ക്യാമറ, മൈക്രോഫോൺ, സ്‌പീക്കർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഫോട്ടോയും വീഡിയോയും പകർത്താനും സാധിക്കും. യാത്രകളിൽ വിദേശ ഭാഷകൾ മനസിലാക്കാനും സംഭാഷണങ്ങൾ വിവർത്തനം ചെയ്യാനും ഈ ഗ്ലാസുകൾ സഹായകരമാകും.
സാംസങ് നൽകുന്ന വിവരം അനുസരിച്ച്, സ്‍മാർട്ട്‌ഫോണുകൾക്ക് പകരമല്ല, അവയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന സഹായി ഉപകരണങ്ങളായിരിക്കും ഈ ഗ്ലാസുകൾ. ബ്ലൂടൂത്ത്, വൈ-ഫൈ എന്നിവ ഉപയോഗിച്ച് ഫോണുകളുമായി ബന്ധിപ്പിച്ചായിരിക്കും പ്രവർത്തനം. ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുത്ത വിപണികളിൽ സ്‍മാർട്ട് ഗ്ലാസുകളുടെ ആദ്യ പതിപ്പ് പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ. വിലയും ലഭ്യതയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.