ഗൂഗിൾ പിക്സൽ 11 സീരീസ് എത്തി; പുതിയ ടെൻസർ G6, എഐ ഫീച്ചറുകൾ ഉൾപ്പെടെ വമ്പൻ അപ്ഗ്രേഡ്

Published : Aug 13, 2026, 08:08 AM IST
Google Pixel 11 Series, Google Pixel 11, Pixel 11 India, Pixel 11 price, Pixel 11 Pro, Pixel 11 Pro XL, Pixel 11 launch, Pixel 11 Malayalam, Google Pixel Malayalam, Pixel 11 features, Pixel 11 camera, Tensor G6, Pixel 11 AI features, Pixel 11 price in India, Pixel 11 Pro XL, Google Pixel 11 series, Pixel 11 review, Pixel 11 news, Pixel 11 specs, Google Pixel, പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്എൽ, ഗൂഗിൾ പിക്സൽ, ടെൻസർ ജി6, മൊബൈൽ ന്യൂസ്, ടെക് ന്യൂസ് മലയാളം, സ്മാർട്ട്ഫോൺ, ഗൂഗിൾ ഫോൺ

Synopsis

ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്‌സൽ 11, പിക്‌സൽ 11 പ്രോ, പിക്‌സൽ 11 പ്രോ എക്‌സ്എൽ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ടെൻസർ ജി6 പ്രോസസർ, മെച്ചപ്പെട്ട ക്യാമറകൾ, പ്രോ മോഡലുകളിലെ 'ഹൈലൈറ്റ്' എന്ന പുതിയ ഫീച്ചർ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 89,999 രൂപ മുതൽ വില ആരംഭിക്കുന്ന ഫോണുകളുടെ വിൽപ്പന ഓഗസ്റ്റ് 20-ന് തുടങ്ങും.

ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്‌സൽ സീരീസ് സ്‍മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പിക്‌സൽ 11, പിക്‌സൽ 11 പ്രോ, പിക്‌സൽ 11 പ്രോ എക്‌സ്എൽ എന്നീ മൂന്ന് മോഡലുകളാണ് വിപണിയിലെത്തിയത്. പുതിയ ടെൻസർ ജി6 പ്രോസസറാണ് മൂന്ന് ഫോണുകളുടെയും പ്രധാന കരുത്ത്. പിക്‌സൽ 11 പ്രോ, പിക്‌സൽ 11 പ്രോ എക്‌സ്എൽ മോഡലുകളിൽ പുതിയ ഹൈലൈറ്റ് സൗകര്യവും നൽകിയിട്ടുണ്ട്.

പിക്‌സൽ 11ന് വില 89,999 രൂപ മുതൽ

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പിക്‌സൽ 11ന്റെ അടിസ്ഥാന പതിപ്പിന് 89,999 രൂപയാണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന പതിപ്പിന് 1,04,999 രൂപയാണ് വില. പിസ്റ്റാഷിയോ, ഹൈബിസ്‍കസ്, ഫ്രോസ്റ്റ്, ഒബ്‍സിഡിയൻ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.

പിക്‌സൽ 11 പ്രോയുടെ വില

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പിക്‌സൽ 11 പ്രോയ്ക്ക് 1,19,999 രൂപയാണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 1,34,999 രൂപ നൽകണം. കാന്യൺ, ഫോഗ്, ഒലീവ്, പൂർണമായും മാറ്റ് ഫിനിഷുള്ള ഒബ്‍സിഡിയൻ എന്നീ നിറങ്ങളിലാണ് പിക്‌സൽ 11 പ്രോ ലഭിക്കുക.

പിക്‌സൽ 11 പ്രോ എക്‌സ്എൽ

പിക്‌സൽ 11 പ്രോ എക്‌സ്എല്ലിന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 1,34,999 രൂപയാണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന പതിപ്പിന് 1,49,999 രൂപയാണ് വില. പിക്‌സൽ 11 പ്രോയിലെ അതേ നിറങ്ങളിലാണ് പ്രോ എക്‌സ്എല്ലും എത്തുന്നത്.

ഓഗസ്റ്റ് 20 മുതൽ വിൽപ്പന

മൂന്ന് ഫോണുകളുടെയും വിൽപ്പന ഓഗസ്റ്റ് 20 മുതൽ ആരംഭിക്കും. ഗൂഗിൾ സ്റ്റോർ, ഫ്ലിപ്കാർട്ട്, മറ്റ് അംഗീകൃത റീട്ടെയിൽ പങ്കാളികൾ എന്നിവ വഴി ഫോണുകൾ വാങ്ങാം. പുതിയ പിക്‌സൽസ്‍നാപ്പ് കേസ് 4,900 രൂപയ്ക്കും പിക്‌സൽസ്‍നാപ്പ് ചാർജർ 4,500 രൂപയ്ക്കും പിക്‌സൽസ്‍നാപ്പ് റിങ് സ്റ്റാൻഡ് 2,979 രൂപയ്ക്കും ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 10,000 രൂപ വരെ തൽക്ഷണ ഇളവും 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. 9,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോണുകൾക്കൊപ്പം 6 മാസത്തെ ഗൂഗിൾ എഐ പ്രോ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

പിക്‌സൽ 11ന്റെ സവിശേഷതകൾ

എഡ്‍ജ്-ടു-എഡ്‍ജ് ഗ്ലാസ് ക്യാമറ ബാറാണ് പിക്‌സൽ 11ന്റെ ഡിസൈൻ പ്രത്യേകത. മുൻ തലമുറ മോഡലുകളെ അപേക്ഷിച്ച് ക്യാമറ ബാറിന്റെ കനം 40 ശതമാനം കുറച്ചതായി ഗൂഗിൾ അവകാശപ്പെടുന്നു. 6.3 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120 ഹെർട്സ് വരെ റിഫ്രഷ് നിരക്കും 3,000 നിറ്റ്‌സ് വരെ പരമാവധി തെളിച്ചവും ലഭിക്കും. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും നൽകിയിട്ടുണ്ട്. ടെൻസർ ജി6 പ്രോസസറിനൊപ്പം ടൈറ്റൻ എം3 സുരക്ഷാ ചിപ്പും ഫോണിലുണ്ട്. 12 ജിബി എൽപിഡിഡിആർ5എക്‌സ് റാമും 512 ജിബി വരെ സ്റ്റോറേജുമാണ് ലഭിക്കുക.

ട്രിപ്പിൾ ക്യാമറ സംവിധാനം

48 മെഗാപിക്സൽ പ്രധാന ക്യാമറ, 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 10.8 മെഗാപിക്സൽ 5 മടങ്ങ് ടെലിഫോട്ടോ ക്യാമറ എന്നിവ അടങ്ങുന്നതാണ് പിൻ ക്യാമറ സംവിധാനം. മുൻവശത്ത് 10.5 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ആൻഡ്രോയിഡ് 17 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഐപി68 പൊടി-ജല പ്രതിരോധവും ഫോണിനുണ്ട്. 4,985 എംഎഎച്ച് ബാറ്ററിയാണ് പിക്‌സൽ 11ൽ. 30 വാട്ട് വയർഡ് ചാർജിങ്ങിനും 25 വാട്ട് ക്യൂഐ 2.2 പിക്‌സൽസ്നാപ്പ് വയർലെസ് ചാർജിങ്ങിനും പിന്തുണയുണ്ട്.

പിക്‌സൽ 11 പ്രോയിൽ പുതിയ ഹൈലൈറ്റ്

പിക്‌സൽ 11 പ്രോ, പിക്‌സൽ 11 പ്രോ എക്‌സ്എൽ മോഡലുകളിലെ പ്രധാന പുതിയ സൗകര്യമാണ് ഹൈലൈറ്റ്. സന്ദർഭാനുസൃത അറിയിപ്പുകൾ നൽകുന്ന സംവിധാനമാണിത്. പിൻ ക്യാമറ ഫ്ലാഷിന് ചുറ്റുമുള്ള എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് വിവിധ രീതിയിലുള്ള പ്രകാശസൂചനകൾ നൽകാൻ സാധിക്കും. ഫോൺ താഴെ വച്ചിരിക്കുന്ന സമയത്തും ഈ സൂചനകൾ കാണാം. ജെമിനി ശബ്‍ദ നിർദേശം കേൾക്കുകയാണോ, മറുപടി തയ്യാറാക്കുകയാണോ, മറുപടി നൽകുകയാണോ എന്നതും ഹൈലൈറ്റ് വഴി അറിയാം. വരുന്ന കോളുകളിൽ പ്രധാനപ്പെട്ട കോൺടാക്റ്റുകൾക്ക് വ്യത്യസ്‍ത നിറങ്ങൾ നൽകാനും സാധിക്കും.

പ്രോ മോഡലുകളുടെ ഡിസ്‌പ്ലേ

പിക്‌സൽ 11 പ്രോയിൽ 6.3 ഇഞ്ച് 1.5കെ എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 2,856 x 1,280 പിക്സൽ റെസല്യൂഷനാണ് ഡിസ്‌പ്ലേയ്ക്കുള്ളത്. പിക്‌സൽ 11 പ്രോ എക്‌സ്എല്ലിൽ 6.8 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ്. 1,344 x 2,992 പിക്സൽ റെസല്യൂഷനുണ്ട്. രണ്ട് മോഡലുകളിലും 3,600 നിറ്റ്‌സ് വരെ പരമാവധി തെളിച്ചവും 120 ഹെർട്‍സ് അഡാപ്റ്റീവ് റിഫ്രഷ് നിരക്കും കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണവും ലഭിക്കും.

50 മെഗാപിക്സൽ പ്രധാന ക്യാമറ

പിക്‌സൽ 11 പ്രോ, പിക്‌സൽ 11 പ്രോ എക്‌സ്എൽ മോഡലുകളിൽ ട്രിപ്പിൾ പിൻ ക്യാമറ സംവിധാനമാണുള്ളത്. 50 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും നൽകിയിട്ടുണ്ട്. ടെലിഫോട്ടോ ക്യാമറ 5 മടങ്ങ് ഒപ്റ്റിക്കൽ സൂമും 120 മടങ്ങ് ഡിജിറ്റൽ സൂമും പിന്തുണയ്ക്കുന്നു. മുൻവശത്ത് 42 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

ബാറ്ററിയിലും വ്യത്യാസം

പിക്‌സൽ 11 പ്രോയിൽ 4,840 എംഎഎച്ച് ബാറ്ററിയും പിക്‌സൽ 11 പ്രോ എക്‌സ്എല്ലിൽ 5,115 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. രണ്ട് മോഡലുകളും 30 വാട്ട് വയർഡ് ചാർജിങ്ങും 25 വാട്ട് ക്യൂഐ 2.2 പിക്‌സൽസ്‍നാപ്പ് വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു. അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഐപി68 പൊടി-ജല പ്രതിരോധം, 5ജി, വൈഫൈ, എൻഎഫ്‍സി, യുഎസ്ബി ടൈപ്പ്-സി 3.2 പോർട്ട്, ഗ്ലോനാസ്, ഗലീലിയോ, ബെയ്‌ദൂ, നാവിക് തുടങ്ങിയ സൗകര്യങ്ങളും രണ്ട് പ്രോ മോഡലുകളിലുമുണ്ട്. പിക്‌സൽ 11 പ്രോയ്ക്ക് 152.7 x 71.9 x 8.4 മില്ലിമീറ്റർ വലുപ്പവും 204 ഗ്രാം ഭാരവുമാണ്. പിക്‌സൽ 11 പ്രോ എക്‌സ്എല്ലിന് 162.7 x 76.5 x 8.5 മില്ലിമീറ്റർ വലുപ്പവും 226 ഗ്രാം ഭാരവുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വൺപ്ലസ് നോർഡ് 6 വിലയിൽ വൻ ഇടിവ്; 11,000 രൂപ വരെ ലാഭിക്കാം, ഓഫർ ഇങ്ങനെ
വില 40,000 രൂപയിൽ താഴെ! 7,050mAh ബാറ്ററിയുമായി ഐക്യൂ ഇസഡ്11; ഓഗസ്റ്റ് 20ന് ലോഞ്ച്