ഐഫോണ്‍ കാരണം ആപ്പിളിന് സങ്കടവും സന്തോഷവും

By Web TeamFirst Published May 1, 2019, 12:55 PM IST
Highlights

ആപ്പിളിന്‍റെ കൈയ്യിലെ പ്രധാന വരുമാന സ്രോതസ് ഐഫോണ്‍ തന്നെയാണ്. ആപ്പിളിന്‍റെ 53 ശതമാനം വരുമാനം വരുന്നത് ഐഫോണ്‍ വില്‍പ്പനയിലൂടെയാണ്. 

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ കാരണം സങ്കടവും സന്തോഷവും വന്നിരിക്കുകയാണ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിളിന്. കഴിഞ്ഞ ദിവസമാണ് 2019 ലെ ആദ്യ പാദത്തിലെ തങ്ങളുടെ കണക്കുകള്‍ ആപ്പിള്‍ പുറത്തുവിട്ടത്. ഇത് പ്രകാരം ഇതേ കാലയളവില്‍ 2018 ല്‍ ആപ്പിളിന് കിട്ടിയ ലാഭത്തേക്കാള്‍ 5 ശതമാനം കുറവാണ് 2019 ലെ ആദ്യപാദത്തില്‍ എന്ന് കാണാം.

58 ബില്ല്യണ്‍ ആണ് ഈ പാദത്തിലെ ആപ്പിളിന്‍റെ വരുമാനം. ഇതേ സമയം കഴിഞ്ഞ പാദത്തില്‍ ആപ്പിള്‍ ഐഫോണ്‍ വില്‍പ്പനയില്‍ ലഭിച്ചത് 31.5 ബില്ല്യണ്‍‌ അമേരിക്കന്‍ ഡോളറാണ്. എന്നാല്‍ 2018ലെ ആദ്യ പാദത്തില്‍ ഇത് 38 ബില്ല്യണ്‍ ആയിരുന്നു. അതായത് ആപ്പിള്‍ ഐഫോണ്‍ വില്‍പ്പനയിലെ കുറവാണ് ആപ്പിളിന്‍റെ ആദ്യപാദ വരുമാനത്തില്‍ കുറവ് വരുത്തിയത് എന്ന് വ്യക്തം. 

എങ്കിലും ആപ്പിളിന്‍റെ കൈയ്യിലെ പ്രധാന വരുമാന സ്രോതസ് ഐഫോണ്‍ തന്നെയാണ്. ആപ്പിളിന്‍റെ 53 ശതമാനം വരുമാനം വരുന്നത് ഐഫോണ്‍ വില്‍പ്പനയിലൂടെയാണ്. എന്നാല്‍ ആപ്പിള്‍ തങ്ങളുടെ പ്രധാന വിപണിയായ ചൈനയില്‍ അടക്കം നേരിട്ട വെല്ലുവിളികളാണ് ഐഫോണ്‍ വില്‍പ്പനയില്‍ കുറവ് വരാന്‍ കാരണം എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. 

വിറ്റ ഐഫോണുകളുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിടുന്ന പതിവ് ആപ്പിളിന് ഇല്ല. എന്നാല്‍ ഐഡിസിയുടെ കണക്ക് പ്രകാരം വിറ്റ ഐഫോണുകളുടെ എണ്ണത്തില്‍ വലിയ കുറവ് 2019 തുടക്കത്തില്‍ സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്.  ആപ്പിള്‍ 36.4 ദശലക്ഷം ഐഫോണുകള്‍ മാര്‍ച്ച മാസം വരെ ഈ കൊല്ലം ഇറക്കിയെന്നാണ് ഐഡിസി റിപ്പോര്‍ട്ട്. ഇത് മുന്‍പാദത്തെ അപേക്ഷിച്ച് 30 ശതമാനം കുറവാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ ആപ്പിള്‍ 52.2 ദശലക്ഷം ഐഫോണ്‍ യൂണിറ്റുകള്‍ വിറ്റുവെന്നാണ് കണക്ക്.

പ്രധാനമായും വലിയ വില അടക്കമുള്ള കാരണത്താല്‍ എല്ലാ വര്‍ഷവും ഐഫോണ്‍ വില്‍പ്പന താഴോട്ട് പോകുന്നു എന്നാണ് കണക്ക്. അടുത്തിടെ ആരംഭിച്ച അമേരിക്ക ചൈന വ്യാപര രംഗത്തെ പ്രശ്നങ്ങളും ആപ്പിളിനെ സാരമായി ബാധിച്ചിട്ടുണ്ട്. 

click me!