50-മെഗാപിക്‌സല്‍ അള്‍ട്രാ-ക്ലിയര്‍ പ്രധാന ക്യാമറ, 100-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ സഹിതം 50എംപി അള്‍ട്രാ-വൈഡ് സെല്‍ഫി ക്യാമറ, 7000 എംഎഎച്ച് ബാറ്ററി എന്നിവ ഓപ്പോ റെനോ 15സി മൊബൈല്‍ ഫോണിന്‍റെ പ്രത്യേകതകള്‍.
ദില്ലി: മിഡ്-റേഞ്ച് പ്രീമിയം സെഗ്‌മെന്‍റില്‍ ഓപ്പോ റെനോ 15സി (OPPO Reno 15c 5G) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് സഹിതമുള്ള ഓപ്പോ റെനോ 15സി സ്‌മാര്‍ട്ട്‌ഫോണിന് 6.59 ഇഞ്ച് ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. 50-മെഗാപിക്‌സല്‍ അള്‍ട്രാ-ക്ലിയര്‍ പ്രധാന ക്യാമറ, 100-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ സഹിതം 50എംപി അള്‍ട്രാ-വൈഡ് സെല്‍ഫി ക്യാമറ എന്നിവയും ഓപ്പോ റെനോ 15സി സ്‌മാര്‍ട്ട്‌ഫോണിലുണ്ട്. ഓപ്പോ റെനോ 15സിയുടെ മറ്റ് ഫീച്ചറുകളും ഇന്ത്യയിലെ വിലയും വിശദമായി അറിയാം.
ഓപ്പോ റെനോ 15സി സവിശേഷതകള്‍
ഐപി66, ഐപി68, ഐപി69 റേറ്റിംഗുകളാണ് ഓപ്പോ റെനോ 15സി സ്‌മാര്‍ട്ട്‌ഫോണിന് ലഭിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും ആറ് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഓപ്പോ നല്‍കുന്നു. 80 വാട്‌സ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 7000 എംഎഎച്ച് ബാറ്ററി ഓപ്പോ റെനോ 15സിക്കൊപ്പം ലഭിക്കുന്നു. ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 6 ജെന്‍ 1 സോക് സോഫ്റ്റ്‌വെയറിലാണ് ഓപ്പോ റെനോ 15സി നിര്‍മ്മിച്ചിരിക്കുന്നത്. 50എംപി അള്‍ട്രാ-ക്ലിയര്‍ പ്രധാന ക്യാമറ, 8എംപി അള്‍ട്രാ-വൈഡ്, 2എംപി മാക്രോ സെന്‍സര്‍, 100-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ സഹിതം 50എംപി അള്‍ട്രാ-വൈഡ് സെല്‍ഫി ക്യാമറ എന്നിവയാണ് ഓപ്പോ റെനോ 15സിയുടെ മറ്റ് പ്രധാന സവിശേഷതകള്‍. എഐ ഫ്ലാഷ് ഫോട്ടോഗ്രഫി 2.0, എഐ പോട്രൈറ്റ് ഗ്ലോ, എഐ മോഷന്‍ ഫോട്ടോ സ്ലോ-മോ തുടങ്ങിയ ഫീച്ചറുകലും ഓപ്പോ റെനോ 15സി സ്‌മാര്‍ട്ട്‌ഫോണിലുണ്ട്.
ഓപ്പോ റെനോ 15സി: ഇന്ത്യയിലെ വില
ദീര്‍ഘകാല സോഫ്റ്റ്‌വെയര്‍ പിന്തുണ, നവീനമായ ക്യാമറ, വീഡിയോ സംവിധാനങ്ങള്‍, സീറോ ഡൗണ്‍ പേയ‌്‌മെന്‍റ്, ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക് എന്നിവ സഹിതമാണ് ഓപ്പോ റെനോ 15സി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ട് നിറങ്ങളില്‍ ലഭ്യമാവുന്ന ഓപ്പോ റെനോ 15സിയുടെ 8 ജിബി + 256 ജിബി വേരിയന്‍റിന് 34,999 രൂപയും 12 ജിബി + 256 ജിബി വേരിയന്‍റിന് 37,999 രൂപയുമാണ് വില. ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫ്ലിപ്‌കാര്‍ട്ട് എന്നിവയും ഓപ്പോയുടെ ഇ-സ്റ്റോറുകള്‍ വഴിയും ഓപ്പോ റെനോ 15സി സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങാം. ആമസോണും ഫ്ലിപ്‌കാര്‍ട്ടും വഴി വാങ്ങുമ്പോള്‍ 3,500 രൂപ വരെ വിവിധ ബാങ്ക് കാര്‍ഡുകള്‍ക്ക് ഫ്ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇതിന് പുറമെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും എക്‌സ്‌ചേഞ്ച് ഓഫറുകളും ഓപ്പോ നല്‍കുന്നുണ്ട്.



