ഗൂഗിള്‍ മാപ്‌സിന് ഇന്ത്യയില്‍ നിന്നൊരു എതിരാളി; 'മാപ്പ്ൾസ്' ആപ്പിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്

Published : Oct 12, 2025, 10:59 AM IST
Mappls App

Synopsis

സ്‌മാര്‍ട്ട് നാവിഗേഷന്‍ സംവിധാനമായ മാപ്പ്ൾസിനെ പ്രശംസിച്ച് കേന്ദ്ര റെയില്‍വേ, ഐ ആന്‍ഡ് ബി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ്. ഇന്ത്യന്‍ നിര്‍മ്മിത നാവിഗേഷന്‍ ആപ്പാണ് മാപ്പ്ൾസ്. 

ദില്ലി: പ്രാദേശികമായി നിര്‍മ്മിച്ച സാങ്കേതികവിദ്യകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയേറുന്നു. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമായ സ്‌മാര്‍ട്ട് നാവിഗേഷന്‍ ആപ്പായ മാപ്പ്ൾസിനെ പ്രശംസിച്ച് കേന്ദ്ര റെയില്‍വേ, ഐ ആന്‍ഡ് ബി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് എക്‌സില്‍ വീഡിയോ പങ്കിട്ടു. യാത്രയ്‌ക്കിടെ 'മാപ്പ്ൾസ്' നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കുന്നതിന്‍റെ അനുഭവമാണ് വീഡിയോയില്‍ അശ്വിനി വൈഷ്‌ണവ് പങ്കുവെച്ചത്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന നാവിഗേഷന്‍ ആപ്പായ ഗൂഗിള്‍ മാപ്‌സിന് ബദലാവുന്ന മാപ്പ്ൾസ് ആപ്പ് ‘മാപ്‌മൈഇന്ത്യ’യാണ് വികസിപ്പിച്ചത്.

എന്താണ് മാപ്പ്ൾസ് ആപ്പ്? സവിശേഷതകള്‍ വിശദമായി

ഏറെ അത്യാധുനിക സൗകര്യങ്ങളോടെയാണ് മാപ്പ്ൾസ് എന്ന ഇന്ത്യന്‍ നിര്‍മ്മിത നാവിഗേഷന്‍ സംവിധാനം മാപ്‌മൈ ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്. ത്രിഡി ജംഗ്‌ഷന്‍ വ്യൂ, റിയല്‍-ടൈം ഡ്രൈവിംഗ് മുന്നറിയിപ്പുകള്‍ തുടങ്ങിയവ മാപ്പ്ൾസിലുണ്ട്. മാപ്പ്ൾസ് ആപ്പ് ഉപയോഗിച്ച് ഒരു യാത്രയുടെ ചിലവ് മുന്‍കൂട്ടി കണക്കുകൂട്ടാനാവും. ഇതിന് പുറമെ അപകടസാധ്യതാ മേഖലകളെ കുറിച്ചും സ്‌പീഡ്-ബ്രേക്കറുകളെ കുറിച്ചുള്ള മുന്നറിയിപ്പും ട്രാഫിക് സിഗ്‌നലുകളെ കുറിച്ചും സിസിടിവി പോയിന്‍റുകളെ കുറിച്ചും ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും. പൊതുഗതാഗത സംവിധാനത്തില്‍ ഉപയോഗിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേയും മാപ്പ്ൾസും തമ്മില്‍ ധാരണാപത്രം ഉടന്‍ ഒപ്പിടുമെന്ന് അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.

 

 

സ്വദേശി ടെക് സംവിധാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി പിന്തുണയ്‌ക്കുന്നതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മാപ്പ്ൾസ് നാവിഗേഷന്‍ സംവിധാനത്തിന് ലഭിക്കുന്ന പിന്തുണയും. ഡിജിറ്റല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചറിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തും ടെക് നിര്‍മ്മാണ രംഗത്തും ഇന്ത്യന്‍ കമ്പനികളെയും ഉത്പന്നങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ കാര്യമായി പിന്തുണയ്‌ക്കുന്നുണ്ട്. പ്രാദേശികമായുള്ള ആപ്പുകളെ പ്രോത്‌സാഹിപ്പിക്കുന്നതിന് പുറമെ, ഡാറ്റാ സുരക്ഷ ഉറപ്പുവരുത്താനും കേന്ദ്രം ഇതിലൂടെ പദ്ധതിയിടുന്നു.

പിന്തുണ സോഹോയ്‌ക്ക് പിന്നാലെ

ഇന്ത്യന്‍ കമ്പനിയായ സോഹോയുടെ മെസേജിംഗ് ആപ്പായ അറട്ടൈയ്‌ക്ക് പരസ്യ പിന്തുണയുമായി കേന്ദ്രമന്ത്രിമാര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിലെ ആഗോള ഭീമന്‍മാരായ വാട്‌സ്ആപ്പിന് ബദലായുള്ള ഇന്ത്യന്‍ ആപ്പാണ് അറട്ടൈ. ഈ ആപ്പിന് കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണ ലഭിച്ചതോടെ രാജ്യത്ത് അതിന്‍റെ ഡൗണ്‍ലോഡ് കുത്തനെ വര്‍ധിച്ചിരുന്നു. ഗൂഗിളിന്‍റെ ജിമെയില്‍ വിട്ട് സോഹോയുടെ ഇമെയില്‍ സംവിധാനമായ സോഹോമെയില്‍ ഉപയോഗിച്ച് തുടങ്ങിയതായി അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പ്പറേഷന്‍ മുഴുവന്‍ ഡാറ്റയും സംഭരിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ്.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി