
ദില്ലി: ഓപ്പോ പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് ഡൈമന്‍സിറ്റി 9500 ഫ്ലാഗ്‌ഷിപ്പ് ചിപ്‌സെറ്റ് സഹിതം ഫൈന്‍ഡ് എക്‌സ്9 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ അടുത്ത മാസം ഇന്ത്യയില്‍ പുറത്തിറക്കും. പുത്തന്‍ മീഡിയടെക് ഡൈമന്‍സിറ്റി 9500 ചിപ്‌സെറ്റ് വരുന്ന ആദ്യ സ്‌മാര്‍ട്ട്‌ഫോണുകളായിരിക്കും ഇതെന്ന് ഓപ്പെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2025ല്‍ പ്രഖ്യാപിച്ചു. മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ 33 ശതമാനം മെച്ചപ്പെട്ട ഗ്രാഫിക്‌സ് പ്രകടനവും 42 ശതമാനം ഊര്‍ജ ലാഭവും ഡൈമന്‍സിറ്റി 9500 ചിപ്‌സെറ്റ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. എആര്‍എം ജി1-അള്‍ട്രാ ജിപിയു ആണ് മീഡിയടെക് ഡൈമന്‍സിറ്റി 9500 ചിപ്പിലുള്ളത്. ഫൈന്‍ഡ‍് എക്‌സ്9, ഫൈന്‍ഡ് എക്‌സ്9 പ്രോ എന്നിവയായിരിക്കും ഈ സ്‌മാര്‍ട്ട്‌ഫോണ്‍ സീരിസിലുണ്ടാവുക.
ഒക്‌ടോബര്‍ 16ന് ചൈനയില്‍ ഓപ്പോ ഫൈന്ഡ് എക്‌സ്9 സീരീസ് പുറത്തിറങ്ങും. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 16 പ്ലാറ്റ്‌ഫോമിലായിരിക്കും ഈ ഫോണുകള്‍ പ്രവര്‍ത്തിക്കുക. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക കൂളിംഗ് സംവിധാനം ഓപ്പോ ഫൈന്ഡ് എക്‌സ്9, ഓപ്പോ ഫൈന്ഡ് എക്‌സ്9 പ്രോ എന്നീ സ്‌മാര്‍ട്ട്‌ഫോണുകളിലുണ്ടാകും. ഗെയിമിംഗിന് അനുയോജ്യമായ ഫോണുകളായിരിക്കും ഇതെന്നാണ് സൂചന. 1 ടിബി വരെ ഇന്‍റേണല്‍ സ്റ്റോറേജും 16 ജിബി വരെ റാമും ഓപ്പോ ഫൈന്ഡ് എക്‌സ്9, ഓപ്പോ ഫൈന്ഡ് എക്‌സ്9 പ്രോ എന്നീ സ്‌മാര്‍ട്ട്‌ഫോണുകളിലുണ്ടാവും.
ഓപ്പോ ഫൈന്ഡ് എക്‌സ്9 സീരീസിലെ മുന്തിയ എക്‌സ്9 പ്രോയില്‍ 70എംഎം ഫോക്കല്‍ ലെങ്‌ത് സഹിതം 200 മെഗാപിക്‌സലിന്‍റെ പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറയുണ്ടാകും. ഹാസ്സെല്‍ബ്ലാഡ് പ്രൊഫഷണല്‍ ഫോട്ടോഗ്രഫി കിറ്റ് സഹിതമാണ് ഫൈന്‍ഡ് എക്‌സ്9 പ്രോ സ്‌മാര്‍ട്ട്‌ഫോണ്‍ വരിക. ഫൈന്‍ഡ് എക്‌സ്9 ഫോണില്‍ 7000 എംഎഎച്ച് ബാറ്ററിയും ഫൈന്‍ഡ് എക്‌സ്9 പ്രോയില്‍ 7500 എംഎഎച്ച് ബാറ്ററിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.