
വാവേയുടെ പുതിയ നോവ സീരീസിൽ ഉൾപ്പെടുന്ന നോവ 16 പ്രോയും നോവ 16 അൾട്രായും ചൈനയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. നോവ 16, നോവ 16z മോഡലുകൾക്കൊപ്പമാണ് പുതിയ സ്‍മാർട്ട്ഫോണുകൾ പുറത്തിറക്കിയത്. ശക്തമായ കിരിൻ 9010S പ്രോസസർ, 7,000mAh ശേഷിയുള്ള വലിയ ബാറ്ററി, 200 മെഗാപിക്സൽ പ്രധാന ക്യാമറ എന്നിവയാണ് ഈ ഫോണുകളുടെ പ്രധാന പ്രത്യേകതകൾ.
ഇരു മോഡലുകളിലും 6.84 ഇഞ്ച് വലിപ്പമുള്ള ഫുൾ HD+ OLED LTPO ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1Hz മുതൽ 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന ഈ സ്ക്രീൻ 2160Hz PWM ഡിമ്മിംഗും 300Hz ടച്ച് സാമ്പ്ലിംഗ് റേറ്റും വാഗ്ദാനം ചെയ്യുന്നു. കൂടാതെ വാവേയുടെ കുൻലുൻ ഗ്ലാസ് സംരക്ഷണവും ഡിസ്പ്ലേയ്ക്ക് ലഭ്യമാണ്. ക്യാമറ വിഭാഗത്തിലും വാവേ വലിയ ശ്രദ്ധ നൽകിയിട്ടുണ്ട്. നോവ 16 പ്രോയിൽ 200 മെഗാപിക്സൽ RYYB പ്രൈമറി സെൻസർ, 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് മാക്രോ ലെൻസ്, Red Maple കളർ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മുൻവശത്ത് 50 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറയും നൽകിയിട്ടുണ്ട്.നോവ 16 അൾട്രായിലും സമാനമായ ക്യാമറ സജ്ജീകരണമാണുള്ളത്. എന്നാൽ അൾട്രാ മോഡലിൽ RYYB സാങ്കേതികവിദ്യയുള്ള അൾട്രാ വൈഡ് ക്യാമറ ഉപയോഗിച്ചിരിക്കുന്നതിനാൽ കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ബാറ്ററി ശേഷിയിലും ചാർജിങ് സാങ്കേതികവിദ്യയിലും ഇരു മോഡലുകളും ശ്രദ്ധേയമാണ്. 7,000mAh ബാറ്ററിയോടൊപ്പം 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണ ലഭ്യമാണ്. നോവ 16 അൾട്രായിൽ അധികമായി 50W വയർലെസ് ചാർജിംഗും 7.5W റിവേഴ്‌സ് വയർലെസ് ചാർജിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്.ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ് കാര്യത്തിൽ നോവ 16 പ്രോയ്ക്ക് IP65 റേറ്റിംഗും നോവ 16 അൾട്രായ്ക്ക് കൂടുതൽ മെച്ചപ്പെട്ട IP68, IP69 റേറ്റിംഗുകളും ലഭ്യമാണ്.വൈ-ഫൈ 7,ബ്ലൂടൂത്ത് 6, എൻഎഫ്‍സി, നേവ്ഐസി, യുഎസ്‍ബി ടൈപ്പ് സി എന്നിവ ഉൾപ്പെടെയുള്ള ആധുനിക കണക്റ്റിവിറ്റി സംവിധാനങ്ങളും ഫോണുകളിൽ ലഭ്യമാണ്.
വിലയുടെ കാര്യത്തിൽ, നോവ 16 പ്രോയുടെ അടിസ്ഥാന മോഡലിന് 3,899 യുവാൻ (ഏകദേശം 54,000 രൂപ) മുതൽ വില ആരംഭിക്കുന്നു. നോവ 16 അൾട്രായുടെ പ്രാരംഭ വില 4,699 യുവാൻ (ഏകദേശം 65,000 രൂപ) ആണ്. വിവിധ സ്റ്റോറേജ് ഓപ്ഷനുകളിലും നിറങ്ങളിലുമാണ് ഫോണുകൾ വിപണിയിലെത്തുന്നത്. സ്മാർട്ട്ഫോൺ രംഗത്ത് ബാറ്ററി ശേഷിയിലും ക്യാമറ സാങ്കേതികവിദ്യയിലും പുതിയ മാനദണ്ഡങ്ങൾ സൃഷ്‍ടിക്കാനാണ് വാവേയുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്.