ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തി വിവോ, ആപ്പിളിന് 10 ശതമാനം വിപണി വിഹിതം

Published : Oct 22, 2025, 10:50 AM IST
vivo v60e 5g

Synopsis

രാജ്യത്തെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 2025-ന്‍റെ മൂന്നാം പാദത്തിൽ 3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിറ്റഴിഞ്ഞത് 4.9 ദശലക്ഷം ഐഫോണുകള്‍. വിപണി വിഹിതത്തില്‍ വിവോയെ വെല്ലാന്‍ കമ്പനികളില്ല.

ദില്ലി: 2025-ലെ മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണി മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വളർച്ച കൈവരിച്ചു. ഈ വര്‍ഷത്തിന്‍റെ മൂന്നാം പാദത്തിൽ ഏകദേശം 48.4 ദശലക്ഷം യൂണിറ്റ് സ്‌മാർട്ട്‌ഫോണുകളുടെ വില്‍പനയാണ് രാജ്യത്ത് നടന്നത്. ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ ഏകദേശം 20 ശതമാനം വിഹിതവുമായി ഇന്ത്യന്‍ വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്‍റെ ഐഫോണുകളും ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

ലോഞ്ചുകളും ഫെസ്റ്റിവല്‍ സീസണും തുണച്ചു, സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡിമാന്‍ഡ് കൂടി

ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായുള്ള പുതിയ ലോഞ്ചുകളും റീട്ടെയിലർമാരിൽ നിന്നുള്ള കിഴിവുകളുമാണ് ഇന്ത്യന്‍ സ്‌മാർട്ട്‌ഫോൺ വിപണിയിലെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയയുടെ റിപ്പോർട്ടില്‍ പറയുന്നു. 2025-ന്‍റെ മൂന്നാം പാദത്തിൽ വിവോ (ഐക്യു ഒഴികെ) ഏകദേശം 9.7 ദശലക്ഷം യൂണിറ്റ് ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. ദക്ഷിണ കൊറിയൻ സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് ഏകദേശം 6.8 ദശലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി രണ്ടാം സ്ഥാനത്താണ്. സാംസങ്ങിന്‍റെ വിപണി വിഹിതം ഏകദേശം 14 ശതമാനമാണ്. അതേസമയം, ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി മൂന്നാം സ്ഥാനത്തെത്തി. ഷവോമിയുടെ 6.5 ദശലക്ഷം സ്‌മാര്‍ട്ട്‌ഫോണുകളുടെ വില്‍പന മറ്റൊരു ചൈനീസ് സ്‌മാർട്ട്‌ഫോൺ കമ്പനിയായ ഓപ്പോയുടെ ഇന്ത്യയിലെ വ്യാപാരത്തിന് ഏതാണ്ട് സമാനമാണ്.

ആപ്പിളിന് എക്കാലത്തെയും മികച്ച വില്‍പന കാലയളവ്

2025-ന്‍റെ മൂന്നാം പാദത്തിലെ മികച്ച അഞ്ച് സ്‌മാർട്ട്‌ഫോൺ കമ്പനികളിൽ അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഇടം നേടി. ആഗോളതലത്തിൽ ജനപ്രിയമായ ഐഫോണിന്‍റെ നിർമ്മാതാക്കളായ ആപ്പിൾ ഏകദേശം 4.9 ദശലക്ഷം യൂണിറ്റുകളുടെ വില്‍പനയോടെ 10 ശതമാനം വിപണി വിഹിതം നേടി. ഇന്ത്യയില്‍ ഐഫോണുകളുടെ എക്കാലത്തെയും മികച്ച വില്‍പനയാണിത്. കമ്പനിയുടെ വിൽപ്പനയുടെ ഒരു പ്രധാന ഭാഗം ഐഫോൺ 16 ആയിരുന്നു. കഴിഞ്ഞ മാസം ആപ്പിൾ ഐഫോൺ 17 സീരീസ് പുറത്തിറക്കി. പുതിയ സ്‌മാർട്ട്‌ഫോൺ സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്, ഐഫോൺ എയർ എന്നിവ ഉൾപ്പെടുന്നു. ഈ സീരീസിന് കമ്പനിക്ക് ശക്തമായ ഡിമാൻഡ് അനുഭവപ്പെടുന്നു. എങ്കിലും ഈ വർഷം അവതരിപ്പിച്ച പുതിയ മോഡലായ ഐഫോൺ എയറിന്‍റെ വിൽപ്പന കുറവാണ്. ഇക്കാരണത്താൽ, ഈ സ്‌മാർട്ട്‌ഫോണിന്‍റെ നിർമ്മാണം കുറയ്ക്കാൻ കമ്പനി തീരുമാനിച്ചു.

വിവോയുടെ ടി സീരീസ്, വി60, വൈ സീരീസ് എന്നിവ 2025-ന്‍റെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചതായി റിപ്പോർട്ട് പറയുന്നു. മിഡ്-പ്രീമിയം വിഭാഗത്തിലെ വിൽപ്പനയിലെ വർധനവാണ് സാംസങ്ങിന് നേട്ടമായത്. ഗാലക്‌സി എസ്24 വിൽപ്പനയിൽ ഗണ്യമായ സംഭാവന നൽകി. ഓപ്പോയെ സംബന്ധിച്ചിടത്തോളം, എഫ്31 സീരീസ് വിൽപ്പന വർധിക്കാൻ സഹായിച്ചു.

PREV
Read more Articles on
click me!

Recommended Stories

അതൊരു തകരാറൊന്നുമല്ല; പുത്തന്‍ ഐഫോണിൽ മിന്നിമറയുന്ന പച്ച, ഓറഞ്ച് ഡോട്ടുകളുടെ രഹസ്യം
പവര്‍ ബാങ്കുകളിലെ ഈ സൂചനകള്‍ അവഗണിക്കരുത്, തകരാറുണ്ടോ എന്ന് പരിശോധിക്കാം