
കാലിഫോര്‍ണിയ: ടെക് ഭീമനായ ആപ്പിൾ കഴിഞ്ഞ വർഷം ഐഫോൺ 17 സീരീസിനൊപ്പം ഐഫോൺ എയർ എന്ന സ്ലിം സ്‌മാര്‍ട്ട്‌ഫോണ്‍ മോഡല്‍ പുറത്തിറക്കിയിരുന്നു. ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും സ്ലിം ഐഫോൺ ആയിരുന്നു ഇത്. ഐഫോൺ 17 പ്രോയും ഐഫോൺ 17 പ്രോ മാക്സും പോലെ എ19 പ്രോ ചിപ്‌സെറ്റിലാണ് ഐഫോൺ എയർ പ്രവർത്തിക്കുന്നത്. കൂടാതെ കമ്പനിയുടെ സ്വന്തം C1X മോഡം സജ്ജീകരിച്ച ആദ്യ ഫോൺ കൂടിയായിരുന്നു ഇത്. ഐഫോൺ 16ഇയിൽ ഉപയോഗിച്ചിരുന്ന C1 മോഡവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടി വേഗതയും മെച്ചപ്പെട്ട കാര്യക്ഷമതയും സി1എക്‌സ് മോഡം നൽകുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.
എന്നാൽ, ഇപ്പോൾ ആപ്പിളിന്‍റെ അവകാശവാദത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. തന്‍റെ ഐഫോൺ എയർ ഡിവൈസിൽ സി1എക്‌സ് മോഡം പെട്ടെന്ന് പ്രവർത്തനം നിർത്തിയതായി കഴിഞ്ഞ ദിവസം ഒരു ഉപയോക്താവ് ആരോപിച്ചു. ഫോണിൽ 'no cellular network' എന്ന സന്ദേശം എഴുതിക്കാണിച്ചതായി റെഡിറ്റിൽ പങ്കുവച്ച പോസ്റ്റിൽ ഉപയോക്താവ് ചൂണ്ടിക്കാട്ടുന്നു. ഉപകരണത്തിലെ C1X മോഡം പെട്ടെന്ന് ഡെഡ് ആയി എന്നും അദേഹം ആരോപിച്ചു. തുടർന്ന് നടത്തിയ മൊബൈൽ ഡയഗ്നോസ്റ്റിക്‌സ് പരിശോധനയിൽ ഹാർഡ്‌വെയർ പ്രശ്‍നം കണ്ടെത്തിയതായും ഉപയോക്താവ് പറയുന്നു. ഫോൺ iOS 26.3 എന്ന ഏറ്റവും പുതിയ പതിപ്പിലാണ് പ്രവർത്തിച്ചിരുന്നതെന്ന് അദേഹം പറഞ്ഞു. ഫോൺ വാങ്ങിയ ദിവസം മുതൽ കെയിസിൽ സൂക്ഷിച്ചിരുന്നുവെന്നും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
രണ്ടു വ്യത്യസ്‍ത ടെലികോം സേവനദാതാക്കളിൽ നിന്നുള്ള രണ്ട് ഇ-സിമ്മുകൾ ഫോണിൽ ആക്‌ടീവാക്കിയിരുന്നെങ്കിലും രണ്ടും പ്രവർത്തിച്ചില്ലെന്ന് ഉപയോക്താവ് വ്യക്തമാക്കി. സോഫ്റ്റ് റീസെറ്റ് ചെയ്യുകയും ഡിവൈസ് റീസ്റ്റാർട്ട് ചെയ്തെങ്കിലും പ്രശ്‍നം പരിഹരിക്കാൻ സാധിച്ചില്ല. അതേസമയം, ഈ ഐഫോണ്‍ എയര്‍ ഉപകരണത്തിന് ആപ്പിൾ കെയർ പ്ലസ് സംരക്ഷണം ഉണ്ടോയെന്ന് വ്യക്തമല്ല. ഹാർഡ്‌വെയർ തകരാർ കമ്പനിയുടെ സാധാരണ ഒരു വർഷത്തെ വാറന്‍റിയിൽ ഉൾപ്പെടുമോ എന്നതും വ്യക്തമല്ല.
എങ്കിലും ഇത് ഐഫോൺ എയർ മോഡവുമായി ബന്ധപ്പെട്ട് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്‍നം ആണെന്നും വ്യാപകമായ പരാതികളില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്തിടെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഉടന്‍ വരാനിരിക്കുന്ന ഐഫോൺ 17ഇ മോഡലിലും C1X മോഡമായിരിക്കും ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. ഐഫോണ്‍ 17ഇ മാർച്ച് നാലിന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.