ആകാംക്ഷ ഇരട്ടിയാക്കി ആപ്പിള്‍ ഐഫോണ്‍ ഫോള്‍ഡ്; ടൈറ്റാനിയവും അലുമിനിയവും ചേര്‍ന്ന ഡിസൈന്‍

Published : Oct 09, 2025, 03:40 PM IST
iphone foldable

Synopsis

ആപ്പിള്‍ കമ്പനിയില്‍ നിന്ന് അടുത്ത വര്‍ഷം വിപണിയില്‍ എത്താനിരിക്കുന്ന കന്നി ഐഫോണ്‍ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഡിസൈന്‍ സൂചനകള്‍ പുറത്ത്. ഐഫോണ്‍ ഫോള്‍ഡ് മിക്‌സ്‌ഡ് മെറ്റല്‍ ചേസിസിലാണ് നിര്‍മ്മിക്കപ്പെടുക എന്ന് റിപ്പോര്‍ട്ട്.

കാലിഫോര്‍ണിയ: കന്നി ഐഫോണ്‍ ഫോള്‍ഡ്, അടുത്ത വര്‍ഷം വിപണിയില്‍ എത്താനിരിക്കുന്ന സ്‌മാര്‍ട്ട്‌ഫോണിനായി കാത്തിരിക്കുകയാണ് ആപ്പിള്‍ പ്രേമികള്‍. ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ ഐഫോണായ ഐഫോണ്‍ എയറിന്‍റെ മാതൃകയില്‍ സ്ലിമ്മും ആകര്‍ഷകമായ ഫീച്ചറുകളും 2026ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഫോള്‍ഡബിള്‍ ഐഫോണിലുണ്ടാകും എന്നാണ് പ്രതീക്ഷ. ഐഫോണ്‍ ഫോള്‍ഡിന് നിര്‍മ്മിക്കാനായി ആപ്പിള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നാണ് ലീക്കുകള്‍ വ്യക്തമാക്കുന്നത്. ഈ ഫോണിന്‍റെ ബോഡി വിശേഷങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതിലും ആപ്പിളിന്‍റെ വലിയ എഞ്ചിനീയറിംഗ് വിസ്‌മയമുണ്ട്.

ഐഫോണ്‍ ഫോള്‍ഡ്- ലീക്ക്‌സ്

ഐഫോണ്‍ ഫോള്‍ഡ് ഫോണില്‍ മിക്‌സ്‌ഡ് മെറ്റല്‍ ചേസിസാണ് ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ടൈറ്റാനിയവും അലുമിനിയവും ചേര്‍ന്നതായിരിക്കും കന്നി ഫോള്‍ഡബിള്‍ ഐഫോണിന്‍റെ പ്രീമിയം ഫ്രെയിം. ആപ്പിള്‍ അവരുടെ ഉത്പന്നങ്ങളില്‍ ടൈറ്റാനിയം കൂടുതലായി ഉപയോഗിക്കാനുള്ള പദ്ധതിയിലാണെന്ന് അനലിസ്റ്റ് ജെഫ് പറയുന്നു. ഇത് കൂടുതലായി പ്രകടമാവുക ഐഫോണ്‍ എയറിലും ഐഫോണ്‍ ഫോള്‍ഡിലുമായിരിക്കും. ഫോള്‍ഡബിള്‍ ഐഫോണുകളില്‍ രണ്ട് മെറ്റീരിയലുകള്‍ ചേര്‍ന്ന ചേസിസാവും ആപ്പിള്‍ ഉപയോഗിക്കുക എന്ന റിപ്പോര്‍ട്ട് മുമ്പും പുറത്തുവന്നിരുന്നു. ഈടുനില്‍പ്പ് ഉറപ്പിക്കുന്ന തരത്തില്‍ ലിക്വിഡ്‌മെറ്റല്‍ ഉപയോഗിച്ചായിരിക്കും ഇത് നിര്‍മ്മിക്കുകയെന്ന് ജെഫ് അവകാശപ്പെടുന്നു.

ഐഫോണ്‍ ഫോള്‍ഡ് ലോഞ്ച് എപ്പോള്‍? 

ബുക്ക്-സ്റ്റൈല്‍ ഫോള്‍ഡബിള്‍ ഡിസൈനായിരിക്കും ഐഫോണ്‍ ഫോള്‍ഡിനുണ്ടാവുക. സാംസങിന്‍റെ പുതിയ ഗാലക്‌സി സ്സെഡ് ഫോള്‍ഡ് 7 പോലെ സ്ലിം ഡിസൈനായിരിക്കും ഐഫോണ്‍ ഫോള്‍ഡബിളിനും വരിക. ഐഫോണ്‍ ഫോള്‍ഡ് തുറന്നിരിക്കുമ്പോള്‍ 4.5 എംഎം മാത്രം കനമുള്ളതായിരിക്കും എന്ന് പറയപ്പെടുന്നു. 5.5 ഇഞ്ച് കവര്‍ ഡിസ്‌പ്ലെയും 7.8 ഇഞ്ച് പ്രധാന ഡിസ്‌പ്ലെയുമാണ് ഐഫോണ്‍ ഫോള്‍ഡിന് പറയപ്പെടുന്ന മറ്റ് റൂമറുകള്‍. ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്കൊപ്പം 2026 സെപ്റ്റംബറിലാവും ഐഫോണ്‍ ഫോള്‍ഡ് അവതരിപ്പിക്കപ്പെടുക. കന്നി ഫോള്‍ഡബിള്‍ ഐഫോണിന്‍റെ സവിശേഷതകള്‍ ഉറപ്പിക്കാന്‍ ലോഞ്ച് വരെ കാത്തിരിക്കേണ്ടിവരും.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി