
കാലിഫോര്‍ണിയ: ഐഫോണ്‍ പ്രേമികളുടെ നീണ്ട കാത്തിരിപ്പ് ഇന്ന് അവസാനിക്കാന്‍ സാധ്യത. ആപ്പിള്‍ 2022ന് ശേഷം പുറത്തിറക്കുന്ന ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എസ്ഇ 4 ഇന്ന് പുറത്തിറക്കിയേക്കും. ഐഫോണ്‍ 14 ഫോണിന്‍റെ ഡിസൈനില്‍ എത്തുമെന്ന് കരുതുന്ന ഐഫോണ്‍ എസ്ഇ നാലാം തലമുറ, ഫ്ലാഗ്ഷിപ്പ് ഫോണുകളോട് കിടപിടിക്കുന്ന ഫീച്ചറുകള്‍ ക്യാമറയിലടക്കം ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
കീശയ്ക്ക് ഇണങ്ങുന്ന ഐഫോണുകള്‍ എന്നാണ് എസ്ഇ സീരീസ് അറിയപ്പെടുന്നത്. 2022ലാണ് ഇതിന് മുമ്പ് എസ്ഇ സീരീസില്‍ ഒരു ഫോണ്‍ ആപ്പിള്‍ പുറത്തിറക്കിയത്. ഇറങ്ങാനിരിക്കുന്ന പുത്തന്‍ ഫോണിന് ഐഫോണ്‍ എസ്ഇ 4 എന്നല്ലെങ്കില്‍ ഐഫോണ്‍ 16ഇ എന്ന് പേര് വരാനും സാധ്യതയുണ്ട്. ഐഫോണ്‍ 14ന്‍റെ ഡിസൈനിലാണ് ഐഫോണ്‍ എസ്ഇ 4 ആപ്പിള്‍ അവതരിപ്പിക്കുക എന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വലിപ്പത്തില്‍ ഇത്തിരിക്കുഞ്ഞന്‍മാരായ മറ്റ് എസ്ഇ ഫോണുകളില്‍ നിന്ന് ആപ്പിള്‍ മാറാനൊരുങ്ങുകയാണ്. കട്ടിയുള്ള ബെസെല്‍സും ടച്ച് ഐഡി ഹോം ബട്ടണും അപ്രത്യക്ഷമാകും. ഫേസ് ഐഡിയിലുള്ള ആദ്യ എസ്ഇ ഫോണായിരിക്കും ഐഫോണ്‍ എസ്ഇ നാലാം തലമുറ. പഴയ എല്‍സിഡി സ്ക്രീനിന് പകരം 60Hz റിഫ്രഷ് റേറ്റിലുള്ള 6.1 ഇഞ്ച് ഒലെഡ് ഡിസ്പ്ലെയാണ് ഫോണിലുണ്ടാവുക.
48 എംപിയുടെ ഒറ്റ റീയര്‍ ക്യാമറയായിരിക്കും ഐഫോണ്‍ എസ്ഇ 4ല്‍ വരാനിട. മുന്‍ മോഡലിലെ 12 എംപി ക്യാമറയില്‍ നിന്നുള്ള വമ്പന്‍ അപ്ഡേറ്റാണിത്. 24 എംപിയുടെ സെല്‍ഫി ക്യാമറ ഫോണിന്‍റെ മുന്‍ഭാഗത്ത് വരുമെന്നതാണ് മറ്റൊരു ശ്രദ്ധേയ അപ്ഡേറ്റ്. ഐഫോണ്‍ 14ലെ പോലെ പവര്‍ ബട്ടണ്‍ ഫോണിന്‍റെ വലത് ഭാഗത്ത് തന്നെയായിരിക്കും. അതേസമയം ഡൈനാമിക് ഐസ്‌ലന്‍ഡ് ഫീച്ചര്‍ ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല. ഐഫോണ്‍ 16 സിരീസ് പ്രവര്‍ത്തിക്കുന്ന എ18 ചിപ്പിലായിരിക്കും എസ്ഇ 4 വരുമെന്നത് ഫോണിന്‍റെ ഫീച്ചറുകള്‍ പ്രീമിയമായിരിക്കും എന്നതിന് തെളിവാണ്. 8 ജിബി റാമില്‍ വരുമെന്ന് പറയപ്പെടുന്ന ഫോണില്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
45,000 രൂപയ്ക്ക് അടുത്തായിരിക്കും ഐഫോണ്‍ എസ്ഇ 4ന്‍റെ വില എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും എന്നതിനാല്‍ എസ്ഇ 4ന് ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയേക്കാള്‍ വില ഉയരുമെന്നും സൂചനകളുണ്ട്.
Read more: 'എൻട്രി ലെവൽ' എന്ന ടാഗ് മാറും, അടിമുടി പ്രീമിയം ആവാൻ ഐഫോൺ എസ്ഇ 4; വരിക വമ്പന്‍ ഫീച്ചറുകൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം