
ചൈനയിൽ പുതിയ ഗെയിമിങ് ടാബ്‌ലെറ്റ് അവതരിപ്പിച്ച് ഐക്യൂ. ഐക്യൂ 16 സീരീസ് സ്മാർട്ട്‌ഫോണിനും ഐക്യൂ ഗെയിമിങ് ഹെഡ്‌സെറ്റിനും ഒപ്പമാണ് ഐക്യൂ പാഡ് അൾട്രാ വിപണിയിലെത്തിയത്. ഗെയിമിങ്, വിനോദം എന്നിവ മുൻനിർത്തിയാണ് പുതിയ ടാബ്‌ലെറ്റ് ഒരുക്കിയിരിക്കുന്നത്. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, ശക്തമായ പ്രോസസർ, വലിയ ബാറ്ററി, പ്രത്യേക ഗെയിമിങ് സംവിധാനങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ഐക്യൂ പാഡ് അൾട്രായുടെ അടിസ്ഥാന പതിപ്പായ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന് ചൈനയിൽ 6499 യുവാനാണ് വില. ഏകദേശം 92900 രൂപ വരുമിത്. 16 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 7199 യുവാൻ, 16 ജിബി റാം, 512 ജിബി പതിപ്പിന് 7999 യുവാൻ, 16 ജിബി റാം, 1 ടിബി സ്റ്റോറേജ് മോഡലിന് 8999 യുവാൻ എന്നിങ്ങനെയാണ് വില. സ്റ്റാർ സിൽവർ, ട്വിലൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ടാബ്‌ലെറ്റ് ലഭിക്കും. ഒക്ടോബർ 5 മുതൽ ചൈനയിൽ വിൽപ്പന ആരംഭിക്കും. വിവോ ചൈനയുടെ വെബ്‌സൈറ്റ് വഴി പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ട്.
8.8 ഇഞ്ച് 2കെ അമോലെഡ് ഡിസ്‌പ്ലേയാണ് ഐക്യൂ പാഡ് അൾട്രായിൽ നൽകിയിരിക്കുന്നത്. 165Hz റിഫ്രഷ് റേറ്റും 4500 നിറ്റ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസും ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. ഗെയിമിങ്ങിനായി 500Hz വരെ ടച്ച് സാംപ്ലിങ് റേറ്റും ലഭിക്കും. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് സീരീസ് ഒക്ടാ-കോർ പ്രോസസറാണ് ടാബ്‌ലെറ്റിന് കരുത്തേകുന്നത്. 16 ജിബി വരെ എൽപിഡിഡിആർ5എക്സ് റാമും 1 ടിബി വരെ യുഎഫ്‌എസ് 4.1 സ്റ്റോറേജും ലഭ്യമാണ്.
ഐക്യൂയുടെ സ്വയം വികസിപ്പിച്ച ക്യു4 ഗെയിമിങ് ചിപ്പും ഐക്യൂ പാഡ് അൾട്രായിലുണ്ട്. പിന്തുണയ്ക്കുന്ന ഗെയിമുകളിൽ ഫ്രെയിം റേറ്റ് വർധിപ്പിക്കാനും ദൃശ്യ നിലവാരം മെച്ചപ്പെടുത്താനും ചിപ്പ് സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫ്രെയിം ഇന്റർപൊളേഷൻ, സൂപ്പർ റെസല്യൂഷൻ, മെച്ചപ്പെടുത്തിയ ഗ്രാഫിക്സ് പ്രോസസിങ് തുടങ്ങിയ സംവിധാനങ്ങളും ടാബ്‌ലെറ്റിലുണ്ട്.
ഗെയിമിങ്ങിനിടെ ചൂട് നിയന്ത്രിക്കുന്നതിനായി 5 ലെയർ കൂളിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. വലിയ ആക്ടീവ് കൂളിങ് ഫാൻ, 2 എയർ ഇൻടേക്കുകൾ, 3 ഫാൻ സ്പീഡ് നിലകൾ എന്നിവ ഇതിലുണ്ട്.
9020mAh ശേഷിയുള്ള ബാറ്ററിയാണ് ടാബ്‌ലെറ്റിലുള്ളത്. 66W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. 13 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയും ലഭിക്കും. നാല് സ്പീക്കറുകളുള്ള ശബ്ദ സംവിധാനവും 10-ബാൻഡ് ഇക്വലൈസറും സ്പേഷ്യൽ ഓഡിയോ സംവിധാനവും ടാബ്‌ലെറ്റിലുണ്ട്. വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റ് പ്രധാന കണക്ടിവിറ്റി സൗകര്യങ്ങൾ. 197.36×126.25×5.74 മില്ലിമീറ്റർ വലുപ്പമുള്ള ടാബ്‌ലെറ്റിന് ഏകദേശം 298 ഗ്രാം ഭാരമാണുള്ളത്. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയ ഒറിജിൻഒഎസ് 7 എച്ച്ഡിയാണ് ഓപ്പറേറ്റിങ് സിസ്റ്റം. ഗെയിമർമാർക്കായി പ്രത്യേക ക്യു-ഫ്ലെക്സ് ടച്ച് കൺട്രോൾ സംവിധാനവും നൽകിയിട്ടുണ്ട്. 500Hz ടച്ച് സാംപ്ലിങ്, ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ മോട്ടോറുകൾ, 4ഡി വൈബ്രേഷൻ എന്നിവ ഇതിന്റെ ഭാഗമാണ്. ഡ്യുവൽ-സൈഡ് ഗെയിമിങ് ക്ലാമ്പും ഐക്യൂ ജി1 ടെലസ്‌കോപിക് കൺട്രോളറും അധിക ആക്‌സസറികളായി ലഭിക്കും.