
മോട്ടറോളയുടെ പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണായ മോട്ടോ ജി77 പവർ ഇന്ത്യയിൽ വിൽപ്പനയ്ക്ക്. ജൂലൈ 8-ന് അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ ഇപ്പോൾ പ്രത്യേക ലോഞ്ച് ഓഫറുകളോടെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് ഉൾപ്പെടുന്ന ഒറ്റ വേരിയന്റിന് 25,999 രൂപയാണ് വില. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2,500 രൂപ വരെ തൽക്ഷണ വിലക്കിഴിവ് ലഭിക്കും. കൂടാതെ, ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് 500 ജിബി ക്ലൗഡ് സ്റ്റോറേജും ഗൂഗിളിന്റെ ജെമിനി പ്രോ സേവനം സൗജന്യമായും ലഭ്യമാക്കുന്നുണ്ട്. ഫ്ലിപ്‍കാർട്ടിലൂടെയും മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെയും ഫോൺ വാങ്ങാം. പാന്റോൺ ഫ്യൂഷ്യ റെഡ്, പാന്റോൺ ഇംപെനെട്രബിൾ, പാന്റോൺ നോട്ടിക്കൽ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ യു.ഐയിലാണ് മോട്ടോ ജി77 പവർ പ്രവർത്തിക്കുന്നത്. ഒരു പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റും മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 6.72 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 1,050 നിറ്റ്സ് വരെ പരമാവധി തെളിച്ചവും ഡിസ്‌പ്ലേയ്ക്ക് ലഭിക്കും. പൊടിയിൽ നിന്നും ജലത്തുള്ളികളിൽ നിന്നുമുള്ള സംരക്ഷണത്തിന് ഐപി64 റേറ്റിങ്ങും നൽകിയിട്ടുണ്ട്. ആറ് നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമിച്ച മീഡിയാടെക് ഡൈമെൻസിറ്റി 6400 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 8 ജിബി എൽപിഡിഡിആർ4എക്സ് റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ഇതിനൊപ്പമുണ്ട്.
7,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒറ്റ ചാർജിൽ 59 മണിക്കൂർ വരെ ഉപയോഗിക്കാനാകുമെന്ന് മോട്ടറോള അവകാശപ്പെടുന്നു. 30 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനൊപ്പം 6 വാട്ട് റിവേഴ്സ് വയേർഡ് ചാർജിങ് സൗകര്യവും ഫോണിലുണ്ട്.
ഫോട്ടോഗ്രഫിക്കായി ഇരട്ട പിൻ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. സോണിയുടെ എൽവൈടി-600 സെൻസറോടുകൂടിയ 50 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം 120 ഡിഗ്രി വ്യൂ ആംഗിളുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ മുൻ ക്യാമറയും നൽകിയിട്ടുണ്ട്. സെക്കൻഡിൽ 30 ഫ്രെയിം വേഗത്തിൽ 2കെ നിലവാരത്തിൽ വീഡിയോ റെക്കോർഡ് ചെയ്യാനും ഫോണിന് കഴിയും. വശത്ത് ഘടിപ്പിച്ച വിരലടയാള സെൻസർ, മുഖം തിരിച്ചറിഞ്ഞുള്ള അൺലോക്ക് സംവിധാനം, 215 ഗ്രാം ഭാരം എന്നിവയും മോട്ടോ ജി77 പവറിന്റെ പ്രധാന പ്രത്യേകതകളാണ്.