
ദില്ലി: ന്യൂ ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നത്തിംഗ് കമ്പനി രണ്ട് പുതിയ മിഡ്-റേഞ്ച് മൊബൈലുകള്‍ അവതരിപ്പിച്ചു. Nothing Phone (3a) സീരീസ് ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് അനാച്ഛാദനം ചെയ്തത്. നത്തിംഗ് ഫോണ്‍ (3എ), നത്തിംഗ് ഫോണ്‍ (3എ) പ്രോ എന്നിങ്ങനെയാണ് പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ പേരുകള്‍. രണ്ട് സ്മാര്‍ട്ട്‌ഫോണുകളും ഒരേ പ്ലാറ്റ്‌ഫോമിലാണ് വരുന്നതെങ്കിലും പ്രോ വേര്‍ഷനില്‍ മെച്ചപ്പെട്ട ക്യാമറയും ഡിസൈനും അടക്കമുള്ള കൂടുതല്‍ ഫീച്ചറുകള്‍ കമ്പനി ചേര്‍ത്തിട്ടുണ്ട്. ഇരു ഫോണുകളും ഉടന്‍ ഇന്ത്യയിലും ലഭ്യമാകും.
Nothing Phone (3a) Pro
6.77 ഇഞ്ച് ഓലെഡ് പാനലില്‍ പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനോടെയാണ് Nothing Phone (3a) Pro തയ്യാറാക്കിയിരിക്കുന്നത്. 1,300 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസും 120Hz റിഫ്രഷ് റേറ്റും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. സ്നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്പ്സെറ്റില്‍ വരുന്ന ഫോണിന് 8GB/128GB, 8GB/256GB, 12GB/256GB എന്നീ മൂന്ന് സ്റ്റോറേജ് വേരിയന്‍റുകള്‍ ലഭിക്കും. f1.88 അപര്‍ച്വറും ഒഐഎസോടെയും 50 എംപി പ്രധാന ക്യാമറ, f/2.55 അപര്‍ച്വറും 3x ഒപ്റ്റിക്കല്‍ സൂമും സഹിതം 50 എംപി പെരിസ്കോപ്പ് ക്യാമറ, 8 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയാണ് നത്തിംഗ് ഫോണ്‍ (3എ) പ്രോയുടെ റീയര്‍ ക്യാമറ യൂണിറ്റിലുള്ളത്. എഐ വഴി പെരിസ്കോപ്പ് ക്യാമറയുടെ സൂമിംഗ് പരിധി 6x വരെയാക്കി ഉയര്‍ത്താം. f/2.2 അപര്‍ച്വര്‍ സഹിതം 50 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
50 വാട്സ് ചാര്‍ജിംഗ് പിന്തുണയോടെ 5,000 എംഎഎച്ചിന്‍റെ ബാറ്ററിയാണ് Nothing Phone (3a) Pro-യിലുള്ളത്. ഫോണില്‍ 19 മിനിറ്റ് കൊണ്ട് 50 ശതമാനം ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 3 പ്രധാന ഒഎസ് അപ്ഡേറ്റുകളും ആറ് വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഫോണിന് നത്തിംഗ് നല്‍കുന്നു. രണ്ട് നിറങ്ങളിലെത്തുന്ന നത്തിംഗ് ഫോണ്‍ (3എ) പ്രോയ്ക്ക് 27,999 രൂപയായിരിക്കും തുടക്ക വില. മാര്‍ച്ച് 11 മുതല്‍ ഫോണിന്‍റെ പ്രീ-ഓര്‍ഡര്‍ ആരംഭിക്കും.
Nothing Phone (3a)
പ്രോ മോഡലിലെ അതേ 6.77 ഇഞ്ച് ഓലെഡ് സ്ക്രീന്‍ പാനലും, സ്നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്പുമാണ് സ്റ്റാന്‍ഡേര്‍ഡ് Nothing Phone (3a)-യിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രോ മോഡലിലെ 1.88 അപര്‍ച്വര്‍ പ്രൈമറി ക്യാമറ നിലനിര്‍ത്തിയപ്പോള്‍ പെരിസ്‌കോപ്പ് ക്യാമറയില്ല എന്നതാണ് സ്റ്റാന്‍ഡേര്‍ഡ് മോഡലിലുള്ള പ്രധാന വ്യത്യാസം. 3x പെരിസ്കോപ്പ് ക്യാമറയ്ക്ക് പകരം 50 എംപി സെന്‍സറോടെയുള്ള 2x സൂം ക്യാമറയാണ് ലഭിക്കുക. അതേസമയം 8 എംപിയുടെ അള്‍ട്രാവൈഡ് ക്യാമറയിലും വ്യത്യാസമില്ല. പ്രോ മോഡലില്‍ 50 എംപിയുടേതായിരുന്നു സെല്‍ഫി ക്യാമറയെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 32 എംപി ക്യാമറയാണ് വരുന്നത്.
50 വാട്സ് ചാര്‍ജിംഗ് പിന്തുണയോടെ 5,000 എംഎഎച്ചിന്‍റെ ബാറ്ററി തന്നെയാണ് Nothing Phone (3a)-യ്ക്കുള്ളത്. മൂന്ന് ഒഎസ് അപ്ഡേറ്റുകളും ആറ് വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡുകളും നത്തിംഗ് ഫോണ്‍ (3എ) നല്‍കുന്നു. 8GB/128GB, 12GB/256GB എന്നീ സ്റ്റോറേജ് ഓപ്ഷനുകളില്‍ വരുന്ന ഫോണ്‍ മൂന്ന് നിറങ്ങളില്‍ ആഗോളതലത്തില്‍ ലഭ്യമായിരിക്കും. ഇന്ത്യയില്‍ 8GB/256GB എന്ന വേരിയന്‍റ് കൂടി നത്തിംഗ് ലഭ്യമാക്കും. Nothing Phone (3a)-യുടെ വിലത്തുടക്കം 22,999 രൂപയിലായിരിക്കും.
Read more: ഫോട്ടോകള്‍ തകര്‍ക്കും; നാല് ഫോണുകളിലും 50 എംപി സെല്‍ഫി ക്യാമറ, ടെക്നോ കാമൺ 40 സീരീസ് പുറത്തിറങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം