
സ്‍മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ്ങ് ഇന്ത്യയിൽ പുതിയ നത്തിങ്ങ് ഫോൺ 4ബി അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ ബി സീരീസിലെ ആദ്യ സ്‍മാർട്ട്ഫോണായാണ് നത്തിങ്ങ് ഫോൺ 4ബി എത്തുന്നത്. പ്രീമിയം അനുഭവം കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സീരീസ് അവതരിപ്പിച്ചതെന്ന് കമ്പനി പറയുന്നു. 34,999 രൂപ പ്രാരംഭ വിലയിൽ എത്തുന്ന ഫോൺ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 പ്രോസസർ, 6,000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ് ഒഎസ് 4.1 എന്നിവയോടെയാണ് വിപണിയിലെത്തിയത്.
എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 34,999 രൂപയാണ് വില. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 38,999 രൂപ നൽകണം. ബാങ്ക് ഓഫറുകൾ ഉപയോഗിച്ചാൽ അടിസ്ഥാന മോഡൽ 29,999 രൂപയ്ക്കും 256 ജിബി പതിപ്പ് 34,699 രൂപയ്ക്കും സ്വന്തമാക്കാനാകുമെന്ന് കമ്പനി അറിയിച്ചു. ലിമിറ്റിഡ് എഡിഷനായി ആർസിബി എഡിഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പതിപ്പ് നിലവിൽ ബെംഗളൂരുവിലെ നത്തിങ്ങിന്റെ ഫ്ലാഗ്ഷിപ്പ് സ്റ്റോറിൽ സംഘടിപ്പിക്കുന്ന പ്രത്യേക ഓഫ്‌ലൈൻ പോപ്-അപ്പ് വിൽപ്പനയിലൂടെ മാത്രമാണ് ലഭ്യമാകുക.
നത്തിങ്ങിന്റെ സുതാര്യമായ പിൻഭാഗം എന്ന ഡിസൈൻ ശൈലി ഫോൺ 4ബിയിലും തുടരുന്നു. എന്നാൽ ഇത്തവണ പരമ്പരാഗത ഗ്ലിഫ് ഇന്റർഫേസിന് പകരം ഗ്ലിഫ് ബാർ എന്ന പുതിയ സംവിധാനം കമ്പനി അവതരിപ്പിച്ചു. 45 ചെറിയ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുത്തിയ ഗ്ലിഫ് ബാർ മുൻ മോഡലുകളെ അപേക്ഷിച്ച് 40 ശതമാനം വരെ കൂടുതൽ തെളിച്ചം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടൈമർ, ചാർജിങ് പുരോഗതി, ഡെലിവറി ട്രാക്കിങ്, ക്യാമറ കൗണ്ട്ഡൗൺ, നോട്ടിഫിക്കേഷൻ അലർട്ടുകൾ എന്നിവയ്ക്കായി ഇത് ഉപയോഗിക്കാം.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഗെയിമിങ് സമയത്ത് ചൂട് നിയന്ത്രിക്കാൻ വലിയ വേപ്പർ ചേംബർ കൂളിങ് സംവിധാനവും നൽകിയിട്ടുണ്ട്. 6.77 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.
ഇന്ത്യൻ വിപണിക്കായി 6,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് നത്തിങ്ങ് ഫോൺ 4ബിയിൽ നൽകിയിരിക്കുന്നത്. നത്തിങ്ങ് സ്മാർട്ട്ഫോണുകളിൽ ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ ബാറ്ററിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 18 മണിക്കൂർ വരെ ഉപയോഗിക്കാനാകുമെന്നും 1,200 ചാർജിങ് സൈക്കിളുകൾക്കുശേഷവും ബാറ്ററിയുടെ 90 ശതമാനം ആരോഗ്യനില നിലനിർത്തുമെന്നും കമ്പനി പറയുന്നു. അതിവേഗ ചാർജിങ്ങിനുള്ള പിന്തുണയും ഫോണിലുണ്ട്. 27 മിനിറ്റിനുള്ളിൽ ഒരു ശതമാനത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് ചെയ്യാനും ഏകദേശം 80 മിനിറ്റിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാനുമാകുമെന്ന് കമ്പനി അറിയിച്ചു.
50 മെഗാപിക്സൽ സാംസങ് പ്രധാന ക്യാമറയും എട്ട് മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമാണ് ഫോണിലുള്ളത്. ഒപ്റ്റിക്കൽ, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സംവിധാനവും ലഭ്യമാണ്. 30 ഫ്രെയിംസ് പെർ സെക്കൻഡിൽ നാല് കെ വീഡിയോ റെക്കോർഡിങ്ങിനും മുൻ-പിൻ ക്യാമറകൾ ഒരേസമയം ഉപയോഗിച്ച് വീഡിയോ പകർത്താനുമുള്ള സൗകര്യവും നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ് ഒഎസ് 4.1 ആണ് ഫോണിൽ പ്രവർത്തിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള എസൻഷ്യൽ വോയ്സ്, എസൻഷ്യൽ സ്‌പേസ്, എസൻഷ്യൽ സെർച്ച് തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ആൻഡ്രോയിഡ് പതിപ്പ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
35,000 രൂപ വില ശ്രേണിയിൽ സ്‍മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവരെ ലക്ഷ്യമിട്ടാണ് നത്തിങ്ങ് ഫോൺ 4ബി അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഡിസൈൻ, വലിയ ബാറ്ററി, മികച്ച ഹാർഡ്‌വെയർ, ശുദ്ധമായ സോഫ്റ്റ്‌വെയർ അനുഭവം എന്നിവയിലൂടെ ഈ വിഭാഗത്തിൽ ശ്രദ്ധ നേടാനാണ് കമ്പനിയുടെ ശ്രമം.