
ഒരു പുതിയ സ്‍മാർട്ട്‌ഫോൺ വാങ്ങുമ്പോൾ നമ്മൾ പലപ്പോഴും അതിന്‍റെ വില, ഫീച്ചറുകൾ, ബാറ്ററി ശേഷി, ക്യാമറ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ പലരും സ്‍മാർട്ട്ഫോണിലെ ഒരു നിർണായക ഘടകമായ സോഫ്റ്റ്‌വെയർ സപ്പോർട്ടിനെക്കുറിച്ച് മറക്കുന്നു. ആഗോള ആൻഡ്രോയ്‌ഡ് ഉപയോക്താക്കളിൽ 60 ശതമാനത്തിലധികം പേരും ഇപ്പോഴും പഴയ ആൻഡ്രോയ്‌ഡ് പതിപ്പുകൾ (ആൻഡ്രോയ്‌ഡ് 13 അല്ലെങ്കിൽ അതിന് മുമ്പുള്ളത് പോലെ) ഉപയോഗിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ. അതായത്, ഏകദേശം ഒരു ബില്യൺ ആളുകൾ ഗൂഗിളിൽ നിന്ന് പുതിയ സുരക്ഷാ പാച്ചുകളോ പരിരക്ഷകളോ ലഭിക്കാത്ത ഡിവൈസുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത് എന്നാണ്. ഇത് ഗുരുതരമായ സൈബര്‍ ഭീഷണി ഉയർത്തുന്നു.
നിങ്ങളുടെ ഫോണിലേക്ക് നുഴഞ്ഞുകയറാൻ ഹാക്കർമാർ ഓരോ ദിവസവും പുതിയ വഴികൾ കണ്ടെത്തുന്നു. അതുകൊണ്ടുതന്നെ സുരക്ഷാ അപ്‌ഡേറ്റുകളുടെ അഭാവം നിങ്ങളുടെ ഡാറ്റ കവരാൻ സാധിക്കുന്ന വിധത്തിൽ അപകടസാധ്യതകൾ സൃഷ്‍ടിക്കുന്നുവെന്ന് സിമ്പീരിയത്തിന്‍റെ 2025 ഗ്ലോബൽ മൊബൈൽ ത്രെറ്റ് റിപ്പോർട്ട് പറയുന്നു. ഉദാഹരണത്തിന്, 2025 ഡിസംബറിൽ ആൻഡ്രോയ്‌ഡിലെ 107 അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള അപ്‍ഡേറ്റുകൾ ഗൂഗിൾ പുറത്തിറക്കിയിരുന്നു. ഈ 107 അപകടസാധ്യതകളിൽ 40 ശതമാനവും ഫോണിന്‍റെ നിയന്ത്രണം മറ്റൊരാൾ കൈക്കലാക്കുന്നത് ഉൾപ്പെടെ അങ്ങേയറ്റം അപകടകരമായവയിരുന്നു. എന്നാൽ പഴയ ആൻഡ്രോയ്‌ഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഈ സുരക്ഷാ അപ്‍ഡേറ്റുകൾ ലഭിച്ചില്ല.
ആപ്പിളും ആൻഡ്രോയ്‌ഡും തമ്മിലുള്ള വലിയ സുരക്ഷാ വിടവ്
സുരക്ഷയുടെ കാര്യത്തിൽ ആപ്പിളിന്‍റെ സംവിധാനങ്ങൾ ശക്തമാണെന്ന് നിലവിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ സജീവമായ ഐഫോണുകളിൽ ഏകദേശം 90 ശതമാനവും എപ്പോഴും ഏറ്റവും പുതിയ സോഫ്റ്റ്‌വെയറും സുരക്ഷാ അപ്‌ഡേറ്റുകളും കൊണ്ട് സജ്ജീകരിച്ചിട്ടുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. ആപ്പിൾ വർഷങ്ങളായി അതിന്റെ പഴയ മോഡലുകൾ പോലും അപ്‌ഡേറ്റ് ചെയ്യുന്നത് തുടരുന്നു.
നിങ്ങൾ ഒരു പുതിയ ആൻഡ്രോയ്‌ഡ് ഫോൺ വാങ്ങുന്നത് പരിഗണിക്കുകയാണെങ്കിൽ, ഫോണുകളുടെ ആകർഷകമായ ഫീച്ചറുകൾ മാത്രം നോക്കരുത്. കുറഞ്ഞത് മൂന്ന് മുതൽ നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കുറഞ്ഞത് രണ്ട് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കുക. ബാങ്കിംഗ് മുതൽ വ്യക്തിഗത വിവരങ്ങൾ വരെ എല്ലാം സ്‍മാർട്ട്‌ഫോണുകളിൽ സൂക്ഷിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ സുരക്ഷ ഒരു ആഡംബരമല്ല, മറിച്ച് ഒരു ആവശ്യകതയാണെന്ന കാര്യം മറക്കാതിരിക്കുക.
അപകടം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക
1. നിങ്ങളുടെ ആൻഡ്രോയ്‌ഡ് ഫോണിന്‍റെ സെറ്റിംഗ്‍സിലേക്ക് പോയി ഒഎസ് പതിപ്പ് അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.
2. ഫോണിന്‍റെ പുതിയ ഒഎസ് പതിപ്പ് ലഭ്യമാണെങ്കിൽ, കാലതാമസം കൂടാതെ അത് അപ്ഡേറ്റ് ചെയ്യുക.
3. നിങ്ങളുടെ ഫോണിൽ പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ടെങ്കിൽ അത് ഉടൻ നീക്കം ചെയ്യുക.