
കാലിഫോര്‍ണിയ: ആപ്പിൾ കമ്പനി ഇപ്പോൾ ഐഫോൺ എയര്‍ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ പിൻഗാമിയുടെ വികസനവുമായി മുന്നോട്ട് പോകുകയാണ്. 2026-ൽ ഈ ഫോൺ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ്, ആപ്പിളിന്‍റെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ എന്നിവയ്‌ക്കൊപ്പം അടുത്ത തലമുറ ഐഫോൺ എയർ 2026 സെപ്റ്റംബറിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട് എന്ന് 9To5Mac-ന്‍റെ റിപ്പോർട്ട് ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ, ആപ്പിൾ പുതിയ റിലീസ് തീയതി നൽകാതെ അടുത്ത ഐഫോൺ എയറിന്‍റെ ഷെഡ്യൂൾ മാറ്റുന്നതായി എഞ്ചിനീയർമാരെയും വിതരണക്കാരെയും അറിയിച്ചിരുന്നു എന്ന്, ദി ഇൻഫർമേഷന്‍റെ ഒരു റിപ്പോർട്ട് അവകാശപ്പെട്ടതായും ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാൻഡേർഡ് ഐഫോൺ 18, ഐഫോൺ 18e എന്നിവ പുറത്തിറക്കാനുള്ള പദ്ധതികൾക്കൊപ്പം, 2027-ൽ രണ്ടാമത്തെ ക്യാമറ ലെൻസുള്ള ഒരു പുനർരൂപകൽപ്പന ചെയ്‌ത പതിപ്പ് പുറത്തിറക്കാൻ സാധ്യതയുണ്ടെന്നും ദി ഇൻഫർമേഷൻ റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ സമയപരിധി 2026-ലേക്ക് മാറ്റിയതായി ഇപ്പോൾ 9To5Mac റിപ്പോർട്ട് പറയുന്നു.
രണ്ടാം തലമുറ ഐഫോൺ എയറിൽ ആപ്പിൾ കാര്യമായ അപ്‌ഗ്രേഡുകൾക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് ദി ഇൻഫർമേഷൻ റിപ്പോർട്ട് പറയുന്നു. ഡ്യുവൽ ക്യാമറ സജ്ജീകരണത്തിലൂടെ അൾട്രാ-വൈഡ് ലെൻസ് ചേർക്കൽ, ഐഫോൺ 17 പ്രോയിൽ ഉപയോഗിച്ചതിന് സമാനമായ ഒരു വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം അവതരിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് ഐഫോൺ 17-ൽ കാണുന്ന ഡ്യുവൽ-ലെൻസ് സജ്ജീകരണവുമായി പൊരുത്തപ്പെടുന്ന, നിലവിലുള്ള 48 എംപി ഫ്യൂഷൻ പ്രധാന ക്യാമറയ്‌ക്കൊപ്പം 48 എംപി ഫ്യൂഷൻ അൾട്രാ വൈഡ് ക്യാമറയും അടുത്ത തലമുറ മോഡലിൽ സജ്ജീകരിക്കാൻ ആപ്പിൾ എഞ്ചിനീയർമാർ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. നിലവിലുള്ള ഐഫോൺ എയറിനേക്കാൾ ഭാരം കുറഞ്ഞതായിരിക്കും ഈ ഫോൺ എന്നും വലിയ ബാറ്ററിയാണ് ഈ സ്‍മാർട്ട് ഫോണിൽ വാഗ്‌ദാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, ആദ്യ മോഡലിനെ അപേക്ഷിച്ച് രണ്ടാം തലമുറ ഐഫോൺ എയറിന്‍റെ വില ആപ്പിൾ കുറച്ചേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്.