
ഷെഞ്ജെൻ: ചൈനീസ് സ്‍മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസ് ഏറ്റവും പുതിയ വൺപ്ലസ് 15 5ജി മൊബൈലിന്‍റെ ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്വാൽകോമിന്‍റെ ലേറ്റസ്റ്റ് ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഉൾക്കൊള്ളുന്ന ആദ്യത്തെ ഫോണായിരിക്കും വൺപ്ലസ് 15 എന്ന് കമ്പനി വെളിപ്പെടുത്തി. ഇത് ആദ്യം വൺപ്ലസ് 15 ചൈനീസ് ആഭ്യന്തര വിപണിയിലും തുടർന്ന് മറ്റ് ആഗോള വിപണികളിലും ഇന്ത്യയിലും ലോഞ്ച് ചെയ്യും. ക്യാമറ ഡിസൈനിലടക്കം മാറ്റങ്ങളോടെയാണ് വണ്‍പ്ലസ് 15 5ജി വിപണിയിലെത്തുക.
ചൈനയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വൺപ്ലസ് 15-ന്‍റെ ഡിസൈൻ ഓൺലൈനിൽ ചോർന്നു. പുനർരൂപകൽപ്പന ചെയ്‌ത പിൻ പാനലാണ് ചോർച്ചയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ, വൺപ്ലസ് അതിന്‍റെ സിഗ്നേച്ചർ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളിന് പകരം പിന്നിൽ മുകളിൽ വലത് കോണിൽ ഒരു ദീർഘചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡ് സ്ഥാപിച്ചേക്കുമെന്നാണ് ലീക്കുകള്‍ നല്‍കുന്ന സൂചന. ഇതിനർഥം കമ്പനി അടുത്തിടെ പുറത്തിറക്കിയ വൺപ്ലസ് 13s-ന് സമാനമായ ഒരു ഡിസൈൻ പുതിയ വൺപ്ലസ് 15 സീരീസിലേക്ക് വരുമെന്നാണ്. ക്വാൽകോമിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഉൾക്കൊള്ളുന്ന ആദ്യത്തെ ഫോണായിരിക്കും വൺപ്ലസ് 15 എന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
വൺപ്ലസ് 15ന് 1.15 എംഎം നേർത്ത ബെസലുകളുമുള്ള 6.82 ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഡിസ്‌പ്ലേ 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ളതായിരിക്കും. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 16 പ്ലാറ്റ്‌ഫോമിലായിരിക്കും വണ്‍പ്ലസ് 15 പ്രവർത്തിക്കുകയെന്നും പറയപ്പെടുന്നു. കൂടാതെ അഞ്ച് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും ഫോണിന് ലഭിക്കും. 50 വാട്‌സ് വയർലെസ്, 100 വാട്‌സ് വയർഡ് ചാർജിംഗ് എന്നിവയ്ക്കുള്ള പിന്തുണയുള്ള ഒരു വലിയ 7,300 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയും വണ്‍പ്ലസ് 15 സ്‌മാര്‍ട്ട്‌ഫോണിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വൺപ്ലസ് 15 5ജി-യിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. അതിൽ 50 എംപി പ്രധാന ക്യാമറ, 50 എംപി അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുമെന്നാണ് ലീക്കുകള്‍. കൂടാതെ 3x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ലെൻസും ഇതിൽ വരാം. 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് ലഭിക്കാൻ സാധ്യത ഉണ്ട്. കൂടാതെ, വൺപ്ലസ് ഹാസൽബ്ലാഡുമായുള്ള സഹകരണം അവസാനിപ്പിക്കുകയും സ്വന്തം ഇമേജിംഗ് പ്ലാറ്റ്‌ഫോമുകൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ത്യയിൽ എപ്പോഴാണ് വണ്‍പ്ലസ് 15 ലോഞ്ച് ചെയ്യുക?
അതേസമയം കമ്പനി ഇതുവരെ ഇന്ത്യയിൽ വൺപ്ലസ് 15 ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2025 ഒക്‌ടോബറില്‍ ചൈനയിൽ വൺപ്ലസ് 15 ഫോൺ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ജനുവരിയിൽ ഇത് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. വൺപ്ലസ് 15 5ജി മൊബൈൽ ഇന്ത്യയിൽ ഏകദേശം 70,000 രൂപയ്ക്ക് ലോഞ്ച് ചെയ്തേക്കും എന്നുമാണ് റിപ്പോർട്ടുകൾ.