
ബെയ്‌ജിംഗ്: പ്രമുഖ ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വൺപ്ലസ് ഉടൻ വൺപ്ലസ് എയ്‌സ് 6 (OnePlus Ace 6) ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കും. ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ വൺപ്ലസ് 15-നൊപ്പമാണ് പുത്തന്‍ എയ്‌സ് ബജറ്റ്-ഫ്രണ്ട്‌ലി മോഡല്‍ കമ്പനി ചൈനയിൽ അവതരിപ്പിക്കുക. ഇന്ത്യയിലും ആഗോള വിപണികളിലും വൺപ്ലസ് 15ആര്‍ (OnePlus 15R) എന്ന പേരിലാകും ഈ സ്‍മാർട്ട്ഫോൺ അവതരിപ്പിക്കപ്പെടുക എന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 4:30നാണ് ചൈനയില്‍ വൺപ്ലസ് എയ്‌സ് 6 അഥവാ വണ്‍പ്ലസ് 15ആര്‍ ഫോണിന്‍റെ അവതരണം.
ചൈനയിൽ വൺപ്ലസ് എയ്‌സ് 6 (വൺപ്ലസ് 15ആര്‍) ഫോണിന്‍റെ വില എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുൻഗാമിയായ വൺപ്ലസ് എയ്‌സ് 5-ന് സമാനമായ വിലയായിരിക്കും ഈ ഫോണിനുമുണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്യുമ്പോൾ വൺപ്ലസ് എയ്‌സ് 5-ന്‍റെ 12 ജിബി + 256 ജിബി വേരിയന്‍റിന് വില ചൈനയില്‍ 2,299 യുവാന്‍ (ഏകദേശം 26,000 രൂപ) ആയിരുന്നു. ഇന്ത്യയിലും ആഗോള വിപണികളിലും വൺപ്ലസ് 13ആര്‍ എന്ന പേരിൽ ഈ ഫോണ്‍ അവതരിപ്പിച്ചു.
നിലവിലുള്ള വൺപ്ലസ് 13ആര്‍-നെ അപേക്ഷിച്ച് വൺപ്ലസ് 15ആര്‍ നിരവധി അപ്‌ഗ്രേഡുകൾ വാഗ്‌ദാനം ചെയ്യുമെന്നാണ് സൂചന. വൺപ്ലസ് 15ആര്‍ സ്‌മാര്‍ട്ട്‌ഫോൺ കറുപ്പ്, ഫ്ലാഷ് വൈറ്റ്, ക്വിക്ക്‌സിൽവർ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ എത്തും. ഫോണിന്‍റെ പിൻഭാഗത്ത് 'എയ്‌സ്' ബ്രാൻഡിംഗ് ലഭിക്കും. മുകളിൽ ഇടത് മൂലയിൽ പുനർരൂപകൽപ്പന ചെയ്‌ത ക്യാമറ ഡെക്കോ ഉണ്ട്. ഇത് വൺപ്ലസ് 15-ലെ യൂണിറ്റിനോട് വളരെ സാമ്യമുള്ളതാണ്.
ടീസർ ചിത്രങ്ങൾ ഫോണിന്‍റെ ഫ്രെയിമിന് മുകളിൽ മൂന്ന് ദ്വാരങ്ങൾ വെളിപ്പെടുത്തുന്നു. ഇത് ഒരുപക്ഷേ മൈക്രോഫോണുകൾക്കും ഒരു ഐആർ ബ്ലാസ്റ്ററിനും വേണ്ടി ആയിരിക്കാം. ഈ ഫോണിന് ഒരു മെറ്റൽ ഫ്രെയിം ലഭിക്കുമെന്നും പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി ഐപി66 + ഐപി68 + ഐപി69 + ഐപി69കെ റേറ്റിംഗുകൾ ഉള്ളതായും റിപ്പോർട്ടുകളുണ്ട്. 213 ഗ്രാം ആയിരിക്കും വണ്‍പ്ലസ് 15ആര്‍ ഫോണിന്‍റെ ഭാരം. ഈ ഫോൺ ഫ്ലാറ്റ് അമോലെഡ് സ്‌ക്രീനുമായി വരുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചു. 165 ഹെര്‍ട്‌സ് വരെ വേരിയബിൾ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കും. വൺപ്ലസ് 15ആര്‍-ന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് കരുത്തു പകര്‍ന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.