
വൺപ്ലസ് 16 സീരീസ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വൺപ്ലസ്. ഒക്ടോബർ 12ന് ചൈനയിൽ പുതിയ മുൻനിര സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫോണിന്റെ പ്രധാന സവിശേഷതകൾ സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോഴിതാ ബാറ്ററി ശേഷിയും വെളിപ്പെടുത്തിയിരിക്കുകയാണ്. വൺപ്ലസ് എക്സിക്യൂട്ടീവ് ലി ജി ലൂയിസ് ചൈനീസ് സാമൂഹികമാധ്യമമായ വെയ്‌ബോയിൽ പങ്കുവെച്ച വിവരമനുസരിച്ച് വൺപ്ലസ് 16ൽ 9000 എംഎഎച്ച് ബാറ്ററിയുണ്ടാകും. മുൻഗാമിയായ വൺപ്ലസ് 15ൽ 7300 എംഎഎച്ച് ബാറ്ററിയായിരുന്നു നൽകിയിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ബാറ്ററി ശേഷിയിൽ വലിയ വർധനവാണ് പുതിയ മോഡലിൽ പ്രതീക്ഷിക്കുന്നത്.
2026ലെ വൺപ്ലസ് ഗെയിമിങ് കോൺഫറൻസിൽ പുറത്തുവന്ന വിവരങ്ങൾ പരിഗണിക്കുമ്പോൾ വൺപ്ലസ് 15നെപ്പോലെ ഗെയിമിങ്ങിന് പ്രാധാന്യം നൽകുന്ന ഫോണായിരിക്കും വൺപ്ലസ് 16 എന്നും സൂചനയുണ്ട്. ഇത്തവണ ഗെയിമിങ് പ്രകടനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഫോൺ ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ക്വാൽകോമിന്റെ ഏറ്റവും പുതിയതും ശക്തവുമായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 ചിപ്സെറ്റായിരിക്കും ഫോണിന് കരുത്തേകുക. ബോക്സിൽ നിന്ന് തന്നെ കളർഒഎസ് 17 ലഭിക്കുന്ന ആദ്യ വൺപ്ലസ് സ്മാർട്ട്ഫോണായിരിക്കും വൺപ്ലസ് 16 എന്നും കമ്പനി സൂചന നൽകിയിട്ടുണ്ട്.
ഫോണിന്റെ ഡിസ്പ്ലേ സാധാരണ ഉപയോഗത്തിൽ 165 ഹെർട്സ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കും. ഗെയിമിങ് സമയത്ത് ഇത് 185 ഹെർട്സ് വരെ ഉയരും. അറീന ബ്രേക്ക്‌ഔട്ട്, നിഷാൻ: ഫ്യൂച്ചർ, നരൂട്ടോ മൊബൈൽ, പീസ് എലീറ്റ് തുടങ്ങിയ ഗെയിമുകളിൽ 185 എഫ്പിഎസ് വരെ നേറ്റീവ് പിന്തുണയും വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസ്പ്ലേ, ടച്ച് റെസ്പോൺസ്, കണക്റ്റിവിറ്റി എന്നിവയ്ക്കായി പ്രത്യേക ചിപ്പുകൾ ഉൾപ്പെടുന്ന മൂന്ന് ചിപ്പ് എസ്പോർട്സ് സംവിധാനവും ഫോണിലുണ്ടാകും. ഗെയിമിങ്ങിനിടെ ഉയർന്ന ഫ്രെയിം റേറ്റ് കൂടുതൽ സമയം നിലനിർത്താൻ സഹായിക്കുന്ന പുതിയ ഫെങ്ചി ഗെയിമിങ് കേർണലും ഇതോടൊപ്പമുണ്ടാകും.
ക്യാമറയിലും വൺപ്ലസ് 16 ശ്രദ്ധേയമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. 200 മെഗാപിക്സൽ പ്രധാന ക്യാമറയും 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുമാണ് പ്രധാന ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുക. ഫോൺ 3 നിറങ്ങളിൽ ലഭ്യമാകുമെന്നാണ് വിവരം. 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള മോഡൽ ആൻടുടു ബെഞ്ച്മാർക്ക് പരീക്ഷണത്തിൽ 53.8 ലക്ഷം പോയിന്റിലധികം നേടിയതായും റിപ്പോർട്ടുകളുണ്ട്.
ബാറ്ററിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ നേരത്തെയുണ്ടായിരുന്ന ചോർച്ചകളെയും ശരിവയ്ക്കുന്നതാണ്. 9000 എംഎഎച്ച് ബാറ്ററിയായിരിക്കുമെന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ നേരത്തെ അവകാശപ്പെട്ടിരുന്നു. 100 വാട്ട് വയേർഡ് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും ഫോണിൽ ലഭിക്കുമെന്നും ടിപ്സ്റ്റർ നേരത്തെ സൂചന നൽകിയിരുന്നു.
50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ കൂടി ഫോണിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടെലിഫോട്ടോ ക്യാമറ 3 മടങ്ങ് ഒപ്റ്റിക്കൽ സൂമും 6 മടങ്ങ് വരെ ലോസ്‌ലെസ് സൂമും നൽകുമെന്നും സൂചനയുണ്ട്. സെൽഫിക്കായി 50 മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറയും പ്രതീക്ഷിക്കുന്നുണ്ട്. വൺപ്ലസ് 15നെ അപേക്ഷിച്ച് കൂടുതൽ നേർത്ത ബെസലുകളും പുതിയ മോഡലിൽ ഉണ്ടാകുമെന്നാണ് നേരത്തെയുള്ള ചോർച്ചകൾ സൂചിപ്പിക്കുന്നത്.
ചൈനയിലെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതിനിടെ ആഗോള വിപണിയിലെത്തുന്നത് നവംബറിലായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഇന്ത്യയിൽ സാധാരണ വൺപ്ലസ് 16 അവതരിപ്പിക്കാതെ വൺപ്ലസ് 16ആർ മാത്രം അവതരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വൺപ്ലസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.