വൺപ്ലസ് ഫോണിൽ പുതിയ യുഗം; അപ്ഡേറ്റ് നഷ്‍ടമാകുന്ന മോഡലുകൾ

Published : Aug 06, 2026, 12:10 PM IST
OnePlus

Synopsis

വൺപ്ലസ് ആൻഡ്രോയിഡ് 17 മുതൽ ഓക്സിജൻഒഎസിന് പകരം ഒപ്പോയുടെ കളർ ഓഎസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എന്നാൽ ഈ സുപ്രധാന മാറ്റം വൺപ്ലസ് 10 സീരീസ്, 11ആർ, നോർഡ് സീരീസിലെ പഴയ മോഡലുകൾ എന്നിവയുൾപ്പെടെ നിരവധി ഫോണുകൾക്ക് ലഭിക്കില്ല. പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഏറ്റവും പുതിയതും വരാനിരിക്കുന്നതുമായ മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും.

തിരഞ്ഞെടുത്ത ചില അന്താരാഷ്ട്ര വിപണികളിലെ പ്രവർത്തനം അവസാനിപ്പിച്ചതായി വൺപ്ലസ് കമ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നിലവിൽ ഉപയോഗത്തിലുള്ള ഡിവൈസുകൾക്ക് സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്ഡേറ്റുകൾ തുടർന്നും ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ആൻഡ്രോയിഡ് 17 മുതൽ വൺപ്ലസ് ഫോണുകളിലെ ഓക്സിജൻഒഎസിന് പകരം ഒപ്പോയുടെ കളർ ഓഎസ് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കമ്പനിയുടെ ഔദ്യോഗിക സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നയമനുസരിച്ച് പുതിയ പതിപ്പ് ഏതാനും പുതിയ സ്മാർട്ട്ഫോണുകൾക്ക് മാത്രമായിരിക്കും ലഭിക്കുക. നിരവധി പഴയ പ്രീമിയം, മിഡ് റേഞ്ച് മോഡലുകൾക്ക് ഈ വർഷത്തോടെ പ്രധാന സോഫ്റ്റ്‌വെയർ പിന്തുണ അവസാനിക്കും.

വൺപ്ലസ് 10 സീരീസിന് ആൻഡ്രോയിഡ് 17 ഇല്ല

കമ്പനിയുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നയപ്രകാരം ആൻഡ്രോയിഡ് 17 അധിഷ്ഠിത കളർ ഒഎസ് 17, വൺപ്ലസ് 10 സീരീസിലേക്ക് എത്തില്ല. ആൻഡ്രോയിഡ് 12-നൊപ്പം പുറത്തിറങ്ങിയ വൺപ്ലസ് 10 പ്രോ, വൺപ്ലസ് 10ടി, വൺപ്ലസ് 10ആർ എന്നീ മോഡലുകൾക്ക് ആൻഡ്രോയിഡ് 17 അപ്ഡേറ്റ് ലഭിക്കില്ല. അതിനാൽ കളറോസ് 17-ലേക്കുള്ള മാറ്റത്തിന്റെ ഭാഗമാകാനും ഈ ഫോണുകൾക്ക് സാധിക്കില്ല.

11ആറും നോർഡ് മോഡലുകൾക്കും അവസാന പ്രധാന അപ്ഡേറ്റ്

ആൻഡ്രോയിഡ് 13-നൊപ്പം പുറത്തിറങ്ങിയ വൺപ്ലസ് 11ആറിന് ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓക്സിജൻഒഎസ് 16 ആയിരിക്കും അവസാനത്തെ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ്. അതിനുശേഷം പുതിയ ആൻഡ്രോയിഡ് പതിപ്പ് ഈ മോഡലിലേക്ക് എത്തില്ല. അതേസമയം, നോർഡ് സീരീസിലെ ചില ജനപ്രിയ മോഡലുകളുടെയും ഉറപ്പുനൽകിയ സോഫ്റ്റ്‌വെയർ പിന്തുണ ഈ വർഷത്തോടെ അവസാനിക്കും. ആൻഡ്രോയിഡ് 13-നൊപ്പം പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് 3-ന് ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 16 ആയിരിക്കും അവസാനത്തെ പ്രധാന അപ്ഡേറ്റ്.

ടാബ്‍ലറ്റുകൾക്കും അപ്ഡേറ്റ് നഷ്‍ടമാകും

2024-ൽ ആൻഡ്രോയിഡ് 14 അധിഷ്ഠിത ഓക്സിജൻഒഎസ് 14-നൊപ്പം പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് സിഇ 4, വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ് എന്നീ മോഡലുകൾ നിലവിൽ ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓക്സിജൻഒഎസ് 16-ലാണ് പ്രവർത്തിക്കുന്നത്. ഈ പതിപ്പായിരിക്കും ഇവയ്ക്ക് ലഭിക്കുന്ന അവസാനത്തെ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ്. അതിനാൽ കളറോസ് 17 ഇവയ്ക്കും ലഭിക്കില്ല. ടാബ്ലറ്റ് വിഭാഗത്തിൽ വൺപ്ലസ് പാഡ്, വൺപ്ലസ് പാഡ് ഗോ എന്നീ മോഡലുകൾക്കും ആൻഡ്രോയിഡ് 17 അപ്ഡേറ്റ് ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ മോഡലുകൾക്ക് മാത്രം ആൻഡ്രോയിഡ് 17

ആൻഡ്രോയിഡ് 17 അധിഷ്ഠിത പുതിയ സോഫ്റ്റ്‌വെയർ വൺപ്ലസ് 11 സീരീസ് മുതൽ പുറത്തിറങ്ങിയ മുൻനിര മോഡലുകൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. വൺപ്ലസ് നോർഡ് 4, വൺപ്ലസ് നോർഡ് 5 തുടങ്ങിയ പുതിയ സ്മാർട്ട്ഫോണുകളും ഈ അപ്ഡേറ്റിന് അർഹത നേടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സാംസങ് ഫോൾഡ് 8: വിപണി കീഴടക്കിയ രഹസ്യമെന്ത്?
1.5 ലക്ഷം രൂപയുടെ ഐഫോൺ ഇനി കുറഞ്ഞ വിലയിൽ? ഫ്രീഡം സെയിൽ വിശദാംശങ്ങൾ