ഭീമൻ ബാറ്ററി, മോഹവില; പുതിയ വൺപ്ലസ് എൻ6 സ്‍മാർട്ട് ഫോൺ ഇന്ത്യയിൽ

Published : Jul 01, 2026, 08:21 AM IST
OnePlus N6 Launched, OnePlus N6, OnePlus N6 India, OnePlus N6 Price

Synopsis

ചൈനീസ് ബ്രാൻഡായ വൺപ്ലസ്, എൻട്രി-ലെവൽ സ്മാർട്ട്ഫോണായ വൺപ്ലസ് എൻ6 ഇന്ത്യയിൽ അവതരിപ്പിച്ചു. 8,000mAh ബാറ്ററിയും മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് ചിപ്‌സെറ്റും ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളാണ്. 22,999 രൂപ മുതൽ വില ആരംഭിക്കുന്ന ഫോൺ ജൂലൈ 4 മുതൽ വിൽപ്പനയ്‌ക്കെത്തും.

ചൈനീസ് സ്‍മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് പുതിയ എൻട്രി-ലെവൽ സ്‍മാർട്ട്ഫോണായ വൺപ്ലസ് എൻ6 ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ 'N' സീരീസിലെ ആദ്യ മോഡലായ ഈ സ്‍മാർട്ട്ഫോൺ, വലിയ ബാറ്ററിയും പുതിയ മീഡിയടെക് പ്രോസസറുമായാണ് എത്തുന്നത്. 8,000mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ്, മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് ചിപ്‌സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

4GB റാം, 128GB സ്റ്റോറേജ് പതിപ്പിന് 22,999 രൂപയും 6GB റാം, 128GB സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയുമാണ് വില. പ്രൈം ഡേ ഓഫറിന്റെ ഭാഗമായി 1,000 രൂപയുടെ പ്രത്യേക ഇളവും ആക്സിസ് ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആറുമാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. ജൂലൈ നാല് മുതൽ ആമസോൺ വഴി ഫോൺ വിൽപ്പന ആരംഭിക്കും. ഫ്രെഷ് മിന്റ്, മിഡ്‌നൈറ്റ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഓക്സിജൻഒഎസ് 16-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 6.75 ഇഞ്ച് എച്ച്ഡി എൽസിഡി ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, പരമാവധി 1,200 നിറ്റ്സ് ഹൈ ബ്രൈറ്റ്നസ് മോഡ് എന്നിവയും ഫോണിലുണ്ട്. ഐപി65 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങും MIL-STD-810H മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് ഒക്ടാ-കോർ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻടുടു ബെഞ്ച്മാർക്കിൽ 6.15 ലക്ഷത്തിലധികം പോയിന്റ് നേടിയതായി വൺപ്ലസ് അവകാശപ്പെടുന്നു. മികച്ച താപനിയന്ത്രണത്തിനായി 5,300 ചതുരശ്ര മില്ലിമീറ്റർ വിസ്‍തൃതിയുള്ള വേപ്പർ ചേംബർ കൂളിങ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാമറ വിഭാഗത്തിൽ എഫ്/1.8 അപ്പർച്ചറോടുകൂടിയ 50 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് നൽകിയിരിക്കുന്നത്. 1080പി റെസല്യൂഷനിൽ സെക്കൻഡിൽ 60 ഫ്രെയിം വരെ വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയും. ഡ്യുവൽ-വ്യൂ വീഡിയോ മോഡും ഫോണിന്റെ സവിശേഷതയാണ്. 8,000mAh ബാറ്ററിയുള്ള ഈ ഫോൺ 45W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനും 6.5W റിവേഴ്സ് വയർഡ് ചാർജിങ്ങിനും പിന്തുണ നൽകുന്നു. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗിക്കാനാകുമെന്നും 1,600 ചാർജിങ് സൈക്കിളുകൾക്കുശേഷവും ബാറ്ററിയുടെ 80 ശതമാനം ശേഷി നിലനിർത്തുമെന്നും കമ്പനി അവകാശപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

വൺപ്ലസ് 185Hz ഡിസ്പ്ലേ ഇനി ഈ ഫോണുകളിലും ലഭിക്കും
ഷവോമി 18: ഭീമൻ ബാറ്ററിയുമായി പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ വരുമോ?