
ദില്ലി: വണ്‍പ്ലസ് അവരുടെ വണ്‍പ്ലസ് നോര്‍ഡ് സിഇ 6, വണ്‍പ്ലസ് നോര്‍ഡ് സിഇ 6 ലൈറ്റ് എന്നീ സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. നോര്‍ഡ് 6 സീരീസിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകളാണ് ഈ ഫോണുകള്‍. വണ്‍പ്ലസ് നോര്‍ഡ് സിഇ 6 മെയ് 8 മുതലും, നോര്‍ഡ് സിഇ 6 ലൈറ്റ് മെയ് 12 മുതലും വാങ്ങിക്കാം.
6.78-ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലെ സഹിതമുള്ള സ്മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 6. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള ഡിസ്‌പ്ലെയാണ് ഈ ഫോണിനുള്ളത്. നവീനമായ ക്രിസ്റ്റല്‍ ഗാര്‍ഡ് ഗ്ലാസ് സുരക്ഷ ഈ ഫോണിന് നല്‍കിയിരിക്കുന്നു. 8,000 എംഎഎച്ചിന്‍റെ വലിയ ബാറ്ററി സഹിതമുള്ള വണ്‍പ്ലസ് നോര്‍ഡ് സിഇ 6 ഫോണിനൊപ്പം നല്‍കുന്നത് 80 വാട്‌സ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാണ്. 27 വാട്‌സ് വയേര്‍ഡ് റിവേഴ്‌സ് ചാര്‍ജിംഗും ഇത് പിന്തുണയ്‌ക്കും. ഐപി66, ഐപി68, ഐപി69, ഐപി69കെ റേറ്റിംഗാണ് ഈ ഫോണിന് ലഭിച്ചിരിക്കുന്നത്. സ്നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 പ്രോസസറിലുള്ള ഫോണ്‍ ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള ഓക്‌സിജന്‍ഒഎസ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ളതാണ്. 50എംപി പ്രധാന റിയര്‍ ക്യാമറയും 32എംപി സെല്‍ഫി ക്യാമറയുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. മൂന്ന് നിറങ്ങളില്‍ വണ്‍പ്ലസ് നോര്‍ഡ് സിഇ 6 ഇന്ത്യയില്‍ ലഭ്യമാവും. വണ്‍പ്ലസ് നോര്‍ഡ് സിഇ 6-ന്‍റെ വില 29,999 രൂപയിലാണ് (8 GB/128 GB) ആരംഭിക്കുന്നത്. 8 GB/256 GB വേരിയന്‍റിന് 32,999 രൂപയാകും.
അതേസമയം, വണ്‍പ്ലസ് നോര്‍ഡ് സിഇ6 ലൈറ്റ് 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.72-ഇഞ്ച് ഫുള്‍ എച്ച്‌ഡി+ ഡിസ്‌പ്ലെ സഹിതമുള്ള സ്‌മാര്‍ട്ട്‌ഫോണാണ്. അക്വ ടച്ച് 2.0. മീഡിയടെക് ഡൈമന്‍സിറ്റി 7400 അപെക്‌സ് ചിപ്‌സെറ്റിലുള്ള ഫോണും ഓക്‌സിജന്‍ഒഎസ് 16 പ്ലാറ്റ്‌ഫോമിലുള്ളതാണ്. 40 വാട്‌സ് സൂപ്പര്‍വൂക് ചാര്‍ജിംഗ് കപ്പാസിറ്റിയുള്ള 7,000 എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ6 ലൈറ്റിലുള്ളത്. നോര്‍ഡ് സിഇ 6 ലൈറ്റില്‍ 50എംപി പ്രധാന ക്യാമറ, 2എംപി ഡെപ്‌ത് സെന്‍സര്‍, 8എംപി സെല്‍ഫി ക്യാമറ എന്നിവയുണ്ട്. രണ്ട് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. വണ്‍പ്ലസ് നോര്‍ഡ് സിഇ 6 ലൈറ്റിന്‍റെ 6 GB/128 GB അടിസ്ഥാന വേരിയന്‍റിന് 20,999 രൂപയാണ് വില. 8 GB/128 GB സ്റ്റോറേജ് വേരിയന്‍റിന് 22,999 രൂപയും 8 GB/256 GB വേരിയന്‍റിന് 25,999 രൂപയും നല്‍കണം.