
വൺപ്ലസിന്റെയും റിയൽമിയുടെയും സ്വന്തം ആൻഡ്രോയിഡ് യൂസർ ഇന്റർഫേസുകളായ ഓക്‌സിജൻ ഒഎസ്, റിയൽമി യുഐ എന്നിവ ഭാവിയിൽ ഒഴിവാക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. മാതൃകമ്പനിയായ ഒപ്പോ സ്‍മാർട്ട്ഫോൺ ബിസിനസിൽ വലിയ പുനഃസംഘടനയ്ക്ക് തയ്യാറെടുക്കുന്നതായും, ഇതിന്റെ ഭാഗമായി ഭാവിയിൽ പുറത്തിറങ്ങുന്ന വൺപ്ലസ്, റിയൽമി ഫോണുകളെല്ലാം കളർ ഒഎസ് ഉപയോഗിച്ചേക്കാം എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
സ്‍മാർട്ട്പ്രിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഒപ്പോ നിലവിൽ കളർ ഒഎസ്, ഓക്‌സിജൻ ഒഎസ്, റിയൽമി യുഐ എന്നീ മൂന്ന് വ്യത്യസ്‍ത ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളാണ് പരിപാലിക്കുന്നത്. ഇവയുടെ വികസനത്തിനും പരിപാലനത്തിനുമായി വലിയ ചെലവും സാങ്കേതിക വിഭവങ്ങളും ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം ആലോചിക്കുന്നത്. ഓക്‌സിജൻ ഒഎസും റിയൽമി യുഐയും ഒഴിവാക്കിയാൽ ഗവേഷണ-വികസന ചെലവ് കുറയ്ക്കാനും കൂടുതൽ വിഭവങ്ങൾ കളർ ഒഎസിന്റെ വികസനത്തിനായി വിനിയോഗിക്കാനുമാകുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
ഈ റിപ്പോർട്ട് ശരിയാണെങ്കിൽ, ഭാവിയിൽ പുറത്തിറങ്ങുന്ന എല്ലാ വൺപ്ലസ്, റിയൽമി സ്മാർട്ട്ഫോണുകളിലും കളർ ഒഎസ് തന്നെയായിരിക്കും പ്രവർത്തിക്കുക. നിലവിൽ ചൈനയിൽ വിൽക്കുന്ന വൺപ്ലസ് ഫോണുകൾ ഇതിനകം തന്നെ കളർ ഒഎസാണ് ഉപയോഗിക്കുന്നത്. 2021-ൽ ഹൈഡ്രജൻ ഒഎസ് അവസാനിപ്പിച്ചതിന് പിന്നാലെ വൺപ്ലസും ഒപ്പോയും തങ്ങളുടെ സോഫ്റ്റ്‌വെയർ കോഡ്‌ബേസ് സംയോജിപ്പിച്ചിരുന്നു. റിയൽമി യുഐയും കളർ ഒഎസിന്റെ അതേ കോഡ്‌ബേസിലാണ് വികസിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് ഇന്ത്യയിലും ചൈനയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം, റിയൽമി ചൈനയിലെ പ്രവർത്തനം ചുരുക്കി മറ്റ് ആഗോള വിപണികളിൽ കൂടുതൽ ശ്രദ്ധ നൽകാനും സാധ്യതയുണ്ട്. ഇന്ത്യയിൽ വൺപ്ലസിന്റെ വിൽപ്പനാനന്തര സേവനങ്ങളും ഭാവിയിൽ ഒപ്പോയുടെ സർവീസ് നെറ്റ്‌വർക്കിന് കീഴിലാക്കുമെന്നും, സ്വതന്ത്ര വൺപ്ലസ് സർവീസ് സെന്ററുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചില റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ റിയൽമിയെ ഒപ്പോയുടെ ഒരു സീരീസായി മാറ്റാനും വൺപ്ലസിനെ ഓൺലൈൻ വിപണിയെ കേന്ദ്രീകരിച്ച ബ്രാൻഡായി നിലനിർത്താനുമാണ് കമ്പനിയുടെ നീക്കം. യൂറോപ്പിലെ ജർമനി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ വൺപ്ലസ് വെബ്സൈറ്റുകളിൽ ഒപ്പോ ഉൽപ്പന്നങ്ങൾ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഈ വിവരങ്ങളെക്കുറിച്ച് വൺപ്ലസോ റിയൽമിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ നിലവിൽ ഇത് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിവരമായി മാത്രമാണ് പരിഗണിക്കേണ്ടത്.