ചൈനീസ് വിപണിയിൽ iQOO Z11i എന്ന പുതിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 6,500 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും, 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും, സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറുമാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ. മികച്ച ബാറ്ററി ബാക്കപ്പും ദൈനംദിന ഉപയോഗത്തിനുള്ള പ്രകടനവുമാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്.

ചൈനീസ് സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ iQOO സ്‍മാർട്ട്ഫോൺ വിപണിയിൽ പുതിയ മിഡ്-റേഞ്ച് മോഡൽ അവതരിപ്പിച്ചു. കമ്പനിയുടെ Z11 സീരീസിലെ ഏറ്റവും പുതിയ സ്‍മാർട്ട്ഫോണായ iQOO Z11iയാണ് ചൈനയിൽ അവതരിപ്പിച്ചത്. വലിയ ബാറ്ററി, 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, സ്‍നാപ്‍ഡ്രാഗൺ 4 ജെൻ 2 പ്രോസസർ എന്നിവയുമായി എത്തിയിരിക്കുന്ന ഫോൺ, മികച്ച ബാറ്ററി ബാക്കപ്പും ദൈനംദിന ഉപയോഗത്തിനുള്ള സ്ഥിരതയാർന്ന പെഞഫമൻസും ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്‍പെസിഫിക്കേഷനുകൾ

6.74 ഇഞ്ച് വലുപ്പമുള്ള എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീൻ കൂടുതൽ സുഗമമായ സ്‌ക്രോളിങ്ങും മികച്ച ദൃശ്യാനുഭവവും ഉറപ്പാക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 8 ജിബി വരെ എൽപിഡിഡിആർ4എക്സ് റാമും 256 ജിബി വരെ യുഎഫ്എസ് 3.1 ഇന്റേണൽ സ്റ്റോറേജും ലഭ്യമാണ്. സുരക്ഷയ്ക്കായി വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സംവിധാനവും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോഗ്രഫിക്കായി 13 മെഗാപിക്സൽ പിൻ ക്യാമറയാണ് നൽകിയിരിക്കുന്നത്. എൽഇഡി ഫ്ലാഷും ഓട്ടോഫോക്കസും ക്യാമറയ്ക്ക് പിന്തുണയുണ്ട്. മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഒരുക്കിയിട്ടുണ്ട്. 1080പി നിലവാരത്തിൽ വരെ വീഡിയോ റെക്കോർഡ് ചെയ്യാനും ഫോണിന് കഴിയും.

6,500 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 15 വാട്ട് വയർഡ് ചാർജിങ് പിന്തുണയ്ക്കുന്നു. ഒറ്റ ചാർജിൽ 25.3 ദിവസം വരെ സ്റ്റാൻഡ്ബൈ സമയവും 21 മണിക്കൂർ വരെ ടോക്ക് ടൈമും ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

5ജി, 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ക്യുസെഡ്എസ്എസ് എന്നിവ ഉൾപ്പെടെയുള്ള കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിലുണ്ട്. കൂടാതെ ഐആർ ബ്ലാസ്റ്റർ, ഐപി65 നിലവാരത്തിലുള്ള പൊടി-ജല പ്രതിരോധം, എസ്‍ജിഎസ് ഫൈവ്-സ്റ്റാർ ഡ്രോപ്പ്-ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്.

വിലയുടെ കാര്യത്തിൽ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 1,299 യുവാനും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 1,499 യുവാനും, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 1,699 യുവാനുമാണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 18,000 രൂപ മുതൽ 24,000 രൂപ വരെയാണ്. നിലവിൽ ചൈനയിൽ മാത്രമാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്. മറ്റ് വിപണികളിലെ ലോഞ്ചിനെക്കുറിച്ച് കമ്പനി ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.