
വൻ ബാറ്ററി ശേഷിയുമായി പുതിയ സ്‍മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ഒപ്പോ. കമ്പനി ഒപ്പോ എ7 പ്രോ മാക്‌സ് സ്മാർട്ട്ഫോണിന്റെ ആദ്യ ഔദ്യോഗിക ടീസർ പുറത്തുവിട്ടു. 10,000 എംഎഎച്ച് ബാറ്ററിയുമായി എത്തുന്ന ഫോണിന്റെ പിൻഭാഗ ഡിസൈനും ടീസറിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് വിപണിയിലാണ് ഫോൺ ആദ്യം അവതരിപ്പിക്കുക. ലോഞ്ച് തീയതിയോ പൂർണ സാങ്കേതിക വിവരങ്ങളോ ഒപ്പോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം സ്‌നാപ്ഡ്രാഗൺ 4 ജെൻ 5 ചിപ്‌സെറ്റ്, 120 ഹെർട്സ് ഒഎൽഇഡി ഡിസ്പ്ലേ, 80 വാട്ട് ഫാസ്റ്റ് ചാർജിങ്, ഡ്യുവൽ റിയർ ക്യാമറ സംവിധാനം തുടങ്ങിയ സവിശേഷതകളോടെയായിരിക്കും ഫോൺ എത്തുക.
ഒപ്പോ ചൈനയുടെ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ വെയ്‌ബോയിലൂടെയാണ് എ7 പ്രോ മാക്‌സിന്റെ ആദ്യ ടീസർ പങ്കുവെച്ചത്. ഫോണിൽ 10,000 എംഎഎച്ച് ശേഷിയുള്ള സിംഗിൾ സെൽ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ബാറ്ററിയുടെ സാധാരണ ശേഷി 10,000 എംഎഎച്ചും, റേറ്റഡ് ശേഷി 9,700 എംഎഎച്ചുമാണെന്നാണ് ടീസറിൽ പറയുന്നത്. പരീക്ഷണങ്ങളിൽ 1,500 തവണ ചാർജ് ചെയ്ത ശേഷവും ബാറ്ററിക്ക് കുറഞ്ഞത് 80 ശതമാനം ശേഷി നിലനിർത്താൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
ടീസർ ചിത്രത്തിൽ ഇളം നീല നിറത്തിലുള്ള ഒപ്പോ എ7 പ്രോ മാക്‌സാണ് കാണിച്ചിരിക്കുന്നത്. ഫോണിന്‍റെ പിൻഭാഗത്ത് അൽപ്പം ഉയർന്ന ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് നൽകിയിരിക്കുന്നത്. ഇടത് വശത്ത് ലംബമായി രണ്ട് വലിയ ക്യാമറ റിംഗുകളും അതിനൊപ്പം രണ്ട് ചെറിയ വൃത്താകൃതിയിലുള്ള ഭാഗങ്ങളും കാണാം. വലത് വശത്ത് പ്രത്യേകമായി എൽഇഡി ഫ്ലാഷും "പവർ ഫ്ലാഷ്" എന്ന അടയാളപ്പെടുത്തലും നൽകിയിട്ടുണ്ട്. ഫോണിന്‍റെ വലത് വശത്ത് പവർ ബട്ടണും വോള്യം കീകളും സ്ഥാനം പിടിച്ചിരിക്കുന്നു.
ഒപ്പോ എ7 പ്രോ മാക്‌സിന്റെ പ്രീ-ഓർഡർ ചൈനയിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒപ്പോ ചൈന ഓൺലൈൻ സ്റ്റോർ, ടിമാൾ, ജെഡി ഡോട്ട് കോം, ഡൗയിൻ, കുവായ്‌ഷോ, പിൻഡുവോഡുവോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് മുൻകൂർ ബുക്കിങ് സ്വീകരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 6.78 ഇഞ്ച് ഫ്ലാറ്റ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 1.5കെ റെസല്യൂഷൻ, 120 ഹെർട്‍സ് റിഫ്രഷ് റേറ്റ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ലഭിച്ചേക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ആയിരിക്കും ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.
ഗീക്ക്ബെഞ്ച് പട്ടികയിൽ ഫോൺ സ്‌നാപ്ഡ്രാഗൺ 4 ജെൻ 5 ചിപ്‌സെറ്റുമായി പ്രത്യക്ഷപ്പെട്ടിരുന്നു. 12 ജിബി റാം വേരിയന്റും ലഭ്യമാകുമെന്നാണ് സൂചന. പരമാവധി 12 ജിബി റാം, 512 ജിബി സ്റ്റോറേജ് എന്നിവയുള്ള പതിപ്പ് വിപണിയിൽ എത്തിയേക്കും. ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സൽ പ്രധാന പിൻ ക്യാമറയ്ക്കൊപ്പം 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും, മുൻവശത്ത് 50 മെഗാപിക്സൽ സെൽഫി ക്യാമറയും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 80 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയെത്തുന്ന ഫോണിന് 8.47 മില്ലീമീറ്റർ കനവും 226 ഗ്രാം ഭാരവുമുണ്ടാകുമെന്നും സൂചനയുണ്ട്.